ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സാ സഹായങ്ങൾക്കും പുനരധിവാസത്തിനും അവരുടെ അമ്മമാരുടെ ഉന്നമനത്തിനുമായി ജീവിതം മാറ്റിവച്ച തിരുവനന്തപുരം പേയാട് സ്വദേശിനി ഷീജയുടെ കഥ, ജീവകാരുണ്യരംഗത്തെ നിസ്വാർത്ഥതയുടെ കഥ മാത്രമല്ല. ഭിന്നശേഷിക്കാരിയായ സ്വന്തം മകളുടെ വേദന അമ്മയുടെ നെഞ്ചിലെ നീറ്റലായപ്പോൾ, അതിൽനിന്നു പിറവിയെടുത്ത നിശ്ചയദാർഢ്യത്തിൽ തളിരിട്ട 'സ്നേഹസാന്ദ്രം" എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ വിജയചരിത്രം കൂടിയാണ് അത്.
തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗത്തെ തുടർന്ന് നൂറുശതമാനം വൈകല്യത്തോടെയായിരുന്നു ഷീജയുടെ ഏകമകൾ സാന്ദ്രയുടെ ജനനം. ചെറുപ്രായത്തിൽത്തന്നെ വിവാഹിതയായ ഷീജയ്ക്ക് ഇങ്ങനെയാരു കുട്ടിയെ എങ്ങനെ പരിപാലിക്കുമെന്നോ വളർത്തുമെന്നോ പോലും അറിയില്ലായിരുന്നു. മകളുടെ ചികിത്സയ്ക്കായി നിരന്തരം ആശുപത്രികളിൽ പോകേണ്ടിവന്നപ്പോഴാണ്, മരുന്നിനോ ആഹാരത്തിനോ പോലും നിവൃത്തിയില്ലാത്ത കുട്ടികളെയും അവരുടെ നിസഹായരായ അമ്മമാരെയും കണ്ടത്.
അതൊരു മുറിവായി മനസിനെ നോവിച്ചപ്പോൾ സുഹൃത്തുക്കൾ വഴി ആ നിസഹായ കുടുംബങ്ങളുടെ അടിയന്തരാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു. സ്വന്തം ജീവിതത്തിലെ ദുർവിധിയുടെ വിളയാട്ടത്തെക്കുറിച്ചോർത്ത് കണ്ണീരൊഴുക്കി വീട്ടിൽ ഒതുങ്ങുകയല്ല, നിരാലംബരായ ഭിന്നശേഷി കുഞ്ഞുങ്ങളുടെ അരികിലേക്ക് സഹായവും ആശ്വാസവുമായി ഇറങ്ങിച്ചെല്ലാനായിരുന്നു ഷീജയുടെ തീരുമാനം. തെരുവിൽ വിശന്ന വയറുകൾക്ക് ഭക്ഷണമെത്തിക്കാനും, ആദിവാസി, വനമേഖലകളിലെ നിർദ്ധനർക്ക് കരുതലാകാനും ഷീജ സ്വന്തം ജീവിതം മാറ്റിവച്ചു.
പ്രളയമുണ്ടായപ്പോൾ നിർദ്ധന കുടുംബങ്ങൾക്കും തെരുവിൽ അലഞ്ഞുനടക്കുന്നവർക്കും ആഹാരവും മരുന്നും എത്തിച്ചുകൊടുക്കാനും, സുരക്ഷിതമായ വാസസ്ഥലം ഒരുക്കിക്കൊടുക്കാനും ഷീജ മുന്നിൽ നിന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സഹായങ്ങൾ നൽകി. കൊവിഡ് ലോക്‌ഡൗൺ സമയത്ത് തെരുവിലെ നിരാലംബരായ മുന്നൂറിൽപ്പരം ആളുകൾക്കാണ് ഷീജ പതിവായി ഭക്ഷണമെത്തിച്ചത്. പിന്നീട് അവരുടെ പുനരധിവാസത്തിനും തൊഴിലിനും വേണ്ട സാഹചര്യങ്ങളും പരിശീലനവും ഒരുക്കി നൽകുകയും ചെയ്‌തു.
തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളേജ് തുടങ്ങി വിവിധ ആശുപത്രികളിൽ രോഗികൾക്കായി രക്തദാതാക്കളെ എത്തിച്ചുകൊടുക്കുകയും, രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവത്‌കരണ ക്ളാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടന്ന തന്റെ ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കും അമ്മമാർക്കുമായി സമർപ്പിച്ചുകൊണ്ടാണ് മകളുടെ പേരു കൂടി ചേർത്ത്, 2021-ൽ ഷീജ 'സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്"രൂപം നൽകിയത്.
സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ മാത്രം അംഗങ്ങളായുള്ള ഈ പ്രസ്ഥാനം ഇന്ന് നിരവധി ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് തണലായി തുടരുന്നു. മരുന്നുകൾ, വസ്‌ത്രങ്ങൾ, ഭക്ഷണകിറ്റ്, വീൽചെയർ, എയർ ബെഡ്, നെബുലൈസർ, ചികിത്സാ ധനസഹായം തുടങ്ങി കരുതലിന്റെ കൈത്താങ്ങായി ട്രസ്‌റ്റിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. വാടകവീട്ടിലിരുന്ന് തയ്യൽ ജോലികൾ ഉൾപ്പെടെ ചെയ്തു കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചും, സുമനസുകളിൽ നിന്നും സംഘടനകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ സ്വീകരിച്ചുമാണ് ട്രസ്റ്റിന്റെ പ്രവർത്തനം.
ഇന്ന് തിരുവനന്തപുരം ജില്ലയിലെ ഇരുനൂറിൽപ്പരം ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ തണലാകാൻ ഷീജയ്ക്കും ട്രസ്റ്റിനും കഴിയുന്നു. വിളപ്പിൽശാലയിലെ ഒരു വ്യക്തി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 20 സെന്റ് ഭൂമി സമ്മാനിച്ചു; മറ്റൊരാളുടെ സഹായത്താൽ ട്രസ്റ്റിന്റെ പേരിൽ ഒരു വാഹനവും സ്വന്തമായി. ദാനമായി കിട്ടിയ ഭൂമിയിൽ ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും വിശാലമായ സ്നേഹത്തണൽ ഒരുക്കുവാൻ സുമനസുകളുടെ സഹായം തേടുകയാണിപ്പോൾ ഷീജ. അമ്മമാർക്ക് പുനരധിവാസകേന്ദ്രം എന്ന നിലയിൽ തൊഴിൽ പരിശീലനങ്ങൾ, വരുമാനദായക തൊഴിൽ സംരംഭങ്ങൾ, ഡയപ്പർ യൂണിറ്റ്, ഹെൽത്ത് ക്ളിനിക് തുടങ്ങിയവ ഉൾപ്പെടുത്തി ഒരു ആസ്ഥാനമന്ദിരം നിർമ്മിക്കുവാനുള്ള ദൃഢനിശ്ചയത്തിലാണ് ഷീജയും സഹപ്രവർത്തകരും.
ഭിന്നശേഷി മേഖലയിലെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇതിനിടെ ഗാന്ധിദർശൻ അവാർഡ്, വനിതാരത്ന പുരസ്കാരം, ഹ്യുമൻ റൈറ്റ്സ് ഫൗണ്ടേഷൻ അവാർഡ്, ബി.എസ്.എസ് ദേശീയ പുരസ്കാരം, വൈ.എം.സി.എ അവാർഡ് എന്നിവയും ഷീജയെ തേടിയെത്തി. ഷീജയാണ് ട്രസ്റ്റ് സെക്രട്ടറി. ശ്രീലേഖ സജികുമാർ ട്രസ്റ്റിന്റെ പ്രസിഡന്റും സംഗീത ജയകുമാർ ട്രഷററുമാണ്. (ഫോൺ: 80759 76005).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |