പഹൽഗാമിലെ കൂട്ടക്കൊല നിഷ്‌കളങ്ക ജീവനുകൾക്കു നേരെയുള്ള കേവലമായ ആക്രമണം മാത്രമായിരുന്നില്ല. ഇന്ത്യയുടെ മനസാക്ഷിക്കു നേരെയുള്ള കടന്നാക്രമണമായിരുന്നു അത്. അതിന് മറുപടിയെന്നോണം, ഭീകരവാദത്തിനെതിരായ നിയമ നടപടികൾ പുനർരൂപകല്പന ചെയ്യാൻ ഇന്ത്യ തീരുമാനിച്ചു. ദേശസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മോദി സർക്കാരിന്റെ 'സീറോ ടോളറൻസ്" അഥവാ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ സുവ്യക്തമായ ആവിഷ്‌കാരമായിരുന്നു 'ഓപ്പറേഷൻ സിന്ദൂറി"ലൂടെ പ്രകടമായ മോദിയുടെ പുതിയ സിദ്ധാന്തം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ, ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനായി ആവിഷ്‌കരിച്ച സിദ്ധാന്തം വിശദീകരിച്ചു. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം, ഭീകരതയ്ക്കും ബാഹ്യ ഭീഷണികൾക്കുമെതിരായ ഇന്ത്യയുടെ പ്രതികരണത്തിൽ നിർണായക സ്വാധീനമുള്ള ഒരു പുതിയ ചട്ടക്കൂട് സൃഷ്ടിക്കുന്നു.
സിന്ധു നദീജല കരാർ താത്കാലികമായി മരവിപ്പിച്ചതു മുതൽ ഭീകര ക്യാമ്പുകളിൽ സൈനിക ആക്രമണം നടത്തുന്നതു വരെയുള്ള എല്ലാ നീക്കങ്ങളും ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത് സമയബന്ധിതമായി പൂർത്തിയാകുന്നുവെന്ന് പ്രധാനമന്ത്രി മോദി ഉറപ്പാക്കി. വൈകാരികതയിലൂന്നിയ എടുത്തുചാട്ടത്തിനു പകരം തന്ത്രപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പാകിസ്ഥാനും ഭീകര സംഘങ്ങളും ഇന്ത്യയുടെ പ്രതികരണത്തിനെതിരെ സജ്ജരാകുന്നത് തടയാൻ ഇത് സഹായകമായി. 'ഓപ്പറേഷൻ സിന്ദൂർ" അപ്രതീക്ഷിതമായും അതീവ കൃത്യതയോടെയും സമ്പൂർണ ഫലപ്രാപ്തിയോടെയും നടപ്പിലാകുമെന്ന് ഇതിലൂടെ ഉറപ്പാക്കാനായി.
പുതിയ കാലത്തെ
സാധാരണത്വം
പ്രധാനമന്ത്രി പറഞ്ഞു: 'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ വ്യവസ്ഥാപിത നയമാണ് ഓപ്പറേഷൻ സിന്ദൂർ. ഇത് ഇന്ത്യയുടെ തന്ത്രപരമായ സമീപനത്തിലെ നിർണായക പരിവർത്തനത്തെ അടയാളപ്പെടുത്തുന്നതായി!" ഭീകരവിരുദ്ധ നടപടികളിൽ 'ഓപ്പറേഷൻ സിന്ദൂർ" ഒരു പുതിയ മാനദണ്ഡം, ഒരു പുതിയ സാധാരണത്വം സ്ഥാപിച്ചുവെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചതു പോലെ, 'ഓപ്പറേഷൻ സിന്ദൂർ" വെറുമൊരു പേരല്ല; രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണത്." കാടത്തത്തെ ഉചിതമായ ബലപ്രയോഗത്താൽ നേരിടുമെന്ന് ഇന്ത്യ ലോകത്തിനു നൽകിയ സന്ദേശമായിരുന്നു അത്. അയൽരാജ്യത്തിന്റെ ഭീകര പങ്കാളിത്തം ഇനിയൊരിക്കലും നയതന്ത്ര മുഖംമൂടികൾക്കോ ആണവ വാചാടോപങ്ങൾക്കോ പിന്നിൽ മറയ്ക്കപ്പെടില്ല.
സിദ്ധാന്തത്തിന്റെ
മൂന്ന് സ്തംഭങ്ങൾ
ഇന്ത്യയുടെ നിബന്ധനകളിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള നിർണായകമായ പ്രതികരണം എന്ന ആശയം സിദ്ധാന്തത്തിന്റെ ആദ്യ സ്തംഭത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയ്‌ക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്നു മാത്രമല്ല, ഇന്ത്യയുടെ സ്വന്തം നിബന്ധനകൾക്ക് അനുസൃതമായി അത് നടപ്പാക്കും. ഭീകരതയുടെ വേരറുക്കാൻ രാജ്യം കർശന നടപടികൾ സ്വീകരിക്കും. കുറ്റവാളികളും അവരെ പിന്തുണയ്ക്കുന്നവരും അനന്തരഫലങ്ങൾ നേരിടുന്നുവെന്ന് ഉറപ്പാക്കും. ആണവ ഭീഷണി ഉയർത്തിയുള്ള ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് രണ്ടാമത്തെ സ്തംഭം. ആണവ ഭീഷണികൾക്കോ നിർബന്ധങ്ങൾക്കോ ഇന്ത്യ വഴങ്ങില്ല. ഭീകരവാദത്തിന് കവചമായി ആണവ ഭീഷണി ഉപയോഗിക്കാനുള്ള ഏതൊരു ശ്രമത്തെയും കണിശവും ഖണ്ഡിതവുമായ നടപടികളിലൂടെ നേരിടുമെന്ന് സിദ്ധാന്തം വ്യക്തമാക്കുന്നു.
ഭീകരരെയും അവരുടെ പിന്തുണക്കാരെയും വേർതിരിച്ചു കാണില്ല എന്നതാണ് ഈ സിദ്ധാന്തത്തിന്റെ മൂന്നാമത്തെ സ്തംഭം. ഭീകരവാദികളെയും അവരുടെ സഹായികളെയുംകൊണ്ട് ഇന്ത്യ സമാധാനം പറയിക്കും. ഭീകരരെ സംരക്ഷിക്കുന്നവരും അവർക്ക് ധനസഹായം നൽകുന്നവരും ഭീകരതയെ പിന്തുണയ്ക്കുന്നവരും കുറ്റവാളികൾ അനുഭവിക്കേണ്ടിവരുന്ന അതേ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മോദി ഈ വിഷയത്തെ ആഗോള പശ്ചാത്തലത്തിൽ അവതരിപ്പിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ അന്തിമമായി സ്വയം വിനാശം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പു നൽകിയ പ്രധാനമന്ത്രി മോദി, ഏറെ വൈകിപ്പോകും മുമ്പ് ഭീകര അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ അവരോട് ആവശ്യപ്പെട്ടു.
ദേശ സുരക്ഷയോടുള്ള ഇന്ത്യയുടെ സമീപനത്തിലെ സുപ്രധാന മാറ്റമാണ് പുതിയ സിദ്ധാന്തമെന്നും ഭീകരവാദത്തിനെതിരെ സുസ്ഥിരവും ദൃഢവുമായ നിലപാടിന് ഒരു മാതൃക ഇത് സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരെ സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരതയുമായി
സന്ധിയില്ല
ഇന്ത്യ വ്യക്തതയോടെയും ധീരതയോടെയും പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. 2016-ലെ സർജിക്കൽ സ്‌ട്രൈക്ക് മുതൽ ബാലകോട്ട് വരെയും, ഇപ്പോൾ 'ഓപ്പറേഷൻ സിന്ദൂർ" അടക്കം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഭീകരതയ്‌ക്കെതിരെ വ്യക്തമായ ഒരു സിദ്ധാന്തം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ ചടുലവും നിർണായകവുമായ നടപടിയുണ്ടാകും. അതും, ഇന്ത്യ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് അനുസൃതമായി. ഓരോ ചുവടുവയ്പിലും നടപടികൾ ശക്തിപ്പെടുത്തിയ ഇന്ത്യ പ്രകോപനമുണ്ടാകുമ്പോൾ കൃത്യതയോടെ പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം തെളിയിക്കുകയും ചെയ്തു.
ഇത്തവണ ഇന്ത്യയുടെ സന്ദേശം നിസ്സന്ദേഹമാണ് ഭീകരതയും വ്യാപാരവും ഒരുമിച്ചു പോകില്ല. അട്ടാരി വാഗ അതിർത്തി അടച്ചു. ഉഭയകക്ഷി വ്യാപാരം താത്കാലികമായി നിറുത്തിവച്ചു. വിസകൾ റദ്ദാക്കി. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളിൽ പറഞ്ഞാൽ, 'വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല." ഭീകരതയെ പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തികവും നയതന്ത്രപരവുമായ ചെലവുകൾ ഇനി ഉയരുമെന്നു മാത്രമല്ല, അതിന് കണക്കു പറയേണ്ടിയും വരും. പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികരണം ധാർമ്മികവും അളന്നു മുറിച്ചതും എന്ന നിലയിൽ ചരിത്രത്തിൽ സ്മരിക്കപ്പെടും. ഭീകരതയോടുള്ള നമ്മുടെ പ്രതികരണമായി എക്കാലവും അത് ഓമ്മിക്കപ്പെടും. ഇന്ത്യ തലയുയർത്തി നിന്ന് ഒരേ ശബ്ദത്തിൽ സംസാരിച്ചു, ഒരേ ശക്തിയിൽ ആക്രമിച്ചു. 'ഓപ്പറേഷൻ സിന്ദൂർ" അവസാനമല്ല. ഭീകരതയെ നേരിടുന്നതിൽ കൈവന്ന വ്യക്തതയുടെയും ധൈര്യത്തിന്റെയും, ഒപ്പം നമ്മുടെ സങ്കല്പശക്തിയുടെയും പുതുയുഗപ്പിറവിയാണ് അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |