'നൂറുകൊല്ലം പിന്നിട്ട ആശാൻ" എന്ന ലേഖനത്തിൽ സുകുമാർ ആഴീക്കോട് പറയുന്നു: 'ആരുടെയും ജന്മദിനാഘോഷത്തിന് വിശേഷിച്ച് ഒരർത്ഥവുമില്ല. എന്നിട്ടും എത്രയോ മനുഷ്യർ ജന്മദിനവും ജന്മശതാബ്ദിയുമൊക്കെ കൊണ്ടാടുന്നു. മരിച്ചുകഴിഞ്ഞതിനു
മൈക്കിനോളം കൃശഗാത്രനായ ആഴീക്കോട് മാഷ് മൈക്കിൽ തൊടുമ്പോൾ ലോകം മാറുന്നു. കാലം ശബ്ദസാഗരമാകുന്നു. കാഴ്ചയും കേൾവിയും ഏകലോക ദർശനത്തിൽ വിലയം പ്രാപിക്കുന്നു. വാക്കുകൾ അഴീക്കോടിനെയുംകൊണ്ട് പറക്കുന്നു. വേദോപനിഷത്തുകളും രാഷ്ടീയവും ചരിത്രവും സമകാലിക സംഭവങ്ങളുമെല്ലാം ഒരേ അച്ചുതണ്ടിൽ നൃത്തമാടുന്നു. ആഴീക്കോടിനു മുമ്പോ ശേഷമോ ഇങ്ങനെയൊരു ലീലാവിലാസം മലയാളികൾ അനുഭവിച്ചിട്ടുണ്ടോ? തീർച്ചയായും ഇല്ല. മലയാളികളെ സാംസ്കാരിക ജീവിതത്തിന്റെ വ്യാകരണം പഠിപ്പിച്ച സുകുമാർ ആഴീക്കോടിന്റെ ജന്മശതാബ്ദി വർഷമാണിത്. 1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ ആഴീക്കോട് ഗ്രാമത്തിൽ ജനിച്ച കെ.ടി. സുകുമാരൻ, സുകുമാർ ആഴീക്കോടായത് ജന്മസിദ്ധമായ മികവുകൊണ്ട് മാത്രമല്ല. നിരന്തരമായ വായനയും പഠനവും മനനവുംകൊണ്ട് മാത്രവുമല്ല. കർമ്മസിദ്ധമായ സുതാര്യതയും ആർജവവും സത്യാഭിമുഖ്യവും കൊണ്ടുകൂടിയാണ്. ഗാന്ധിജിയെ അഗാധമായി സ്നേഹിച്ച അഴീക്കോട് സ്വന്തം ജീവിതംതന്നെ ദർശനമാക്കാനാണ് എന്നും പരിശ്രമിച്ചത്.
ജാതി, മത നിരപേക്ഷമായ സാമൂഹികപരിതോവസ്ഥ സംജാതമാക്കാൻ അഴീക്കോട് ചെലുത്തിയ സ്വാധീനവും യത്നവും വളരെ പ്രധാനമാണ്. ഇപ്പോൾ നടക്കുന്ന ഇന്ത്യ-പാക് സംഘർഷത്തിന്റെ വാസ്തവം അറിയാൻ ആഗ്രഹിക്കുന്നവർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാതിരിക്കുമോ? നിരപേക്ഷമായ ഒരഭിപ്രായം കേൾക്കാൻ എല്ലാവരും മോഹിക്കുന്നുണ്ടാവും. വാസ്തവത്തിൽ അഴീക്കോട് മടങ്ങിപ്പോയ ശേഷമാണ് അദ്ദേഹത്തിന്റെ ആവശ്യകത മലയാളികൾ പൂർണമായി തിരിച്ചറിയുന്നത്.
ക്ഷിപ്രകോപിയാണ് അഴീക്കോടെന്ന് പലരും പറയാറുണ്ട്.വാസ്തവത്തിൽ, ക്ഷിപ്രകോപിയോ ക്ഷിപ്രപ്രസാദിയോ അല്ല അഴീക്കോട്. ഇതിഹാസ പുരാണങ്ങളിലും ഉപനിഷത്തുകളിലും ആഴത്തിലും പരപ്പിലും മുങ്ങിത്തപ്പിയിട്ടുള്ള അഴീക്കോടിന് അങ്ങനെയാവാൻ സാധിക്കുകയുമില്ല. കോൺഗ്രസുകാരനായി മരിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം എന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. താൻ മരിക്കുംമുമ്പേ കോൺഗ്രസ് മരിച്ചതിനാൽ അതിനി സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ,അതിനു പകരമായി നമ്മുടെ പൊതു ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും പോലെ അദ്ദേഹം മറ്റൊരു പാർട്ടിക്കും വിധേയനായതുമില്ല.
സ്വന്തം അസ്തിത്വം ഒരിടത്തും പണയംവയ്ക്കാത്ത എഴുത്തുകാരനായിരുന്നു, എന്നും സുകുമാർ അഴീക്കോട്. അതുകൊണ്ടാണ് അദ്ദേഹത്തെ സാംസ്കാരിക നായകൻ എന്ന് ജനങ്ങൾ വിശേഷിപ്പിച്ചത്. അത് അരെങ്കിലും ചാർത്തിക്കൊടുത്ത കൃത്രിമ പുരസ്കാരമല്ല. കെ. സുകുമാരൻ പത്രാധിപർ ആയതുപോലെയും പി. കൃഷ്ണപിള്ള സഖാവ് ആയതുപോലെയുമുള്ള ഒരു ജനകീയ പ്രതിഭാസമാണത്. സാംസ്കാരിക നായകൻ എന്ന വിശേഷണം അഴീക്കോടിനു മുമ്പ് ആർക്കും ചാർത്തപ്പെട്ടിരുന്നില്ല. തൻകാര്യസിദ്ധിക്കായി വിനീതരാവുന്ന കപടബുദ്ധിജീവികളാൽ ചുറ്റപ്പെട്ട നാടാണ് ഇന്ന് കേരളം. അവർക്ക് അഴീക്കോടിന്റെ പ്രതിഭാവിലാസം പാഠമാകണമെന്നില്ല. ഇത് മറ്റൊരു കാലമാണ്.
ഒരു കാലഘട്ടത്തെ മുവുവൻ തന്റെ വാഗ്വിലാസം കൊണ്ട് പ്രചോദിപ്പിച്ച അഴീക്കോടിന്റെ വിമർശനാസ്ത്രങ്ങൾ ഏൽക്കാത്ത രാഷ്ട്രീയക്കാർ വിരളമായിരുന്നു. ആക്ഷേപഹാസ്യത്തിന്റെയും ഫലിതത്തിന്റെയും മേമ്പൊടി കലർത്തിയ ആ പ്രഭാഷണശൈലി എതിരാളികളെക്കൊണ്ടുപോലും കൈയടിപ്പിക്കാൻ പ്രാപ്തമായിരുന്നു. 'നിരക്ഷരരായ ജനതയല്ല, സാക്ഷരരായ രാക്ഷസന്മാരാണ് ഭാരതത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നത്" എന്നു പറഞ്ഞ അഴീക്കോട് തന്നെയാണ് - 'പാവങ്ങൾക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചു പ്രവർത്തിച്ച് അവരെ അതേപടി നിലനിറുത്തുന്നതിന്റെ കഷ്ടപ്പാട് ഇവിടത്തെ രാഷ്ട്രീയക്കാർക്കേ അറിയൂ" എന്നും പറഞ്ഞത്.
കേരളത്തിന്റെ സാംസ്കാരിക ലോകത്ത് സുകുമാർ അഴീക്കോട് ചെലുത്തിയ സ്വാധീനത്തിന്റെ വ്യാപ്തി എന്താണെന്ന് ശരിയായ നിലയിൽ ഇപ്പോഴും വിലയിരുത്തപ്പെട്ടിട്ടില്ല. അതു വിലയിരുത്താനും ആ മഹനീയ സംസ്കാരത്തിന്റെ മാറ്റുരയ്ക്കാനുമുള്ള അവസരമാകട്ടെ ഈ ജന്മശതാബ്ദി വിചാരം എന്ന് ആഗ്രഹിക്കുന്നു.
ജിയെ തകർക്കാൻ
ഒറ്റ ബാറ്റിംഗ്
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിതയെ നിലംപരിശാക്കിയ കഥ മലയാളസാഹിത്യത്തിലെ എക്കാലെത്തെയും സൂപ്പർ ഹിറ്റാണ്. അഴീക്കോടിന്റെതന്നെ വാക്കുകൾ കടമെടുക്കാം. 'മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയിൽ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചുനിന്നു." അഴീക്കോടിന്റെ ആത്മകഥയിലുള്ള വാചകമാണിത്. ആ മഹാകവിയെയാണ് അഴീക്കോട് ഒറ്റ ബാറ്റിംഗ് കൊണ്ട് തകർത്തത്. ഈ വിമർശനകൃതി ആദ്യം വായിച്ച് ശീർഷകം നിർദ്ദേശിച്ചത് സാക്ഷാൽ കുട്ടികൃഷ്ണമാരാർ! ചങ്ങമ്പുഴയുടെ രമണനും അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തിന് പാത്രമായി. സാഹിത്യ വിമർശനത്തിന്റെ പാഠങ്ങൾ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഇന്നും ആദ്യ പരിഗണനയിൽ വരുന്നത് 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു" എന്ന പുസ്തകമാണ്.
ജോസഫ് മുണ്ടശ്ശേരിക്കു ശേഷം കുമാരനാശാനെ ഏറ്റവും ആഴത്തിലും പരപ്പിലും പഠിക്കുകയും യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്ത നിരൂപകനും സുകുമാർ ആഴീക്കോട് തന്നെ. പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിലാണ് "ചിന്താവിഷ്ടയായ സീത" എന്ന കാവ്യത്തെ അഴീക്കോട് വിശകലനം ചെയ്തത്. ഒരു കൃതിയെ മാത്രം മുൻനിറുത്തി എഴുതിയ സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃക കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |