ആലപ്പുഴ: പായസങ്ങളുടെ പരീക്ഷണശാലയാണ് ആലപ്പുഴ സക്കറിയാ ബസാറിലെ അനശ്വര വീട്. പാചകക്കാരൻ മുൻ എം.എൽ.എ പ്രൊഫ.എ.വി.താമരാക്ഷൻ. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് മധുരത്തോടൊപ്പം കയ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, സ്വന്തം കൈകൊണ്ട് തയ്യാറാക്കുന്ന പായസത്തിന് മധുരം മാത്രം. അത് കഴിക്കുമ്പോൾ കയ്പേറിയ അനുഭവങ്ങൾ മറക്കും.
വീട്ടുമുറ്റത്തെ മാമ്പഴവും, ചക്കയും, സപ്പോട്ടയും മുതൽ കാരറ്റും അവലും വരെ ചേരുവയാക്കിയാണ് പായസമൊരുക്കുന്നത്. എല്ലാ ദിവസവും ഊണിനുശേഷം പായസം നിർബന്ധം. ചെറുപ്പത്തിലേ തുടങ്ങിയ ശീലത്തിന് എഴുപത്തിയെട്ടാം വയസിലും മാറ്റമില്ല.
പായസം മറ്റുള്ളവർക്ക് നൽകുന്നതും അവർ ആസ്വദിച്ച് കഴിക്കുന്നതുമാണ് ഏറെ സന്തോഷം. എറണാകുളത്ത് താമസിക്കുന്ന സമയത്ത് മകന്റെ കൂട്ടുകാർക്ക് വേണ്ടിയാണ് വലിയ അളവിൽ പായസമൊരുക്കിയത്. അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ആലപ്പുഴ എസ്.ഡി കോളേജിലും, ഭാര്യ ഡോ.കെ.എം.സുകൃതലത പ്രാക്ടീസ് ചെയ്തിരുന്ന എല്ലാ ആശുപത്രികളിലും പ്രധാന ദിവസങ്ങളിലും ചടങ്ങുകളിലും 'താമരാക്ഷൻ സ്പെഷ്യൽ ' പായസം എത്തിയിരുന്നു. 100 പേർക്കുവരെ പായസം തയ്യാറാക്കാറുണ്ട്.
തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ തിരക്കുകളിലും ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എ.വി.താമരാക്ഷൻ അടുക്കളയിൽ കയറും. പ്രിയം സേമിയാ പായസത്തോടാണ്. കുറുകി സ്വർണ നിറത്തോടടുക്കുന്ന സേമിയാപായസം അമ്പലപ്പുഴ പാൽപ്പായസത്തോട് കിടപിടിക്കുമെന്നാണ് രുചിച്ചവർ പറയുന്നത്. എന്നും പായസം കഴിച്ചിട്ടും പ്രമേഹത്തിന് പിടികൊടുത്തിട്ടില്ല താമരാക്ഷൻ.
ആദ്യം അച്ഛനും അമ്മയ്ക്കും
പായസം തയ്യാറാക്കിയാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച് രണ്ട് സ്പൂണുമിട്ട്, അച്ഛന്റെയും അമ്മയുടെയും ഛായാചിത്രത്തിന് സമീപം വയ്ക്കും. പഞ്ചസാരയോ, ശർക്കരയോ ചേർക്കും മുമ്പേ പ്രമേഹ രോഗിയായ ഭാര്യ സുകൃതലതയുടെ പങ്കെടുത്തു മാറ്റും. സാധാരണ പായസത്തിൽ വേണ്ടതിനേക്കാൾ രണ്ടിരട്ടി കശുവണ്ടിപ്പരിപ്പും, നെയ്യും ചേർത്താണ് തയ്യാറാക്കുന്നത്. ചില പൊടിക്കൈകൾ രുചി വർദ്ധിപ്പിക്കുന്നു. പ്രഥമനോടാണ് സുകൃതലതയ്ക്ക് താത്പര്യം. പായസങ്ങളുടെ ചിത്രം വിദേശത്തുള്ള മക്കൾ അജിത്തിനും അശോകിനും കുടുംബാംഗങ്ങൾക്കും എല്ലാ ദിവസവും അയച്ച് കൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |