SignIn
Kerala Kaumudi Online
Saturday, 26 July 2025 10.13 AM IST

ശാരദാപ്രതിഷ്ഠാ വാർഷികത്തിനും ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിനും ഇന്ന് സമാപനം, മീനായതും ഭവതി മാനായതും ജനനി...

Increase Font Size Decrease Font Size Print Page

a

അറിവിന്റെ അധിദേവതയായ ശ്രീ ശാരദാംബയെ ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ പ്രതിഷ്ഠിച്ചത് 1912 മേടമാസത്തിലെ ചിത്തിര പൗർണമി ദിനത്തിലാണ്. ഓരോരുത്തരും 'മഹത്താം അറിവിൽ അമർന്ന് അതുമാത്രമായിടേണം" എന്ന ഗുരുവിന്റെ ഉപദേശത്തിന്റെ സാക്ഷത്കാരമാണ് ശ്രീശാരദാ പ്രതിഷ്ഠ. ദാർശനിക ഗരിമകൊണ്ട് ഉയർന്നുനിൽക്കുന്ന ശ്രീശാരദാ സന്നിധി ലാളിത്യമിയന്നതായിരിക്കുവാൻ കൂടി ഗുരു പ്രത്യേകം ശ്രദ്ധിച്ചു. ശുദ്ധിക്ക് പരമപ്രാധാന്യം കൊടുത്തുകൊണ്ട് ഇവിടെ അഭിഷേകവും നിവേദ്യവും ഒഴിവാക്കിയിരിക്കുന്നു. എട്ടു പട്ടങ്ങളായി നിർമ്മിച്ച ശാരദാമഠത്തിന് നീലവർണ ചില്ലുജനാലകൾ അഴകു ചേർക്കുന്നു. നീലവർണ കണ്ണാടിയിലൂടെ ദേവിയുടെ തിരുവിഗ്രഹത്തിൽ സൂര്യരശ്മി പതിക്കുമ്പോൾ സ്വർണനിറമുള്ള ദേവീവിഗ്രഹം ഭൂരിശോഭയാർന്ന് ഉജ്ജ്വലിക്കുന്നതു കാണാം.

വെള്ളിത്താമരയിൽ പത്മാസനസ്ഥിതയായി പശ്ചിമാഭിമുഖമായി ഇരുന്നരുളുന്ന ശാരദാദേവിക്ക് നാലു തൃക്കരങ്ങളാണുള്ളത്. ഓരോ കരങ്ങളിലായി, അറിവുണർത്തുന്ന ചിന്മുദ്ര, ശാരികപ്പക്ഷി, അമൃതകുംഭം, വേദഗ്രന്ഥം എന്നിവ ധരിച്ചിരിക്കുന്ന ദേവി സ്വാതികമാർന്ന പുഞ്ചിരിയോടെ ഭക്തസമൂഹത്തെ അനുഗ്രഹിക്കുന്നു. മനോഹരമായ അരമതിലിനുള്ളിൽ പഞ്ചാരമണൽ വിരിച്ചിരിക്കുന്നത് കളങ്കമില്ലാത്ത ഹൃദയവിശുദ്ധിയെ കാണിക്കുന്നു. അദ്ധ്യാത്മനിഷ്ഠവും സംഭവബഹുലവുമായ ഗുരുദേവ ചരിത്രത്തിലെ ഏറ്റവും പ്രസക്തിയേറിയ ശാരദാപ്രതിഷ്ഠാ മഹാമഹം മഹാകവി കുമാരനാശാൻ വർണിക്കുന്നത് നോക്കുക:

'മേടം 18-ാം തീയതി മുതൽ 21-ാം തീയതി വരെ ശിവഗിരിയിൽ നടന്ന ആഘോഷങ്ങളെപ്പറ്റി പറഞ്ഞറിയിക്കാൻ പ്രയാസം. വിജനമായ ആ പ്രദേശം ഒരു പട്ടണമായിത്തീർന്നു. മലവെള്ളംപോലെ വന്നു കൂടിയ ജനപ്രവാഹംകൊണ്ട് ആ പ്രദേശം മുഴുവനും നിറഞ്ഞു. ജനങ്ങളുടെ തിക്കും തിരക്കും അവർണനീയമായിരുന്നു. ശിവഗിരിക്കുന്നിന്മേൽ യോഗം കൂടുന്നതിനായി ഒരുക്കിയിരുന്ന ഉന്നതവും അതിവിശാലവുമായ പന്തലിന്റെ നിലയും അതിന്റെ മുഖവും മുതൽ കുന്നിന്റെ അടിവാരത്തുള്ള ശാരദാക്ഷേത്രം വരെയും നാനാവർണ വിചിത്രങ്ങളായ കൊടിക്കൂറകൾ ആകാശത്തിൽ പാറികൊണ്ടിരിക്കുന്ന ഭംഗിയും,​ വിടർത്തിപ്പിടിച്ച മുത്തുക്കുടകളുടെ പ്രൗഢിയും ഭംഗിയുമെല്ലാം കണ്ടവർക്ക് വിസ്മരിക്കാൻ കഴിയുന്നതല്ല..."


ശാരദാ ദേവിയുടെ വിഗ്രഹം വാർത്തത് തിരുവനന്തപുരം പേട്ടയിലുള്ള തോപ്പിൽ ഭവനത്തിൽ വച്ചായിരുന്നു. ആദ്യം വാർത്ത ശാരദാവിഗ്രഹം ഗുരുദേവന് പൂർണതൃപ്തി തോന്നായ്കയാൽ ഉടച്ചു വാർക്കേണ്ടിവന്നു. ശില്പിയാകട്ടെ,​ ഭക്ഷണം തനിയെ പാകംചെയ്തു ഭക്ഷിച്ച് വ്രതശുദ്ധിയോടെ കഴിഞ്ഞ് പ്രാർത്ഥനാ നിർഭരമായ മനസോടുകൂടി വിഗ്രഹം വാർത്തപ്പോൾ ഗുരുദേവന്റെ മനസിന് പ്രീതികരമാകും വിധത്തിൽ ഒത്തിണങ്ങിയ ശാരദാവിഗ്രഹം രൂപമാർന്നു. ഗുരുദേവന്റെ പ്രഥമശിഷ്യനായ ശിവലിംഗദാസ സ്വാമികൾ, ശാന്തലിംഗ സ്വാമികൾ, ചൈതന്യ സ്വാമികൾ തുടങ്ങിയ സന്യാസി ശിഷ്യന്മാർ പ്രതിഷ്ഠാ മഹോത്സവത്തിന് ഗുരുവിന്റെ തൃക്കരങ്ങളായി പ്രവർത്തിച്ചു. വൈദിക കാര്യങ്ങൾ ചെയ്യുന്നതിന് ശ്രീ ശങ്കരൻ പരദേശി സ്വാമികൾ മുഖ്യ പങ്കു വഹിച്ചു.

ഡോ. പല്പു പ്രസിഡന്റായും കുമാരനാശാൻ സെക്രട്ടറിയായും മറ്റ് യോഗനേതാക്കളും വർക്കലയിലെ പൗരപ്രമുഖരും അടങ്ങിയ കമ്മിറ്റി എത്രയും ഉത്സുകരായി പ്രവർത്തിച്ചു. പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും വിനോദ കലാമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം,​ നൂറു വർഷങ്ങൾക്കു മുമ്പ് ഗുരു സംഘടിപ്പിച്ച ഈ പ്രതിഷ്ഠാചടങ്ങിൽ കായിക മത്സരങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നു എന്നതാണ്. ഒരു പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമായി സ്പോർട്സ് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആധുനിക യുഗത്തിൽ ജീവിക്കുന്ന നാം പോലും ചിന്തിച്ചിട്ടില്ല! നൂറുവർഷം മുമ്പ് ഗുരു ഇത് നടപ്പിലാക്കിയെന്ന് ഓർക്കുമ്പോൾ,​ വരുന്ന യുഗത്തെ മുന്നിൽക്കണ്ട് ഗുരു എത്ര ആധുനികനായി ചിന്തിച്ചു പ്രവർത്തിച്ചു എന്ന് നാം അത്ഭുതത്തോടെ മനസിലാക്കേണ്ടിയിരിക്കുന്നു.


ശാരദാമഠത്തിലെ പൂജാരിമാരായി,​ എടുത്തു വളർത്തി പഠിപ്പിച്ച പുലയ,​ പറയ വിഭാഗത്തിൽപ്പെട്ട കുട്ടികളെ ഗുരുദേവൻ നിയോഗിച്ചിരുന്നു. ദിവാൻ രാജാഗോപാലാചാരി തുടങ്ങിയ മഹാബ്രാഹ്മണർ അയിത്ത ജാതിയിൽപ്പെട്ട കുട്ടികളിൽ നിന്ന് പ്രസാദം വാങ്ങി പോകുന്നത് അത്ഭുതത്തോടെയാണ് താൻ വിക്ഷിച്ചതെന്ന് മന്നത്ത് പത്മനാഭൻ ആത്മകഥയിൽ എഴുതിട്ടുണ്ട്. നമ്മുടെ രാജ്യം ദർശിച്ച അതിമഹത്തായൊരു ആത്മീയ വിപ്ലവമായിരുന്നുവല്ലോ അത്. പൂജാരിമാരായി മാറിയ ഈ കുട്ടികളുടെ ആഗ്രഹപ്രകാരമാണ് ഗുരുദേവൻ 'ദൈവദശകം"എഴുതിയത് എന്നതും സ്മരണീയമാണ്. രവീന്ദ്രനാഥ ടാഗോർ, മഹാത്മാഗാന്ധി, വിനോബഭാവെ, സി. രാജാഗോപാലാചാരി, ജസ്റ്റിസ് സദാശിവ അയ്യർ തുടങ്ങിയ മഹാനുഭാവന്മാരും സ്വാമി തപോവനം, ചിന്മയാനന്ദ സ്വാമി, രംഗനാഥാനന്ദ സ്വാമി, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാരും ശാരദാമഠം ദർശിച്ച് നിർവൃതരായിട്ടുണ്ട്.


ഈ സ്ഥാപനം നമ്മുടെ ഭാവിശ്രേയസിനുള്ള ശൃംഗേരിയായും ഇവിടെയും എവിടെയുമുള്ള നമ്മുടെ സ്വജനങ്ങൾ ജീവിതത്തിനും ജ്ഞാനത്തിനും പരസ്പരസ്നേഹത്തിനും ആവശ്യമായ വിവിധ വൃത്തികൾക്കു വേണ്ടുന്ന ഈശ്വരാനുഗ്രഹത്തിനും ഉത്കണ്ഠയോടുകൂടി അന്വേഷിച്ചെത്തുന്ന വിശുദ്ധിഗിരിയായും ഭവിക്കുന്നതാണ്. ഈ ശാരദാപ്രതിഷ്ഠയുടെ യഥാർത്ഥ ഗുണം കണ്ടറിയുന്നത് വരാനുള്ള തലമുറകളായിരിക്കും എന്ന ശ്രീ കൃഷ്ണൻ വക്കീലിന്റെ പരാമർശം ഇവിടെ സ്മരണീയമാകുന്നു.


ലോകം ഇരുട്ടിലേക്ക് അഥവാ തിന്മയിലേക്ക് ഗമിക്കുമ്പോൾ അതിനെ തിരിച്ചുപിടിച്ച് നന്മയിലേക്ക് കൊണ്ടുവരുവാൻ അറിവിന്റെ ശക്തിക്ക് സാധിക്കുമെന്നത് തീർച്ചയാണ്. അനന്തമായ അറിവിന്റെ ശക്തിയെ ഗുരു രണ്ടായി തിരിക്കുന്നു. 'സമ" എന്നും 'വിഷമ" എന്നും. ജീവനെ ഏകത്വബോധത്തിലേക്ക് നയിക്കുന്ന അറിവാണ് 'സമ." വിവിധ വിഷയങ്ങളിലേക്ക് ജീവനെ കൊണ്ടുപോയി പലതായി അറിയിക്കുന്ന അറിവിനെ 'വിഷമ ശക്തി" എന്നും പറയുന്നു. സമശക്തി അഥവാ ഏകത്വബോധത്തിലേക്ക് ഉയർത്തുന്ന പരമമായ അറിവായ ജഗത് ജനനിയായ ശാരദാംബയെ ദർശിച്ചുകൊണ്ട് ശ്രീനാരായണ ഗുരുദേവൻ രചിച്ച കൃതിയാണ് 'ജനനീ നവരത്നമഞ്ജരി." ഇന്ന് ശാരദാമഠം നിൽക്കുന്ന പ്രത്യേക സ്ഥലത്തുവച്ചാണ് ഗുരുവിന്റെ മനോമണ്ഡലത്തിൽനിന്ന് ഈ കൃതി ആവിർഭവിച്ചത്. അപ്പോൾ തൊട്ടടുത്ത് ഉണ്ടായിരുന്ന സുഗുണാനന്ദഗിരി സ്വാമികൾക്കാണ് ഇത് എഴുതിയെടുക്കുവാൻ ഭാഗ്യമുണ്ടായത്.

ജനനിക്കു സമർപ്പിക്കുന്ന നവരത്നങ്ങൾ അടങ്ങിയ പൂങ്കുല എന്ന അർത്ഥത്തിലാണ് ഇതിന്റെ രചന. കാവ്യദേവത നൃത്തമാടുന്ന ഈ കൃതിയിൽ ജ്ഞാനവും ഭക്തിയും യോഗവും എല്ലാം അത്ഭുതകരമായി സമന്വയിച്ചിരിക്കുന്നു. വേദാഗമസാരങ്ങളറിഞ്ഞ ഒരു മഹാഗുരുവിനു മാത്രമേ ഇത് രചിക്കുവാൻ സാധിക്കുകയുള്ളൂ. അഹംബോധത്തെ മഹാബോധവുമായി ഏകീഭവിക്കുവാനുള്ള പ്രാർത്ഥനയാണ് ഈ കൃതിയിലുള്ളത്.


ഒന്നായ മഹാബോധത്തിൽ നിന്ന് ത്രിപുടിയില്ലാതെ അണയുന്നതിനു വേണ്ടി ജനനിയെ സമാശ്രയിക്കുന്നു. ഈ പ്രപഞ്ചത്തിലെ സമസ്ത ചരാചരങ്ങളെയും ജനനിയായി ബോധിച്ച് സാധകൻ ഇതിനെയെല്ലാം അറിയുന്ന ഞാനായിരിക്കുന്നതും ജനനി തന്നെയാണെന്ന മഹത്തായ അറിവിലേക്ക് ഉയരുകയാണ്. ആ ഉയർച്ചയിൽ നിന്ന് നോക്കുമ്പോൾ 'അഹോ നാടകം നിഖിലവും!"- ഈ ദൃശ്യപ്രപഞ്ചമാകെ ലീലാമയമായ ഒരു നാടകമായി അനുഭവിക്കുന്നു.

TAGS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.