കാന്താര ചാപ്‌ടർ വൺ (കാന്താര 2) ചിത്രീകരണത്തിനിടെയുള്ള മരണങ്ങളിലും അപകടങ്ങളിലും ദുരൂഹതയേറുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി കഴിഞ്ഞദിവസം കുഴഞ്ഞു വീണു മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
രണ്ടാഴ്ച മുമ്പ് ഇതേ സിനിമയിൽ അഭിനയിക്കാനെത്തിയ വൈക്കം സ്വദേശിയായ എം എഫ് കപിൽ സൗപർണിക നദിയിൽ മുങ്ങി മരിച്ചിരുന്നു. മേയ് ആറിന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഋഷഭ് ഷെട്ടി നായകനായെത്തിയ കാന്താര എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്‌ടർ വണ്ണിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ആരംഭിച്ചതുമുതൽ കഷ്ടകാലമാണെന്നാണ് സിനിമാലോകത്തെ സംസാരം. ഇതിന് മുൻപും സിനിമയ്ക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ കാന്താര 2വിന്റെ മുദൂരിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടിരുന്നു. 20 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആളപായം ഉണ്ടായില്ല. അപകടത്തെത്തുടർന്ന് ചിത്രീകരണം കുറച്ച് ദിവസത്തേയ്ക്ക് നിറുത്തിവച്ചിരുന്നു. അപകടത്തിന് ദിവസങ്ങൾക്കുശേഷം സിനിമയ്ക്കായി നിർമിച്ച വലിയൊരു സെറ്റ് മോശം കാലാവസ്ഥയെത്തുടർന്ന് തകർന്നു. ഇത് ചിത്രീകരണത്തിന് കൂടുതൽ കാലതാമസത്തിനിടയാക്കി.
കഴിഞ്ഞ ജനുവരിയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയത് വലിയ സംഘർഷത്തിന് കാരണമായി. കാട്ടിൽ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന്റെ പേരിലായിരുന്നു സംഘർഷം. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |