കൊച്ചി: പാട്ടിലൂടെ കേരളകൗമുദി ഓൺലൈനിൽ വൈറലായ മരപ്പണിക്കാരൻ പിന്നണി ഗായകനാകുന്നു. ചേർത്തല പൂച്ചാക്കലിലെ രമേഷിനാണ് ഈ സൗഭാഗ്യം. പണിശാലയിലെ തിരക്കിനിടയിൽ ഉളിയുടെയും കൊട്ടുവടിയുടെയും താളത്തിൽ രമേഷ് പൂച്ചാക്കൽ മനോഹരമായി പാടുന്ന ദൃശ്യമാണ് കേരളകൗമുദിയിലൂടെ ശ്രദ്ധേയമായത്. കൊച്ചിയിലെ മൈ സ്റ്റുഡിയോയിൽ 'കാണാദൂരം..."എന്നാരംഭിക്കുന്ന ഗാനം കഴിഞ്ഞ ദിവസം രമേഷ് ആലപിച്ചു. രഞ്ജിൻ രാജാണ് ഈണം പകർന്നത്. മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന സുമതിവളവ് എന്ന സിനിമയിലെ ഗാനമാണിത്. വെള്ളം സിനിമയിലെ കഥാനായകനാണ് മുരളി കുന്നും പുറത്ത്.
പൂച്ചാക്കലിലെ റോയൽ ഫർണിച്ചർ ഷോപ്പിലിരുന്ന് രമേഷ് പാടുന്ന വീഡിയോ കണ്ട മുരളി വിളിച്ച് അഭിനന്ദിക്കുകയും പൂച്ചാക്കലിലെത്തി കാണുകയും ചെയ്തിരുന്നു. അടുത്ത സിനിമയിൽ പാടിക്കാമെന്ന് അന്ന് രമേഷിനോട് പറഞ്ഞിരുന്നു.
രഞ്ജിൻ രാജും അഭിലാഷ് പിള്ളയും ചേർന്നെഴുതിയ മലയാളവും തമിഴും ഇടകലർന്ന ഗാനമാണ് രമേഷ് പാടിയത്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു ശശി ശങ്കർ, കഥയും തിരക്കഥയും അഭിലാഷ് പിള്ളയുമാണ്.
രമേഷിനെ സിനിമയിൽ പാടിക്കണമെന്ന ആഗ്രഹം യാഥാർത്ഥ്യമാക്കാനായതിൽ സന്തോഷം. കേരളകൗമുദിയിലൂടെ കേട്ട ശബ്ദം സിനിമയിലൂടെ മലയാളികൾക്ക് പരിചിതമാവുകയാണ്.
-മുരളി കുന്നുംപുറത്ത്
മുരളിയേട്ടൻ കണ്ടെത്തുന്ന ശബ്ദങ്ങൾക്ക് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടാകും. ആ പ്രത്യേകത രമേഷിന്റെ ശബ്ദത്തിനുമുണ്ട്
-രഞ്ജിൻ രാജ്
എല്ലാത്തിനും നന്ദി പറയേണ്ടത് കേരളകൗമുദിയോടാണ്. പണിശാലയിൽ ഇരുന്നു പാടുന്നപാട്ട് കേരളകൗമുദിയിലൂടെയാണ് ലോകമറിഞ്ഞത്.
-രമേഷ് പൂച്ചാക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |