പ്രമുഖ ഉദ്യോഗസ്ഥർക്കെതിരെയുള്ള സമൂഹ മാദ്ധ്യമങ്ങളിലെ വ്യക്തിപരമായ അധിക്ഷേപങ്ങൾ തടയപ്പെടേണ്ടതാണ്. സർക്കാരിന്റെ തീരുമാനങ്ങളും നയങ്ങളും നടപടികളും പത്രസമ്മേളനത്തിൽ വിശദീകരിക്കുന്ന ഉദ്യോഗസ്ഥനാണ് അതിനെല്ലാം ഉത്തരവാദി എന്ന നിലയിലാണ് പലരും ട്രോളുകൾ നടത്തുന്നത്. ഇന്ത്യാ - പാക് ഏറ്റുമുട്ടലിന്റെ വിവരങ്ങൾ വിശദീകരിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കുടുംബവും സമാനതകളില്ലാത്ത അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവന്നത്. പാകിസ്ഥാനുമായി വെടിനിറുത്തലിന് ഇന്ത്യ സമ്മതിച്ചതിന്റെ മുഴുവൻ ഉത്തരവാദിത്വവും മിസ്രിയിൽ ചാർത്തിക്കൊണ്ടാണ് ഭൂരിപക്ഷം പേരും അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചത്. മിസ്രിയുടെ മകൾ അഭിഭാഷക എന്ന നിലയിൽ രോഹിംഗ്യൻ അഭയാർത്ഥികളുടെ കേസ് നടത്തിയിരുന്നെന്നും, മിസ്രിയും കുടുംബവും ഭീകരരെ സഹായിക്കുന്ന നിലപാട് എടുക്കുന്നവരാണെന്നുമാണ് ആരോപണങ്ങൾ ഉന്നയിച്ചവർ സ്ഥാപിക്കാൻ ശ്രമിച്ചത്.
വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾക്കൊള്ളുന്ന കമന്റുകളുടെ ആധിക്യം കാരണം മിസ്രിക്ക് തന്റെ എക്സ് അക്കൗണ്ട് പൂട്ടേണ്ടിവന്നു. മിസ്രി അദ്ദേഹത്തെ ഏൽപ്പിച്ച ഡ്യൂട്ടിയാണ് ചെയ്തത്. രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങൾ വിശദീകരിക്കുക മാത്രമാണ് അതിന്റെ ഭാഗമായി അദ്ദേഹം ചെയ്തത്. മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള മിസ്രി സത്യസന്ധതയ്ക്കും കാര്യശേഷിക്കും പേരുകേട്ട നീതിമാനായ ഉദ്യോഗസ്ഥനാണ്. ഇത്തരം ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യയ്ക്ക് ഇരയാകുന്നത് ഖേദകരമാണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ എക്‌സിൽ രേഖപ്പെടുത്തുകയുണ്ടായി. ഉയർന്ന സർക്കാർ സർവീസുകളുടെ സമൂഹമദ്ധ്യത്തിലെ അന്തസിനെ ഇടിച്ചുതാഴ്‌ത്താൻ ഇടയാക്കുന്നതാണ് യാതൊരു അടിസ്ഥാനവും ഇല്ലാത്ത, വെറും ഊഹത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങൾ. മിസ്രി പാകിസ്ഥാനുമായി ഒത്തുകളിച്ചെന്നുവരെ ആക്ഷേപിക്കുകയും അശ്ളീല കമന്റുകൾ രേഖപ്പെടുത്തുകയുമാണ് പലരും ചെയ്തത്.
രാജ്യത്തെ അർപ്പണബോധത്തോടുകൂടി സേവിക്കുന്ന ഉദ്യോഗസ്ഥരെ വിമർശിക്കുന്നത് ശരിയായ ഒരു കാര്യമല്ല. പലപ്പോഴും ഇത്തരം ഉദ്യോഗസ്ഥർ, മറുപടി പറയാൻ പോലും അനുവാദം ലഭിക്കാത്തവരായിരിക്കും. രാഷ്ട്രീയക്കാരെ വിമർശിക്കുന്നതു പോലെയല്ല ഉദ്യോഗസ്ഥരെ വിമർശിക്കുന്നത്. ഒന്നാമത്, രാഷ്ട്രീയക്കാർക്ക് വിമർശനം കേട്ടും കണ്ടും മറുപടി പറഞ്ഞുമൊക്കെ നല്ല മെയ്‌വഴക്കമുണ്ട്. അതുപോലെയല്ല സർവീസിലുടനീളം സത്യസന്ധത കൈമുതലാക്കിയിട്ടുള്ള ഉദ്യോഗസ്ഥർ. അവരും അവരുടെ കുടുംബാംഗങ്ങളുമൊക്കെ പൊതുജനമദ്ധ്യത്തിൽ അവഹേളിക്കപ്പെടുന്നത് ഉദ്യോഗസ്ഥരുടെ ആത്മധൈര്യം ചോർത്താൻ ഇടയാക്കാവുന്നതാണ്.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ധനകാര്യ വകുപ്പിന്റെ ചുമതല, അതുവരെ രാഷ്ട്രീയത്തിലൊന്നും ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ലാത്ത മൻമോഹൻസിംഗാണ് നിർവഹിച്ചിരുന്നത്. മൻമോഹൻസിംഗിന്റെ സാമ്പത്തിക പരിഷ്‌കാര നടപടികളെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്‌പേയ് അതിനിശിതമായി വിമർശിച്ചത് പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകിയതു കണ്ട്, തന്നെ രാജിവയ്‌ക്കാൻ അനുവദിക്കണമെന്ന് മൻമോഹൻസിംഗ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. നരസിംഹറാവു ചിരിച്ചുകൊണ്ട് വാജ്‌പേയിയെ തന്നെ വിളിച്ച് വിവരം പറയുകയും, ഇതൊക്കെ രാഷ്ട്രീയമാണെന്നും, ഉത്തരവാദിത്വം താൻ ഏറ്റെടുത്തുകൊള്ളാമെന്നും പറഞ്ഞ് സിംഗിനെ ആശ്വസിപ്പിക്കുകയുമാണ് ചെയ്തത്. മിസ്രിക്കെതിരെയുള്ള വ്യക്തിഹത്യയിലൂടെ രാജ്യത്തെ താറടിക്കുക കൂടിയാണ് ട്രോളർമാർ ചെയ്തത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സമൂഹമദ്ധ്യത്തിൽ അശ്ലീലം പറയാനുള്ള സ്വാതന്ത്ര്യമായി മാറാൻ അനുവദിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |