മലപ്പുറം കൂരിയാട് കഴിഞ്ഞ ദിവസം ദേശീയപാതയുടെ ഭാഗം ഇടിഞ്ഞ് സർവീസ് റോഡിലേക്കു വീഴുകയും, കനത്ത മഴ തുടരുന്ന മേഖലയിൽ പലേടത്തും റോഡിൽ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്ത സംഭവം ആശങ്കയുണ്ടാക്കുന്നതാണ്. സർവീസ് റോഡിലൂടെ പോവുകയായിരുന്ന കാറിനു മീതേയ്ക്കാണ് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റെങ്കിലും ജീവൻ പോകാതിരുന്നത് ഭാഗ്യം. ഉയരത്തിലുള്ള നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഈ അപകടത്തിന് കാരണമെന്നു പറയാൻ ഒരു സാങ്കേതിക വൈദഗ്ദ്ധ്യവും വേണ്ട.
വയലിലൂടെയാണ് ഈ ഭാഗത്ത് ദേശീയപാത പണിതിരിക്കുന്നത്. സ്വാഭാവികമായും മണ്ണ് ചെളി കലർന്നതാകും. മഴക്കാലത്ത് ഈ ചെളിമണ്ണിന്റെ ഘടന അയവാർന്നതാവുകയും, അതിനു മീതെയുള്ള നിർമ്മിതികൾ ഇടിഞ്ഞുതാഴുകയും ചെയ്യും. കെട്ടിടമായാലും റോഡ് ആയാലും അതിന് ഉറച്ചുനില്ക്കാനുള്ള ബലം ആ സ്ഥലത്തെ മണ്ണിനുണ്ടോ എന്ന സമ്മർദ്ദ പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്ന് ഏത് സാധാരണക്കാരനും ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോൾ കുറ്റം മുഴുവൻ മഴയ്ക്കാണ്. മഴക്കാലം വരുമെന്നും, പ്രളയസാഹചര്യം പോലും അതിജീവിക്കത്തക്ക വിധത്തിൽ വേണം നിർമ്മിതികളെന്നും, വയൽമണ്ണിലൂടെ ദേശീയപാത പോലെ തുടർച്ചയായി വാഹനസമ്മർദ്ദം താങ്ങേണ്ടിവരുന്നവ പണിയുന്നതിനു മുമ്പ് എല്ലാ ശാസ്ത്രീയ പരിശോധനകളും നടത്തണമെന്നും, ഏത് ആഘാതവും താങ്ങാവുന്നതാകണം നിർമ്മാണ രീതിയെന്നും ഒക്കെ മനസിലാക്കാൻ ഒരു എൻജിനിയറിംഗ് ബിരുദവും വേണ്ട.
സംസ്ഥാനത്ത് ദേശീയപാതാ വികസനം പലയിടത്തും തുടരുന്നുണ്ട്. പല ഭാഗങ്ങളിലും കുന്നുകൾ ഇടിച്ച്, വലിയ ആഴത്തിൽ മണ്ണെടുത്താണ് പാത നിരപ്പാർന്ന പ്രതലത്തിലാക്കിയിരിക്കുന്നത്. ഈ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ പാർശ്വഭാഗങ്ങളിലെ കുത്തനെയുള്ള മൺഭിത്തികൾ ഇടിഞ്ഞുവീഴുമോ എന്ന ഭീതിയാണ് യാത്രക്കാരുടെ മനസിൽ. ഇത്തരം മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു ഉപാധിയും അധികൃതർ സ്വീകരിച്ചുകാണുന്നില്ല. ആറുവരിപ്പാതയും റോഡ് വികസനവും ഒക്കെ വേണ്ടുന്നതു തന്നെ. പക്ഷേ മനുഷ്യരുടെ ജീവന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനം. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് അതിവേഗം സഞ്ചരിക്കാം എന്നത് സമയലാഭം നോക്കിയാൽ അങ്ങേയറ്റം പ്രയോജനകരമാണ്. പക്ഷേ, അതിലും വേഗം അപകടങ്ങളിലേക്കു സഞ്ചരിക്കാം എന്നത് ഒഴിവാക്കണമല്ലോ!
രവീന്ദ്രൻ നായർ
കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |