SignIn
Kerala Kaumudi Online
Wednesday, 14 January 2026 7.36 AM IST

കൊവിഡ് ഭീഷണി: വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു,​ രോഗ ലക്ഷണമുള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് ധരിക്കണം

Increase Font Size Decrease Font Size Print Page

mask

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കൊവിഡ് വർദ്ധിക്കാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയിൽ തന്നെ പ്രോട്ടോകോൾ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികൾ കൊവിഡ് ആണെന്ന് കാണുമ്പോൾ റഫർ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കൊവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആർ.ടി.പി.സി.ആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി.

നിപ പ്രതിരോധ പ്രവർത്തനം പ്രത്യേകമായി യോഗം ചർച്ച ചെയ്തു. പ്രോട്ടോകോൾ പാലിച്ച് കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

മഴക്കാലം വരുന്നതിനാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാൻ സാദ്ധ്യതയുള്ളവതിനാൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷൻ പ്ലാൻ ഉണ്ടാകണം. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: MASK, COVID, VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.