അടുക്കള ഒരു കെണിയാണ്.
പെണ്ണിനെ തളച്ചിടാൻ
പണ്ടാരോ നിർമ്മിച്ച കെണി!
അവൾ അമ്മയും അമ്മായിയമ്മയും
ആകുന്നതോടെ അവിടം
അശാന്തമാകുന്നു.
അമ്മിയിൽ അരച്ചും ആട്ടുകല്ലുരുട്ടിയും
അച്ഛന്റെ വിളികൾക്കു പിന്നാലെ പാഞ്ഞ
അവളുടെ അടക്കിപ്പിടിച്ച ആത്മരോഷങ്ങൾ
പുറത്തു ചാടുന്നതോടെ
അസ്വാരസ്യങ്ങൾ തുടങ്ങുകയായി.
അധികം വൈകാതെ പാരമ്പര്യത്തിന്റെ
നൂൽപ്പാലങ്ങൾ തകർക്കപ്പെടുകയും
'അടുക്കള ഇല്ലെങ്കിൽ എന്താ"
എന്ന ചോദ്യം ഉയരുകയും ചെയ്യും
അടുപ്പു വേണ്ട, ഗ്യാസ് വേണ്ട
കത്തി വേണ്ട, കറിപ്പൊടി വേണ്ട
ഇട്ടുവയ്ക്കാൻ കുപ്പി വേണ്ട
ഉള്ളി വേണ്ട, ഉപ്പ് വേണ്ട
ചിരവ വേണ്ട, ചട്ടി വേണ്ട
കലം വേണ്ട, കുക്കർ വേണ്ട
ചുറ്റും അലമാരയും വേണ്ട
പച്ചക്കറി വേണ്ട, പലചരക്ക് വേണ്ട
മിക്സി വേണ്ട, ഗ്രൈൻഡർ വേണ്ട
കിച്ചൻ സിങ്ക് വേണ്ട, ഭക്ഷണത്തിന്
'സൊമറ്റോ"യും 'സ്വിഗി"യുമുണ്ട്.
നാളെ രാവിലെ എന്ത് ? ഉച്ചയ്‌ക്കെന്ത് ?
കുട്ടികൾക്കെന്ത്...? തുടങ്ങി
അസ്വാസ്ഥ്യങ്ങളൊന്നും വേണ്ട
കരിയും പുകയും ഇല്ലെങ്കിലും
അടുക്കള ഇന്നും നൂറായിരം
ചോദ്യങ്ങൾ ഉയരുന്ന
ആശങ്കയുടെ ആസ്ഥാനം തന്നെയാണ്.
കഴുകിത്തീരാത്ത പാത്രങ്ങളും
വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളുടെ
ആവലാതികളുമെല്ലാം അടുക്കളയിൽ
നിറയുന്ന ആശങ്ക തന്നെയാണ്.
എങ്കിൽപ്പിന്നെ എന്തിനാണ്
ലക്ഷങ്ങൾ മുടക്കി വീടിനുള്ളിൽ
അത്തരമൊരു അസ്വാസ്ഥ്യത്തെ
പ്രതിഷ്ഠിക്കുന്നത്?
സായാഹ്നം
ജിമ്മി മാനാടൻ
സൂര്യൻ കടലിനു മേലേ ചായുന്നു
സൂര്യന്റെ ചുവന്നു തുടുത്ത
മുഖത്തേക്ക് കടൽ പാളിനോക്കുന്നു
കടലിന്റെ മുഖം പതിയെ ചുവക്കുന്നു
തിരകളൊതുക്കി കാത്തുനിൽക്കുന്നു
കടൽ നിശ്വാസത്തിന്റെ നനുത്ത
കാറ്റ് സൂര്യനെ സ്പർശിക്കുന്നു
സൂര്യന്റെ കിരണങ്ങൾ
കടലിനെ പുണരുന്നു
കടൽ തന്റെ ഓളച്ചുണ്ടുകൾ വിടർത്തുന്നു
സൂര്യൻ കടലിനെ ചുംബിക്കുന്നു
കടലിന്റെ മേലാകെ രോമാഞ്ചത്തിന്റെ
കുഞ്ഞോളങ്ങൾ പരക്കുന്നു
കടൽക്കിളികൾ ഇണയെ നോക്കി
പ്രണയാർദ്രമായി കുറുകുന്നു
എന്റെ പ്രണയദിനാശംസകൾ
ഞാൻ നേരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |