പ്രമുഖ കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവ് കെ. അനിരുദ്ധന്റെ ജന്മശതാബ്ദി വർഷമാണിത്. കൊല്ലവർഷം 1100 (1925) ചിങ്ങമാസം ജനിച്ച അദ്ദേഹം അന്തരിച്ചിട്ട് ഇന്ന് (മേയ് 22) ഒമ്പതു വർഷം തികയുന്നു. തോട്ടി തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും മാത്രമല്ല, തൊഴിലെടുക്കുന്ന സമസ്‌ത വിഭാഗങ്ങളുടെയും അനിഷേദ്ധ്യ നേതാവായിരുന്നു കെ. അനിരുദ്ധൻ. നഗരസഭാംഗം, നിയമസഭാംഗം, പാർലമെന്റംഗം, ജില്ലാ കൗൺസിൽ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ തന്റേതായ വ്യക്തിപ്രഭാവം വരച്ചുകാട്ടിയ നേതാവായിരുന്നു അദ്ദേഹം.
സിനിമാനടൻ മധുവിന്റെ പിതാവ് പരമേശ്വരൻപിള്ളയെ തോൽപ്പിച്ച് കോർപ്പറേഷൻ കൗൺസിലറായി. നിയമസഭയിലേക്ക് പട്ടം താണുപിള്ളയോട് ഏറ്റുമുട്ടി ചെറിയ വോട്ടിനു പരാജയപ്പെട്ടെങ്കിലും പട്ടം ഗവർണറാകാൻ രാജിവച്ച സീറ്റിൽ നിയമസഭാംഗമായി. മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിനെ പരാജയപ്പെടുത്തി പാർലമെന്റംഗമായി. ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധിയുടെ നിർബന്ധപ്രകാരം ജവഹർലാൽ നെഹ്‌റു പിരിച്ചുവിട്ടല്ലോ. അതിനെതിരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഒരു റാലി നടന്നു.
ആ റാലിയിൽ, അന്ന് ഒമ്പതു വയസുള്ള ലേഖകനും ഇ.എം.എസിന്റെ പുത്രൻ, അതേ പ്രായക്കാരനായ ശശിയും പങ്കെടുത്തിരുന്നു. പുത്തരിക്കണ്ടം മൈതാനിയിൽ എത്തിയപ്പോൾ വലിയ മീശക്കാരനായ അനിരുദ്ധൻ സഖാവ് ഞങ്ങളെ തിരിച്ചറിഞ്ഞ് സ്റ്റേജിലേക്ക് എടുത്തുകയറ്റി വലിയ ഗ്ളാസ്സിലെ 'ബോഞ്ചി" (നാരങ്ങാവെള്ളം) കുടിപ്പിച്ചതും കൈമടക്കിൽ നിന്ന് പത്തുരൂപ എടുത്ത് നന്തൻകോടുകാരിയായ മ്യൂസിയം ജീവനക്കാരിയെ ഏർപ്പെടുത്തി വീട്ടിലേക്ക് അയച്ചതും എങ്ങനെ മറക്കാൻ കഴിയും!
ആ ബന്ധം അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ തുടർന്നു. അടിയന്തരാവസ്ഥയിൽ ആറാഴ്ചക്കാലം ജയിലിലും കിടന്നു. അനിരുദ്ധന്റെ സഹധർമ്മിണി സുധർമ്മ ടീച്ചറിനെയും മറക്കുക വയ്യ. കാൽ നഷ്ടപ്പെട്ട് ശയ്യാവലംബിയായ അദ്ദേഹത്തിന്റെ സീമന്തപുത്രൻ വീട്ടിൽത്തന്നെ ആശുപത്രി വാർഡൊരുക്കി. അതിപ്പോൾ ലൈബ്രറിയാണ്. ഇളയ മകൻ കസ്‌തൂരി തന്റെ ജോലി തന്നെ ഉപേക്ഷിച്ച് പിതാവിന്റെ പരിചരണത്തിനായി ഏഴുവർഷം ചെലവിട്ടു. അവശതയിൽ വിശ്രമിക്കുമ്പോൾ അദ്ദേഹത്തെ പരിചരിക്കാൻ രാധാകൃഷ്ണനെയും വാസുപിള്ളയെയും തങ്കപ്പനെയും പോലുള്ളവരുണ്ടായിരുന്നു. അതിലൊരാൾ ഇപ്പോഴും കസ്‌തൂരിക്കൊപ്പമുണ്ട്. പ്രിയ സഖാവിന്റെ ദീപ്‌തസ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്‌മരണ തൊഴിലെടുക്കുന്നവന് എന്നും ഊർജ്ജം പകരും.
(തിരുവനന്തപുരം റെയിൽവേയിലെ ലൈസൻസ്‌ഡ് പോർട്ടേഴ്സ് ഫെഡറേഷൻ പ്രസിഡന്റാണ് ലേഖകൻ. ഫോൺ: 85473 16888)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |