ശ്രീനാരായണ പ്രസ്ഥാനങ്ങളിലും സാമൂഹ്യ, സാംസ്‌കാരിക രംഗത്തും കർമ നിരതനായിരുന്ന രാമപുരം വി. കെ. ശിവാനന്ദൻ കഴിഞ്ഞ ദിവസം (മേയ് 18) ജീവിതത്തിൽ നിന്ന് വിടവാങ്ങി. രാമപുരത്ത് കുഞ്ഞൻപണിക്കർ, നാരായണിയമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമത്തെ മകനായി ജനിച്ച ശിവാനന്ദൻ സ്‌കൂൾ, കോളേജ് പഠനം പൂർത്തിയാക്കി സർക്കാർ ഐ. ടി. ഐ യിൽ സ്റ്റോർ കീപ്പർ തസ്തികയിൽ ജോലി നേടി. ആദ്യ കാലത്ത് ശ്രീനാരായണ യൂത്ത് മൂവ്‌മെന്റിൽ അംഗമായി ചേർന്ന് രാമപുരം യൂണിറ്റ് പ്രസിഡന്റ്, നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷം യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായി.
തുടർന്ന് എസ്. എൻ.ഡി.പി രാമപുരം ശാഖ, നെയ്യാറ്റിൻകര യൂണിയൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ, എസ്.എൻ.ട്രസ്റ്റ് മെമ്പർ തുടങ്ങിയ നിലകളിലും അരുവിപ്പുറം ശിവപ്രതിഷ്ഠ ആഘോഷ കമ്മിറ്റി അംഗം, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, ശ്രീനാരായണ സാംസ്‌കാരിക സമിതി അംഗം എന്നീ നിലകളിലും നേതൃസ്ഥാനം അലങ്കരിച്ചു.
ചെറുപ്പത്തിൽ ഇടതുപക്ഷ ചിന്ദാഗതിയും അനുഭാവവും വച്ചുപുലർത്തി ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നുവെങ്കിലും പിൽക്കാലത്ത് കെ.ആർ. ഗൗരിയമ്മയുടെ ജെ.എസ്.എസിൽ ചേർന്ന് യു.ഡി.എഫ് പ്രവർത്തകനും ജില്ലാ നേതാവുമായി മാറി. പിന്നീട് കേരള സർക്കാരിന്റെ 'കാംകോ" കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി കുറച്ചുകാലം പ്രവർത്തിച്ചു. ശ്രീനാരായണ യൂത്ത് മൂവ്‌മെന്റ് നേതാവ് എസ്. സുവർണകുമാർ വഴി വി.കെ. ശിവാനന്ദൻ കേരളകൗമുദിയുമായി ഏറെ അടുപ്പം പുലർത്തി. ആദ്യമായി ഈ ലേഖകൻ കേരളകൗമുദി പത്രാധിപർ കെ. സുകുമാരനെ സന്ദർശിക്കുന്നത് 1981-ൽ വി. കെ. ശിവാനന്ദനോടൊപ്പമായിരുന്നു.
കൗമുദി അങ്കണത്തിലെ വീടിന്റെ സ്വീകരണ മുറിയിൽ, പത്രാധിപർ ഒരു ചാരു കസേരയിൽ കിടന്ന് ട്രാൻസിസ്റ്റർ റേഡിയോയിൽ ഇംഗ്ലീഷ് വാർത്ത കേൾക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ഞങ്ങളുടെ നേരെ തിരിഞ്ഞ് വിശേഷങ്ങൾ തിരക്കുകയും, ഈ ലേഖകനെ 'കുഞ്ഞേ" എന്ന് വാത്സല്യപൂർവം വിളിക്കുകയും, ധാരാളം വായിക്കണമെന്നും പ്രത്യേകം ലക്ഷ്യബോധം വേണമെന്നും ഉപദേശിക്കുകയും ചെയ്തു.
ഒരു കലാകാരൻ കൂടിയായിരുന്ന വി.കെ. ശിവാനന്ദൻ ഒട്ടേറെ നാടകങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഒട്ടേറെ ക്ലബുകളും വായനശാലകളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യ കാലത്ത് രാമപുരം ഗ്രാമീണ ഗ്രന്ഥശാല ആരംഭിക്കുന്നതിന് മുൻകൈയെടുത്തു പ്രവർത്തിച്ച ഈ ലേഖകന്റെ പിതാവും ഇടത് സഹയാത്രികനും അദ്ധ്യാപകനുമായിരുന്ന കെ. നടേശന് എല്ലാ പിന്തുണയും നൽകി വിജയത്തിലെത്തിക്കുന്നതിന് വി. കെ. ശിവാനന്ദന് കഴിഞ്ഞിട്ടുണ്ട്. ദുർബല വിഭാഗങ്ങളെ സഹായിക്കുന്നതിൽ വി.കെ. ശിവാനന്ദൻ എന്നും ശുഷ്‌കാന്തി കാട്ടിയിരുന്നു. സ്‌കൂൾ അദ്ധ്യാപികയായി വിരമിച്ച ചന്ദ്രികയാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. പ്രദീപ് ആനന്ദ്, അഡ്വ. പ്രമോദ് ആനന്ദ്, പരേതനായ പ്രസീൻ ആനന്ദ് എന്നിവർ മക്കളും, രശ്മി പ്രദീപ്, ഹിമ ചന്ദ്രൻ എന്നിവർ മരുമക്കളും ശിവഗംഗ ചെറു മകളുമാണ്. രാമപുരം വി. കെ. ശിവാനന്ദന്റെ സ്മരണക്ക് മുൻപിൽ ആദരാഞ്ജലികൾ.
(എസ്. ആർ. പി സംസ്ഥാന സെക്രട്ടറിയും, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി കേന്ദ്ര കമ്മിറ്റി ചെയർമാനുമാണ് ലേഖകൻ. ഫോൺ. 94951 24634)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |