തിരുവനന്തപുരം: ജോലിക്കു നിന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവതിയെ 20 മണിക്കൂർ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽവച്ച് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലയ്ക്ക് പുറത്തുള്ള ഡിവൈ.എസ്.പി അന്വേഷിക്കാനും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി ദക്ഷിണമേഖലാ ഐ.ജിയുമായി ആലോചിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം.
യുവതിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിദ്ധ്യത്തിൽ രേഖപ്പെടുത്തണം. അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയോഗിക്കണം. പേരൂർക്കട സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. ജനറൽ ഡയറി, എഫ്.ഐ. ആർ എന്നിവ പരിശോധിച്ച് യുവതി എത്രസമയം സ്റ്റേഷനിലുണ്ടായിരുന്നെന്ന് കണ്ടെത്തണം. മോഷണക്കേസിലെടുത്ത എഫ്.ഐ.ആറിനെക്കുറിച്ച് അസി.കമ്മിഷണർ അന്വേഷിക്കണം. പൊലീസിന്റെ ഭാഗത്തു നിന്നുള്ള കുറ്റകൃത്യം പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ളതാണോയെന്ന് പരിശോധിക്കണം. അങ്ങനെയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മൂന്ന് ആഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണം. ജൂലായ് മൂന്നിന് നടത്തുന്ന സിറ്റിംഗിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |