രവി മോഹനും ഗായിക കെനിഷ ഫ്രാൻസിസും പൊതുവേദിയിൽ ഒരുമിച്ച് എത്തിയതിന് പിന്നാലെ ഭാര്യ ആർതി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
കഴിഞ്ഞ ഒരുവർഷമായി ഞാൻ നിശബ്ദത പാലിക്കുകയായിരുന്നു. അത് ബലഹീനത കൊണ്ടല്ല . എന്റെ മക്കളുടെ സമാധാനം ഒാർത്ത് മിണ്ടാതെയിരുന്നതാണ്. കുറെയേറെ വിമർശനങ്ങളും പരിഹാസവും കേൾക്കേണ്ടിവന്നിട്ടുണ്ട്. കുറ്റപ്പെടുത്തിയപ്പോഴും ഞാൻ കേട്ടിരുന്നു. സത്യം പറയാൻ ഭയമില്ലായിരുന്നു. മാതാപിതാക്കളിൽനിന്നും ഒരാളെ തിരഞ്ഞെടുക്കേണ്ട അവസ്ഥ എന്റെ മക്കൾക്ക് വരരുതെന്ന് കരുതിയായിരുന്നു അത്. ഡിവോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുയാണ്. 18 വർഷമായി സ്നേഹിച്ച് വിശ്വാസത്തോടെ കൂടെ നിന്ന മനുഷ്യൻ ഇപ്പോൾ സ്വന്തം ഉത്തരവാദിത്വങ്ങൾപോലും പാലിക്കുന്നില്ല. പല കാര്യങ്ങളും ചെയ്യുമെന്ന് വാക്കുതന്നതാണ്. മക്കളുടെ കാര്യങ്ങൾവരെ എല്ലാം ഞാനാണ് നോക്കുന്നത്. മക്കളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാറുള്ള അദ്ദേഹം അവരുടെ കാര്യങ്ങൾപോലും നോക്കുന്നില്ല.
താമസിക്കുന്ന വീട്ടിൽ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണ് .അയാളുടെ നിർദ്ദേശപ്രകാരമാണ് ബാങ്കുകാർ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്.
അത്യാർത്തിയുള്ള ആളായിരുന്നു ഞാനെങ്കിൽ ഇങ്ങനെ സംഭവിക്കുമോ എന്നും എന്നെക്കുറിച്ച് പറയുന്ന പ്രധാന ആരോപണങ്ങളിലൊന്നാണത്. വിശ്വാസവും സ്നേഹവുമാണ് എല്ലാത്തിലും വലുതെന്ന് വിശ്വസിച്ച ആളാണ് ഞാൻ.
അദ്ദേഹത്തെ സ്നേഹിച്ചതിൽ എനിക്ക് കുറ്റബോധമൊന്നുമില്ല. 14, 10 വയസുള്ള മക്കളാണ് ഞങ്ങളുടേത്. മെച്ചപ്പെട്ടൊരു ജീവിതനിലവാരമായിരിക്കണം അവരുടേത് എന്നതിൽ നിർബന്ധമുണ്ട് . നിയമപരമായ കാര്യങ്ങളെക്കുറിച്ചൊന്നും അവർക്ക് അറിയില്ല. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയാൻ അവർക്ക് പറ്റും.
വിളിച്ചാൽ എടുക്കാത്തതും കാണാൻ വരാത്തതുമെല്ലാം അവരും മനസിലാക്കുന്നുണ്ട്. എനിക്ക് അയയ്ക്കുന്ന സന്ദേശങ്ങളെല്ലാം അവരും കാണുന്നുണ്ട്. അതൊക്കെ അവരുടെ മനസിലെ മുറിവുകളാണ്. മക്കളുടെ നല്ലത് മാത്രം ആഗ്രഹിക്കുന്ന അമ്മ. അങ്ങനെയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്.
അച്ഛൻ എന്നത് മായ്ച്ച് കളയാൻ പറ്റുന്ന പേരോ ബന്ധമോ അല്ല അതൊരു ഉത്തരവാദിത്വം കൂടിയാണ്. ഇപ്പോഴും അവർ നിങ്ങളെ വിളിക്കുന്നത് അപ്പ എന്ന് തന്നെയാണ്. നിയമപരമായി ഡിവോഴ്സ് അനുവദിക്കുന്നത് വരെ പേരിനാെപ്പം രവിയും കാണും.
നിയമനടപടികൾ നടക്കുകയാണല്ലോ. എന്നെ മുൻ ഭാര്യയെന്ന് സംബോധന ചെയ്യരുതെന്നാണ് മാധ്യമങ്ങളോട് പറയാനുള്ളത്. മക്കൾക്കുവേണ്ടി ഇത്രയും പറഞ്ഞതെന്ന് ആർതി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |