തെരുവു നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത് മനുഷ്യജീവന് വീണ്ടും ഭീഷണിയാവുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ തന്നെ നിരവധി പേർക്കാണ് കടിയേറ്റത്. ഇതിൽ ഏറ്റവും വേദനാജനകമായ സംഭവം കൊല്ലം പത്താനാപുരം സ്വദേശിനിയായ ഏഴു വയസുകാരിയുടെ മരണമാണ്. പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും കുട്ടി മരിച്ച സംഭവം ആരോഗ്യമേഖലയുടെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ മാതാവ് മാദ്ധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്, പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതാണ് നായ്ക്കൾ പെരുകുന്നതിന് ഇടയാക്കിയതെന്നാണ്. തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ ആവിഷ്കരിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളിലെ മാലിന്യ പ്രശ്നത്തിലും തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായ നടപടി കൈക്കൊള്ളണം.
സാബു
കല്ലേറ്റുംകര
വേട്ടയാടുന്നത്
വേടനെയോ?
റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയെ കഞ്ചാവ് കൈവശം വച്ച കുറ്റത്തിൽ പൊലീസ് വിട്ടയച്ചിട്ടും പുലിപ്പല്ല് കൈവശം വച്ചതിന് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കുടുക്കാൻ ശ്രമിച്ച വനംവകുപ്പിന്റെ നടപടി തീർത്തും അപലപനീയമാണ്. സുഹൃത്ത് സമ്മാനിച്ച പുലിപ്പല്ലിനെ, അമ്മ ശ്രീലങ്കൻ വംശജയാണെന്നുള്ള ബന്ധം ഉയർത്തി തെളിവുകൾ ഇല്ലാതിരുന്നിട്ടുപോലും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ ഉയർത്തിയ ഉദ്യോഗസ്ഥരെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ല. പുലിപ്പല്ലുമായി ബന്ധപ്പെട്ട് മതിയായ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ സംഭവത്തിൽ വേടന് എതിരെ ചാർത്തിയിട്ടുള്ള വനംവകുപ്പിന്റെ കേസുകൾ പിൻവലിക്കണം.
നിധിൻ
രാമങ്കരി
ലൈഫ് ഗാർഡ്
എന്ന രക്ഷകർ
കടൽത്തീര വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്റ്റുകളുടെ ഇഷ്ട ഇടങ്ങളാണ്. കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന പലരും കടലിൽ കുളിക്കാനിറങ്ങുന്നതും സ്വാഭാവികമാണ്. എന്നാൽ വേലിയേറ്റ സമയത്തുണ്ടാകുന്ന ശക്തമായ തിരയിൽ ആളുകൾ പെട്ടുപോകുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ പല കടൽത്തീരങ്ങളിലും പതിവായി ഉണ്ടാകുന്നുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനും ആപത്ഘട്ടങ്ങളിൽ സഹായിക്കാനും ഇവിടങ്ങളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകളുടെ എണ്ണമില്ലാത്തതാണ് മിക്കപ്പോഴും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കുന്നത്. മിക്കയിടങ്ങളിലും തിരയിൽപ്പെടുന്നവർക്ക് രക്ഷകരായി എത്തുന്നത് മത്സ്യത്തൊഴിലാളികളാണ്. തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പാക്കണം.
ആർ. ജിഷി
കൊട്ടിയം, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |