ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് പരാതി പറയാത്ത യാത്രക്കാരുണ്ടാവില്ല. കാരണം, അത്രമാത്രം നിലവാരം കുറഞ്ഞ ഭക്ഷണമാണ് പലപ്പോഴും വിതരണം ചെയ്യുന്നത്. ഭക്ഷണം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് പലപ്പോഴും യാതൊരു നടപടിയും ഉണ്ടാകാറില്ല എന്നതാണ് വാസ്‌തവം. തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള രാജധാനി എക്സ്‌പ്രസ് തുടങ്ങിയ കാലത്ത് നല്ല ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകിയിരുന്നത്. എന്നാൽ, കാലക്രമേണ അത് നഷ്ടമാവുകയാണ് ഉണ്ടായത്. അതേസമയം ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധന ഉണ്ടാവുകയും ചെയ്തു. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉണ്ടായിരുന്നതാണ്. എന്തുകൊണ്ട് വന്ദേഭാരതിലെ ഭക്ഷണത്തിന്റെ നിലവാരം കുറഞ്ഞു എന്നതിന്റെ കാരണം ജനങ്ങൾക്ക് പിടികിട്ടിയത് കൊച്ചിയിലെ ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ റെയ്‌ഡിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ്.
ഡൽഹി ആസ്ഥാനമായ ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് ക്ളസ്റ്റർ കിച്ചന്റെ ഭാഗമായി കടവന്ത്ര ഫാത്തിമാ ലെയിനിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ഇവിടെ നിന്നാണ് വന്ദേഭാരതിനു പുറമെ അഞ്ച് ദീർഘദൂര ട്രെയിനുകളിലും ഭക്ഷണം നൽകിയിരുന്നത്. യാതൊരു ശുചിത്വവും പാലിക്കാതെ അലക്ഷ്യമായി, അറപ്പുളവാക്കുന്ന രീതിയിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കിയിരുന്നതെന്നാണ് റെയ്ഡിൽ കണ്ടെത്തിയത്. അഞ്ചുദിവസം പഴക്കമുള്ള 50 കിലോയിലധികം കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകൾ, ചപ്പാത്തി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. മലിനജലം തോട്ടിലേക്ക് ഒഴുക്കിയതിന് പതിനായിരം രൂപ സ്ഥാപനത്തിന് പിഴയിട്ടു. കരാറുകാരന് കനത്ത പിഴ നൽകേണ്ടിവരും.
അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഇവിടത്തെ താമസക്കാർ. അവർ താമസിക്കുന്ന സ്ഥലവും വൃത്തിഹീനമായിരുന്നു. കാറ്ററിംഗ് യൂണിറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ കൗൺസിലർക്ക് പരാതി നൽകിയതിനെത്തുടർന്നാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ 60 വർഷമായി രാജ്യത്തെ ട്രെയിനുകളിലും മറ്റു സ്ഥലങ്ങളിലും ബൃന്ദാവൻ ക്ളസ്റ്റർ കിച്ചണിൽ നിന്ന് ഭക്ഷണം നൽകുന്നുണ്ട്. റെയ്ഡ് വിവരം പുറത്തുവന്നപ്പോൾ റെയിൽവേ സടകുടഞ്ഞ് എഴുന്നേൽക്കുകയും കരാറുകാരന് ഒരുലക്ഷം രൂപ പിഴയിടുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചിത ഇടവേളകളിൽ റെയിൽവേ ഉദ്യോഗസ്ഥർ കാറ്ററിംഗ് യൂണിറ്റുകൾ സന്ദർശിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ട്രെയിനിൽ മോശം ഭക്ഷണം ലഭിക്കുന്നത് നേരത്തേ തന്നെ തടയാമായിരുന്നു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തന്നെ കൈക്കൂലി വാങ്ങിക്കൊണ്ട് ഗുണമേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വിൽക്കുന്നത് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ തെളിഞ്ഞിരുന്നതാണ്. ഭക്ഷ്യസുരക്ഷാ ലാബുകളിലും കൈക്കൂലി വാങ്ങി കൃത്രിമങ്ങൾ നടത്തുന്നുണ്ട് എന്ന രീതിയിലുള്ള പരാതികളും നിലവിലുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുള്ള സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ കാര്യക്ഷമതയുള്ള പ്രവർത്തനം കാഴ്ചവയ്ക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണം മനുഷ്യന്റെ അവകാശമാണ്. അത് മലിനപ്പെടുത്തുന്നവർ കടുത്ത ശിക്ഷ തന്നെ അനുഭവിക്കണം. ഇക്കാര്യം ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |