രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഉരുൾ ദുരന്തത്തിൽ നിന്ന് വയനാട് മെല്ലെ അതിജീവന പാതയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ മൂന്ന് വാർഡുകളിലാണ് കഴിഞ്ഞ ജൂലായ് മുപ്പതിന് ഉരുൾ ദുരന്തമുണ്ടായത്. ദുരന്തം വയനാടിന്റെ സമസ്ത മേഖലകളെയും ബാധിച്ചു. ടൂറിസത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ജില്ല ഇതോടെ എല്ലാം കൊണ്ടും ബുദ്ധിമുട്ടിലായി. ടൂറിസത്തെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ജില്ലയ്ക്ക് പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും പ്രചാരണ പ്രവർത്തനങ്ങൾ നടത്തി ടൂറിസം വകുപ്പു തന്നെ ഉണർന്ന് പ്രവർത്തിച്ചു. അതിന്റെ ഗുണങ്ങൾ ജില്ലയിൽ അനുഭവപ്പെടുകയും ചെയ്തു. അങ്ങനെ മെല്ലെ ടൂറിസം വീണ്ടും പച്ച പിടിച്ചു തുടങ്ങുമ്പോഴാണ് കഴിഞ്ഞ 16ന് മേപ്പാടി തൊള്ളായിരം കണ്ടിയിലെ എമറാൾ 900വെഞ്ചേഴ്സ് എന്ന റിസോർട്ടിലെ ഹട്ട് തകർന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് ദാരുണ മരണമുണ്ടായത്. നിലമ്പൂർ അകമ്പാടം സ്വദേശിനി എരഞ്ഞിമങ്ങാട് കാഞ്ഞിരപ്പടി ബിക്കൻ ഹൗസിൽ ബി. നിഷ്മ(25) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹട്ട് തകർന്നതുമായി ബന്ധപ്പെട്ട് റിസോർട്ട് മാനേജർ കോഴിക്കോട് കക്കോടി മോരിക്കര ആനന്ദം വീട്ടിൽ കെ.പി. സച്ഛന്ദ്, സൂപ്പർവൈസർ തിരുനെല്ലി പനവല്ലി കോമത്ത് വീട്ടിൽ കെ.കെ. അനുരാഗ് എന്നിവരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരത്തടികൾ ഉപയോഗിച്ച് നിർമ്മിച്ച പുല്ല് മേഞ്ഞ ഹട്ടാണ് കോരിച്ചൊരിയുന്ന മഴയത്ത് പുലർച്ചെ തകർന്നു വീണത്. മഴ പെയ്ത വെള്ളത്തിന്റെ ഭാരം പുൽമേഞ്ഞ മേൽക്കൂരക്ക് താങ്ങാനാവാതെ കൂര തകർന്നാണ് ദുരന്തമുണ്ടായത്. പതിനാറംഗ സംഘത്തിൽ നിഷ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകളായിരുന്നുണ്ടായത്. ഹട്ടിനുള്ളിൽ നാല് ടെന്റുകളിലായി ഒൻപത് പേരാണ് താമസിച്ചിരുന്നത്. തകർന്ന് വീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിഷ്മയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊള്ളായിരം കണ്ടിയിൽ കാടിനോട് അതിരടുന്ന അവസാനത്തെ സ്വകാര്യ റിസോർട്ടാണിത്.
വെല്ലുവിളിയാകുന്ന
അനധികൃത റിസോർട്ടുകൾ
ഹട്ടുകളും ട്രീ ഹൗസുകളും ടെന്റുകളിലുമായി പ്രകൃതിയോട് ഇണങ്ങിയുള്ള താമസം വാഗ്ദാനം ചെയ്താണ് വിനോദ സഞ്ചാരികളെ മിക്ക സ്വകാര്യ റിസോട്ട് ഉടമകളും വയനാട്ടിലേക്ക് ക്ഷണിക്കുന്നത്. എന്നാൽ അവ നിയമങ്ങൾ കൃത്യമായി പാലിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് തന്നെയാണ് ഉത്തരവും. ജില്ലയിൽ പ്രവർത്തിക്കുന്ന ഇത്തരം പല സ്വകാര്യ റിസോർട്ടുകളിലേക്കും എത്താൻ റോഡ് പോലുമില്ല. ഓഫ് റോഡ് യാത്രയും ടൂറിസത്തിന്റെ ഭാഗമാണ്. ആർക്കെങ്കിലും വൈദ്യസഹായം വേണ്ടി വന്നാൽ മണിക്കൂറുകൾ ഓഫ് റോഡുകളിലൂടെ ഇങ്ങനെ യാത്ര ചെയ്യണം. ദുരന്തമുണ്ടായ എമറാൾഡ് റിസോർട്ടിന്റെ പ്രവർത്തനാനുമതി രണ്ട് വർഷം മുമ്പ് അവസാനിപ്പിച്ചതായിരുന്നു. ഇത് പുതുക്കിയിരുന്നില്ല. എന്നിട്ടും ഇവിടെ അനധികൃതമായി റിസോർട്ട് പ്രവർത്തിച്ചു. സംഭവത്തെത്തുടർന്ന് റിസോർട്ട് മേപ്പാടി പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോൾ മാത്രമാണ് ഇത്തരം അനധികൃത റിസോട്ടുകൾക്കെതിരെ നടപടി വരുന്നത്. കഴിഞ്ഞ ആറുവർഷമായി ഈ റിസോർട്ട് ഇവിടെ പ്രവർത്തിക്കുന്നു. മുമ്പ് ഇവിടെ ഏലത്തോട്ടമായിരുന്നു. ഏലം ഉണക്കാൻ ഇട്ടിരുന്ന കെട്ടിടത്തിന് നമ്പരും രേഖകളും ഉള്ളതിന്റെ മറവിലാണ് ഇവിടെ പിന്നീട് ഹട്ടുകൾ നിർമ്മിച്ചതെന്നാണ് ആരോപണം. ഒരു ഹട്ടിന് അനുമതി വാങ്ങും. പിന്നീട് അതിന്റെ മറവിൽ കൂടുതൽ ഹട്ടുകൾ പണിയും. ഇങ്ങനെ അനധികൃതമായ നിരവധി കെട്ടിടങ്ങൾ മേപ്പാടി പഞ്ചായത്തിൽ മാത്രമായുണ്ട്. ഇക്കാര്യം അധികൃതർക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ കണ്ണടക്കുന്നു. നല്ല നിലയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ നടത്തുന്നവർക്ക് ഇത്തരം സ്ഥാപനങ്ങൾ വെല്ലുവിളിയായി മാറുന്നുണ്ട്.
തെള്ളായിരം കണ്ടി, എളമ്പിലേരി, ചൂരൽമല മേഖലകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മൂന്ന് വിനോദ സഞ്ചാരികളാണ് മരണപ്പെട്ടത്. 2021 ജനുവരി 23ന് എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കണ്ണൂർ സ്വദേശിനിയായ ഷഹാന(26)കൊല്ലപ്പെട്ടിരുന്നു. ഇതിന് അഞ്ഞൂറ് മീറ്റർ അകലെയായി 2003 നവംബർ 4ന് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ കുഞ്ഞവറാനും ജീവൻ നഷ്ടമായി. 2023 ഡിസംബറിൽ തെള്ളായിരം കണ്ടിയിലെ പാറക്കെട്ടിൽ തമിഴ്നാട് സ്വദേശിയായ യുവാവ് വഴുതി വീണ് മരണപ്പെട്ടു. 2023ൽ ചൂരൽമല റാട്ടപ്പടി പുഴയിൽ കുളിക്കാനിറങ്ങിയ തൃശ്ശൂർ ചാലക്കുടി സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു.
മാർക്കറ്റിംഗ്
സമൂഹമാദ്ധ്യമത്തിലൂടെ
സമൂഹമാദ്ധ്യമങ്ങളിലൂടെ നൽകുന്ന പരസ്യവും ഇൻഫ്ളൂവൻസർമാരുടെ കൊതിപ്പിക്കുന്ന വാക്കുകളും കേട്ടാണ് പലരും ചുരം കയറി എത്തുന്നത്. സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വിവിധ ഓൺലൈൻ ഫ്ളാറ്റ് ഫോമുകളിൽ ഒട്ടേറെ ഫോളോവേഴ്സുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ചാണ് ഇത്തരം റിസോർട്ടുകളുടെ മാർക്കറ്റിംഗ്. സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന റീൽസുകളിലൂടെ ഇവ തരംഗമായി മാറുന്നു. വയനാട്ടിൽ നടക്കുന്നത് ഇതാണ്.
ചട്ടം ലംഘിച്ച് 1043
ടൂറിസ്റ്റ് നിർമ്മിതകൾ
വയനാട്ടിൽ 1043 ടൂറിസ്റ്റ് നിർമ്മിതകൾ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പിന്റെ ആസൂത്രണ വിഭാഗം തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു എന്നാണ് ഒടുവിലത്തെ വിവരം. ഗ്രാമപഞ്ചായത്തുകൾ കണ്ണടക്കുന്നു. പരിസ്ഥിതി പ്രാധാന്യമുളള ഇടങ്ങളിൽ പോലും അനധികൃത ടൂറിസം നിർമ്മിതികൾ ഇപ്പോഴും സജീവമാണ്. ചെറുതും വലുതുമായി 600 ഓളം സ്ഥാപനങ്ങളാണ് മേപ്പാടി പഞ്ചായത്തിൽ മാത്രം പ്രവർത്തിക്കുന്നത്. ഇതിൽ കൂടുതലും വെള്ളരിമല വില്ലേജ് പരിധിയിൽ. റെഡ്‌സോണിൽ ഉൾപ്പെട്ട പരിസ്ഥിതി ദുർബല പ്രദേശത്തു പോലും യാതൊരുവിധ നിയന്ത്രണവുമില്ലാതെ ടൂറിസംകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുകയാണ്. നൂറിൽ താഴെ സ്ഥാപനങ്ങൾ മാത്രമാണ് ലൈസൻസോടെ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |