അടുത്ത കാലങ്ങളിലായി കേരളത്തിലെ കാലാവസ്ഥ പ്രവചിക്കാനാവാത്ത നിലയിലാണെന്ന് ആർക്കാണ് അറിയാത്തത്? രണ്ടോ മൂന്നോ ദിവസം മുൻപത്തെ കലാവസ്ഥാ പ്രവചനം പോലും പാളുകയാണ്. ഇനി പെയ്ത മഴയുടെ അളവാണെങ്കിൽ അതും കൃത്യമല്ല. തൃശൂരിൽ പെയ്ത മഴയുടെ അളവ് കിട്ടണമെങ്കിൽ 10 കിലോമീറ്ററോളം അകലെയുളള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലെ മാപിനി നോക്കണം. അവിടെ ചിലപ്പോൾ മഴ പെയ്തിട്ടുപോലുമുണ്ടാകില്ല. കേരളത്തിൽ പലയിടത്തും ഇതാണ് അവസ്ഥ. മഴയുടെ അളവ് നോക്കി ജനങ്ങളെ രക്ഷിക്കാൻ മുന്നൊരുക്കം നടത്താൻ കഴിയും. അതിന് വേണ്ടത്ര മഴമാപിനികൾ കേരളത്തിലില്ല എന്നതാണ് പ്രശ്നം. ഒന്നോ രണ്ടോ ദിവസം മഴയളവ് 10 സെന്റീ മീറ്ററിൽ കൂടുതൽ ആണെങ്കിൽ ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാം. പക്ഷേ, മാപിനിയിൽ കൂടുതൽ വേണം. വെള്ളപ്പൊക്ക സാദ്ധ്യത പ്രവചിക്കുമ്പോഴും 5000 രൂപ മാത്രം ചെലവുള്ള മഴമാപിനി എഫ്.ആർ.പി റെയിൻ ഗേജ് പ്രധാന നഗരങ്ങളിൽ സ്ഥാപിക്കാൻ ഇനിയും നടപടികളായിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിൽ എൺപതോളം മഴമാപിനികൾ മാത്രമാണ് കേരളത്തിലുള്ളത്. ഇതിൽ പതിനാലോളം മാത്രമാണ് എഫ്.ആർ.പി റെയിൻ ഗേജുകൾ. ബാക്കിയുള്ളതെല്ലാം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളാണ്. യന്ത്രത്തകരാറുമൂലം അതിൽ പലപ്പോഴും തെറ്റുവരാറുമുണ്ട്. കളക്ട്രേറ്റ് പോലുള്ള ഭരണകേന്ദ്രങ്ങളിൽ എഫ്.ആർ.പി റെയിൻ ഗേജുകൾ സ്ഥാപിച്ച് റീഡിംഗ് എടുക്കാൻ ജീവനക്കാരെ നിയോഗിച്ചാൽ കൃത്യമായ മഴക്കണക്ക് കിട്ടും. കഴിഞ്ഞ കാലവർഷത്തിൽ മഴയിൽ തൃശൂർ നഗരം മുങ്ങിത്താഴ്ന്നപ്പോൾ എത്ര അളവ് മഴ പെയ്തുവെന്ന കണക്ക് ലഭിച്ചില്ല. പല ജില്ലകളിലും ഈ സ്ഥിതിയുണ്ടെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു.
2018ലെ പ്രളയവും പഠിപ്പിച്ചില്ല
2018 ലെ പ്രളയത്തിൽ കേരളത്തിലെ മഴമാപിനികളുടെ എണ്ണം കുറവാണെന്നത് തിരിച്ചറിഞ്ഞെങ്കിലും നടപടികളുണ്ടായില്ല. അപകട സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി കൂടുതൽ മഴമാപിനികൾ സ്ഥാപിക്കാനും തയ്യാറായില്ല. 2018 മുതൽ 2021 വരെ കാലവർഷം ശക്തമായിരുന്നു. മേഘ വിസ്‌ഫോടനവും അതിതീവ്ര മഴയും ഉരുൾപൊട്ടലുകളും കൂടി. ഉരുൾപൊട്ടലുകൾ കൂടുതലുള്ള ഇടുക്കി, വയനാട് മേഖലകളിലും വേണ്ടത്ര മഴമാപിനികളില്ല. ഉരുൾപൊട്ടലുണ്ടാകുമ്പോൾ മഴയളവ് 10 സെന്റി മീറ്ററിലേറെ രേഖപ്പെടുത്താറുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിക്കാൻ ലക്ഷത്തിലേറെ ചെലവ് വരും. വായുവിന്റെ താപനില, ആപേക്ഷിക ആർദ്രത, അന്തരീക്ഷ മർദ്ദം, കാറ്റിന്റെ വേഗം, ദിശ, മഴ, സൗരവികിരണം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ശേഖരിക്കും. ഇത് ഇന്ത്യൻ മെറ്റീരിയോളജിൽ ഡിപ്പാർട്ട്‌മെന്റിലെത്തി വെബ്‌സൈറ്റിലെത്തും. കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ പ്രവചനം, കൃഷി സംബന്ധമായ മുന്നറിയിപ്പുകൾ എന്നിവ നൽകാൻ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന് കഴിയുമെങ്കിലും യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചാലും മറ്റും റീഡിംഗ് വ്യത്യാസപ്പെടും. മഴയളവ് മാത്രം ലഭ്യമാക്കുന്ന എഫ്.ആർ.പി റെയിൻ ഗേജുകൾ ചെലവ് കുറഞ്ഞതാണെങ്കിലും കൃത്യമാകുമെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറയുന്നു.
മഴക്കാലപൂർവ്വ
ശുചീകരണവും പോരാ
ചെറിയ മഴ പോലും പ്രളയ സമാനമായ ഗുരുതരമായ സ്ഥിതിയാണ് പല നഗരത്തിലുമുണ്ടാക്കുന്നത്. ഇതിന്റെ മൂലകാരണമായി മാറുന്നതും മഴക്കാല പൂർവ്വ ശുചീകരണം കൃത്യമായി നടപ്പിലാക്കാത്തതാണ്. കാനകൾ വൃത്തിയാക്കുന്നതും പലപ്പോഴും നടപ്പാക്കുന്നില്ല. വൃത്തിയാക്കിയാലും മാലിന്യങ്ങൾ റോഡിൽ കുന്നുകൂടി കിടക്കും. മേഘവിസ്‌ഫോടനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയ്ക്ക് സമാനമായ പെയ്ത്താണ് പലപ്പോഴും കാലവർഷത്തിലുണ്ടാകുന്നത്. അത്തരം പേമാരികൾ ഇനിയുമുണ്ടാകാമെന്നും പെട്ടെന്നുള്ള അതിശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുമെന്നും കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഏതാനും വർഷങ്ങളായി കേരളത്തിൽ മേഘവിസ്ഫോടനങ്ങളുണ്ടാവുന്നുണ്ട്. വളരെ ചെറിയ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന ശക്തമായ മഴയാണിത്. 150 മില്ലി മീറ്ററോളം മഴയാണ് കഴിഞ്ഞ വർഷം തൃശൂരിലെ ഏനാമാക്കലും കൊടുങ്ങല്ലൂരുമുണ്ടായത്. അതേസമയം തൃശൂർ നഗരത്തിലും ഇതിലേറെ പെയ്തു. പക്ഷേ, മഴമാപിനി നഗരത്തിൽ ഇല്ലാത്തതിനാൽ മഴയുടെ കൃത്യമായ അളവ് ലഭ്യമായില്ല. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്.
ഇത്തരം മേഘവിസ്ഫോടനങ്ങൾ ഉണ്ടാകുമ്പോൾ, കിണറുകൾ ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് ഭൂജലവകുപ്പും മുന്നറിയിപ്പ് നൽകാറുണ്ട്. ശബ്ദം, തിരയിളക്കം ഉണ്ടായാൽ അറിയിക്കണമെന്നും കാലവർഷത്തോട് അനുബന്ധിച്ച് കാലപ്പഴക്കമുള്ള തുറന്ന കിണറുകൾ, വയൽ പ്രദേശങ്ങളിൽ നിർമിച്ച തുറന്ന കിണറുകൾ എന്നിവ ഇടിഞ്ഞു പോകാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഇത്തരം കിണറുകളിൽ നിന്നും ദൂരം പാലിക്കണമെന്ന് ഭൂജലവകുപ്പ് പറയുന്നു. കിണറുകളിൽ നിന്ന് ശബ്ദം, തിരയിളക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവരം അറിയിക്കണമെന്നും ഇത്തരം കിണറുകൾക്ക് ചുറ്റും ചെറിയ ബഫർ സോൺ, ഫെൻസിംഗ് എന്നിവ നിർമിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഭൂചലനവും ചുഴലിക്കാറ്റും മേഘവിസ്ഫോടനങ്ങളുമെല്ലാം മുൻകാലങ്ങളിൽ അന്യസംസ്ഥാനങ്ങളിലാണ് കേട്ടിട്ടുള്ളതെങ്കിൽ ഇപ്പോൾ കേരളത്തിനും അത് ശീലമാകുകയാണ്.
കൃഷിനാശം
വേനലിലും മഴയിലും
മഴയ്ക്ക് പുറമെ കേരളത്തിൽ അനുഭവപ്പെടുന്ന ഉയർന്ന ചൂടും കാർഷികമേഖലയെ തകർക്കുന്നതാണ്. വേനൽച്ചൂടിൽ, നെല്ലുത്പാദനത്തിൽ മാത്രം വൻ നഷ്ടമാണുണ്ടാകുന്നത്. വേനൽമഴ ശക്തമാകാൻ തുടങ്ങിയതോടെ അടുത്തകാലത്തായി കോൾ മേഖലയിലും കനത്ത നാശമാണുണ്ടാകുന്നത്. കൃഷി നേരത്തെയിറക്കിയിട്ടും രക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്.
ബാങ്കിൽ നിന്നും സ്വകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയെടുത്ത കൃഷിക്കാർ കൂടുതൽ ദുരിതമനുഭവിക്കുകയാണ്. എന്നാൽ അതേസമയം നഷ്ടക്കണക്ക് പുറത്തുവിടാതെയും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാതെയും തങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കർഷകർ പറയുന്നു. കാലം തെറ്റിയ മഴ മറ്റു കാർഷികമേഖലകളേയും വട്ടം കറക്കുന്നുണ്ട്. മുഖ്യമായി വൈക്കോൽ മാത്രം ആശ്രയിക്കുന്ന നാട്ടിൻപുറങ്ങളിലെ ക്ഷീരകർഷകരും സാമ്പത്തിക പ്രതിസന്ധിയിലാണ്. നെല്ലും വൈക്കോലും ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെട്ട ആയിരക്കണക്കിന് കർഷകരുണ്ട്. കാലം തെറ്റിയുള്ള മഴ അത് കൃത്യമായി രേഖപ്പെടുത്താത്ത കാലാവസ്ഥാ സംവിധാനങ്ങളും വലിയ തിരിച്ചടിയാണ് കാർഷികമേഖലയ്ക്കും നൽകുന്നതെന്ന് ചുരുക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |