SignIn
Kerala Kaumudi Online
Saturday, 26 July 2025 10.08 AM IST

വ്യാപാരയുദ്ധത്തിനിടയിൽ ഇന്ത്യയ്ക്കു കിട്ടിയ ആപ്പിൾ

Increase Font Size Decrease Font Size Print Page
a

തിരഞ്ഞെടുപ്പിന്റെ പ്രചാരണം പദ്യത്തിലും,​ അതു കഴിഞ്ഞുള്ള ഭരണം ഗദ്യത്തിലുമാണെന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ഒരു നിരീക്ഷണമാണ്. എന്നാൽ ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ ഇലക്ഷൻ ക്യാമ്പയിൻ പോലെതന്നെ ഭരണനിർവഹണവും പദ്യത്തിന്റെ വഴിഴേ പോയതാണ് ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന അനിശ്ചിതത്വത്തിന്റെയും മറ്റു കുഴപ്പങ്ങളുടെയും ഒരു പ്രധാന കാരണം.

തിരഞ്ഞെടുപ്പ് പ്രവർത്തന വേളയിൽ അമേരിക്കക്കാർ കേൾക്കാൻ കൊതിച്ച വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ട്രംപിന്റെ ഭരണം നൂറു ദിനം പിന്നിടുമ്പോൾ ഇമ്പമേറിയ ആ ശപഥങ്ങളുടെ നിർവഹണ പാതയിലൂടെയാണ് അതിവേഗം കുതിക്കുന്നത്. അനധികൃത കുടിയേറ്റക്കാരിൽ ഏകദേശം 1,39,000 പേരെ ഇതിനകം നാടുകടത്തി,​ അധികമെന്ന് പറയപ്പെടുന്ന സർക്കാർ ജീവനക്കാരിൽ ഒരു ലക്ഷത്തോളം പേർ ഇതിനകം പിരിച്ചു വിടപ്പെടുകയോ സ്വയം വിമരമിക്കുകയോ ചെയ്തു,​ അന്യരാജ്യ യുദ്ധങ്ങൾക്കുള്ള സഹായസഹകരണങ്ങൾ റദ്ദാക്കി,​ സഖ്യരാജ്യങ്ങൾക്കുള്ള സുരക്ഷിതത്വ ചുമതലകളിൽ നിന്ന് പിന്മാറി,​ ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവയിൽ നിന്ന് പുറത്തുപോയി... ഇങ്ങനെ പോകുന്നു വാക്കു പാലിക്കപ്പെട്ട കർമ്മങ്ങളുടെ നീണ്ടനിര .

എന്നാൽ, ഇവയിൽ ലോകമെമ്പാടും പ്രഹരശേഷിയുള്ള ചുങ്ക- ബോംബ് വർഷമാണ് ആഗോള സമ്പദ്ഘടനയെ വിറപ്പിച്ചിരിക്കുന്ന ട്രംപിന്റെ നടപടി. ഇത് പ്രശ്നഭരിതമായതുകൊണ്ടുതന്നെ ഐ.എം.എഫ് വരുംവർഷത്തേക്കുള്ള വളർച്ചാ നിരക്ക് വെട്ടിച്ചുരുക്കുവാൻ നിർബന്ധിതമായിരിക്കുന്നു ആഗോളവളർച്ച നേരത്തെ കണക്കാക്കിയിരുന്ന 3.3 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി താഴും. അമേരിക്കൻ നടപടികൾ ആ രാജ്യത്തിനും വിനയാകുമെന്ന പ്രവചനവും ഫലിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ആദ്യമായി സാമ്പത്തിക വളർച്ച പിന്നോട്ടാകുന്ന സ്ഥിതിയാണ് ഇപ്പോൾ. ഇക്കഴിഞ്ഞ ജനുവരി - മാർച്ച് കാലയളവിൽ അമേരിക്കയുടെ ജി.ഡി.പി 0.3 ശതമാനംകണ്ട് ഇടിഞ്ഞുവെന്നാണ് കണക്ക്. ഇന്ത്യയുടെ വളർച്ചാ നിരക്കും 6 .5 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി വെട്ടിച്ചുരുക്കിയിരിക്കുന്നു.

അമേരിക്ക തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന്റെ കെടുതികൾ ഇന്ത്യയ്ക്കും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെങ്കിലും അതിനിടയിൽ ചില അവസരങ്ങൾ നമുക്ക് തുറന്നു കിട്ടുന്നതും ശ്രദ്ധേയമാകുന്നു. വിദേശ വ്യാപാരത്തിൽ ആദ്യം അമേരിക്ക ചെയ്തത് മറ്റു രാജ്യങ്ങളുടെ ഇറക്കുമതികളിൾക്കു മേൽ ഒരേപോലെ 10 ശതമാനം ചുങ്കം ചുമത്തലായിരുന്നു. പിന്നീട് സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ, ഓട്ടോ പാർട്സ് എന്നിവയ്ക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തി. ഓരോ രാജ്യത്തിനും വെവ്വേറെയുള്ള,​ പകരത്തിനു പകരമുള്ള ചുങ്കവും പ്രഖ്യാപിച്ചു. ഈ ഗണത്തിൽ ഏറ്റവും ഉയർന്ന തീരുവ (145 ശതമാനം) ചുമത്തപ്പെട്ടത് ചൈനയ്ക്കു മേലായിരുന്നു. പകരച്ചുങ്കം നടപ്പിലാക്കുന്നതിന് മറ്റു രാജ്യങ്ങൾക്ക് 90 ദിവസത്തെ അവധി അനുവദിച്ചെങ്കിലും ആ ആനുകൂല്യം ചൈനയ്ക്ക് നൽകിയില്ല.

ചൈനയും ശക്തമായി തിരിച്ചടിച്ചു. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതികളിന്മേൽ 125 ശതമാനം ചുങ്കം ചുമത്തി .ചില അമേരിക്കൻ കമ്പനികളെ നിരോധിച്ചു. അമേരിക്കയ്ക്ക് അവശ്യമായ അപൂർവ ഭൂമൂലകങ്ങളുടെ കയറ്റുമതിയും ചൈന നിറുത്തിവച്ചു. ഇത്തരത്തിൽ, ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നത്, മറ്റൊരു വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ഗുണകരമായിത്തീരുന്നതിന്റെ സൂചനകൾ വരുന്ന സമയമാണിത്. ഇതിൽ ഏറ്റവും പ്രധാന സംഭവം ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിളിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കുതിച്ചുചാട്ടമാണ്.

പ്രീമിയം ഗണത്തിലുള്ള സ്മാർട്ട് ഫോൺ ആയ ഐഫോണിന്റെ അസംബ്ലിംഗ്- നിർമ്മാണ മേഖലയാണ് ആപ്പിളിന്റെ ഇപ്പോഴത്തെ പ്രധാന ഇന്ത്യൻ തട്ടകം. ലോകത്തെ സ്മാർട്ട്ഫോൺ കമ്പോളത്തിൽ രണ്ടാം സ്ഥാനമുള്ള ഇന്ത്യയിലേക്ക് ആപ്പിൾ പ്രവേശിക്കുന്നത് 2017-ൽ രണ്ട് പ്ലാന്റുകൾ തമിഴ്നാട്ടിലും ഒന്ന് കർണാടകയിലും സ്ഥാപിച്ചുകൊണ്ടാണ്. ഉയർന്നുവന്ന ഉത്പാദനത്തിന്റെ നല്ലൊരു പങ്ക് ആദ്യം ഇന്ത്യൻ കമ്പോളത്തിനു വേണ്ടിയായിരുന്നു. പിന്നീടങ്ങോട്ട് ചൈനയും അമേരിക്കയുമായുള്ള ബന്ധം വഷളായിത്തീരാൻ തുടങ്ങിയപ്പോൾ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും ഉയർന്നുവന്നു. ഇന്നിപ്പോൾ ലോകത്ത് ഐഫോൺ ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന അമേരിക്കയുടെ അഞ്ചിൽ ഒന്ന് ഇന്ത്യയിൽ നിന്നും, ബാക്കി ചൈനയിൽ നിന്നുമാണ്.

ആപ്പിളിന്റെ ഐഫോൺ ഉത്പാദന ശൃംഖല ചൈനയിൽ മാത്രമായി കുടുങ്ങിപ്പോയതിന്റെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ ആപ്പിൾ, മറ്റു രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്ലാന്റുകൾ ചൈനയിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനും അവിടങ്ങളിൽ നിന്നുള്ള കയറ്റുമതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും തയ്യാറായി. ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക യുദ്ധം മുറുകിയപ്പോൾ ഈ പ്രവണതയ്ക്ക് ആക്കം വർദ്ധിച്ചു. അമേരിക്കയിലേക്കുള്ള ഐഫോണിന്റെ കയറ്റുമതി ഉത്പാദനം പൂർണമായും ഇന്ത്യയിലേക്കു മാറ്റാനാണ് ആപ്പിളിന്റെ തീരുമാനം. അസംബ്ലിംഗിനൊപ്പം ഘടക സാമഗ്രികളുടെ നിർമ്മാണവും ഇവിടെത്തന്നെയാകും. ഈ മാറ്റം രാജ്യത്തെ നിക്ഷേപവും ഉത്പാദനവും തൊഴിലും കാര്യമായി ഉയർത്തും. ഇക്കഴിഞ്ഞ വർഷം 2200 കോടി ഡോളറിന്റെ ഐഫോൺ ആണ് ഇന്ത്യയിൽ ആപ്പിൾ നിർമ്മിച്ചത്. ഈ വർഷം ഇത് ഇരട്ടിയ്ക്കും മേലേയാകും.

ആഗോള വ്യാപാര വ്യവസ്ഥയെ ഉലയ്ക്കുന്ന ട്രംപിന്റെ നീക്കങ്ങളുടെ ആഘാതം കുറയ്ക്കാനും, അവയെ അവസരമാക്കി മാറ്റാനും ഇന്ത്യയ്ക്ക് കൈവന്ന 'ആപ്പിൾ നിമിഷങ്ങൾ" മറ്റു രംഗങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ആപ്പിളിന്റെ ഇന്ത്യൻ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ ഇടയാക്കിയ ഒരു സർക്കാർ നടപടി 'ഉത്പാദനവുമായി ബന്ധപ്പെട്ടുള്ള ഇൻസെന്റീവ്" എന്ന സ്കീമാണ്. ഇത്തരം പ്രചോദന പദ്ധതികളിലൂടെ രാജ്യത്തെ വിദേശനിക്ഷേപവും ഉത്പാദനവും തൊഴിലും വർദ്ധിപ്പിക്കാവുന്നതാണ്. ആഗോളവത്കരണത്തിന്റെ തലതൊട്ടപ്പനായ അമേരിക്ക അതിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ, ഇന്ത്യ ഇംഗ്ലണ്ട്, യൂറോപ്പ്യൻ യൂണിയൻ തുടങ്ങിയ പ്രദേശങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ഈ വർഷം തന്നെ ഒപ്പുവച്ച് പ്രാവർത്തികമാക്കേണ്ടതുണ്ട്. ലോകത്ത് ഇന്നേവരെ ഒരു രാജ്യവും സ്വന്തം പ്രദേശത്തു മാത്രം ഊന്നിയുള്ള ഒരു വികസന തന്ത്രത്തിലൂടെ വൻ സാമ്പത്തിക ശക്തിയായിട്ടില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും അവിടങ്ങളിൽ നിന്നുള്ള നിക്ഷേപവും വലിയ പങ്കുവഹിച്ചതായാണ് സാമ്പത്തിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അതിനാൽ ആപ്പിൾ മാതൃക നമുക്ക് ശക്തമാക്കേണ്ടതുണ്ട്.

TAGS: PEGATRON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.