ശ്രീനാരായണ ഗുരുദേവന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന ദർശനത്തിന്റെ വെളിച്ചത്തിൽ സർവ സമുദായ മൈത്രിക്കു വേണ്ടി ജീവിച്ച മഹാനുഭാവനായ കവിയായിരുന്നു പണ്ഡിറ്റ് കറുപ്പൻ. 'ഇക്കാണും ലോകങ്ങൾ ഈശ്വരന്റെ മക്കളാ,ണെല്ലാമൊരു ജാതി" എന്നതായിരുന്നു മാസ്റ്ററുടെ ജീവിതാദർശം. ഇപ്രകാരം എഴുതുക മാത്രമല്ല, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. താൻ ജനിച്ച ധീവര അരയ സമുദായത്തിന്റെ പുരോഗതിക്കു വേണ്ടി മാത്രമല്ല, സർവ സമുദായങ്ങളുടെയും വളർച്ച കറുപ്പന്റെ ജീവിതാദർശമായിരുന്നു. എല്ലാ സമുദായങ്ങളെയും ജനതയെയും അദ്ദേഹം ആത്മഭാവത്തിൽ കണ്ടു. ആ കവിതകളിൽ നിറഞ്ഞു പ്രകാശിക്കുന്നത് ഈ ആദ്ധ്യാത്മ തത്വമാണ്.
എറണാകുളം ചേരാനല്ലൂരിൽ 1885 മേയ് 24-ന് കെ.പി കറുപ്പൻ ജനിച്ചു. 1938 മാർച്ച് 23-ന് 53-ാം വയസിൽ അന്തരിക്കുമ്പോൾ ഒരു മഹാകവി, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിൽ സർവജനാരാധ്യനായിരുന്നു, അദ്ദേഹം. കവിത്വവും സാമൂഹിക പരിഷ്‌കരണവും മഹാകവി കുമാരനാശാനിലെന്നപോലെ കറുപ്പൻ മാസ്റ്ററിലും സമന്വയഭാവം പ്രാപിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, ശ്രീമൂലം പ്രജാസഭയിലെ അംഗം എന്നീ നിലകളിൽ മഹാകവി ആശാൻ നിർവഹിച്ച സാമൂഹിക പ്രവർത്തനങ്ങൾ സുവിദിതമാണ്. പൊതുജന സേവനം കാവ്യ രചനയിൽ ആശാനിൽ വലിയ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. അതുപോലെ കറുപ്പൻ മാസ്റ്റർ കവിത്വത്തിന് തത്തുല്യം. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളിലും എതിരും പതിരുമില്ലാതെ പ്രവർത്തിച്ചു.
പേര് കറുപ്പൻ എന്നായിരുന്നുവെങ്കിലും വെളുത്ത്, സുഭഗനായിരുന്നു കറുപ്പൻ മാസ്റ്റർ. അദ്ദേഹം തലപ്പാവുമണിഞ്ഞ് കൊച്ചി നിയമസഭയിലേക്ക് (കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ) വരുമ്പോൾ ഒരു രാജപ്രൗഢിയുണ്ടായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 1925-ൽ നാൽപ്പതാം വയസിൽ അദ്ദേഹം കൊച്ചി നിയമസഭാംഗമായി. അടുത്ത തവണ കറുപ്പൻ മാസ്റ്ററെത്തന്നെ ഗവൺമെന്റ് നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ അദ്ദേഹം അതിൽ നിന്ന് ഒഴിയുകയും, ഒരു പുലയ സമുദായാംഗത്തെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് പി.സി. ചാഞ്ചൻ നിയമസഭാംഗമായത്.
നിയമസഭയിലേക്ക് പുലയ സമുദായാംഗത്തെ നിർദ്ദേശിക്കുക മാത്രമല്ല, പുലയ സമുദായത്തിന് 1909- ൽ കൊച്ചി പുലയസഭ എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. ഈ പുലയസഭ 1948 വരെ പ്രവർത്തിച്ചിരുന്നു. 1938 ൽ കറുപ്പൻ നിര്യാതനായതിനാൽ പുലയസഭയുടെ തുടർന്നുള്ള പ്രവർത്തനം മന്ദീഭവിക്കുകയായിരുന്നു. ഗുരുദേവന്റെ ' സംഘടിച്ച് ശക്തരാകുവിൻ" എന്ന ദിവ്യോപദേശം കറുപ്പൻ മാസ്റ്ററിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. വാല സമുദായത്തിന്റെ പുരോഗതിക്കായി കൊച്ചി, ആലപ്പുഴ തുടങ്ങിയ ദേശങ്ങൾ കേന്ദ്രീകരിച്ച് വാല പരിഷ്‌കരിണി സഭ , കൊച്ചി അരയസമാജം തുടങ്ങിയ സംഘടനകളും അദ്ദേഹം സ്ഥാപിച്ചു.
ആയിടെ വിപുലമായ ഒരു പുലയ മഹാജന യോഗം കൊച്ചിയിൽ ചേരുവാൻ തീരുമാനിച്ചെങ്കിലും സമ്മേളനം ചേരുവാൻ സ്ഥലം ലഭ്യമായില്ല. കറുപ്പൻ മാസ്റ്റർ അതിനും പരിഹാരം കണ്ടെത്തി. കൊച്ചി കായലിൽ വള്ളങ്ങൾ ചേർത്ത് അതിൽ പലകകൾ നിരത്തി മാസ്റ്റർ യോഗസ്ഥലം ഒരുക്കിക്കൊടുത്തു. 'കൊച്ചി രാജാവിന് കൊച്ചി കായലിൽ അവകാശമില്ലെന്ന് കറുപ്പൻ പറഞ്ഞുവെന്ന് പോയി പറഞ്ഞുകൊൾവിൻ" എന്ന് മാസ്റ്റർ പറഞ്ഞതായും ചരിത്രമുണ്ട്. ഇതിന്റെ ഭാഗമായാണ് 'സമസ്ത കൊച്ചി പുലയ മഹാസഭ" എന്ന സംഘടന സ്ഥാപിതമായത്.
കറുപ്പൻ മാസ്റ്റർ 1910-ൽ തേവരയിൽ സ്ഥാപിച്ച വാലസമുദായ പരിഷ്‌കരണി സഭ, തേവരയിൽത്തന്നെ 'സുധർമ സൂര്യോദയം സഭ, ഇടക്കൊച്ചി ജ്ഞാനോദയം സഭ, കുമ്പളം സന്മാർഗപ്രദീപം സഭ, ഷണ്മുഖപുരം ഷണ്മുഖവിലാസം സഭ, അയ്യപ്പള്ളി സുധർമോദയം സഭ, വടക്കൻ പറവൂർ പ്രബോധചന്ദ്രോദയം സഭ എന്നീ സംഘടനകൾ സമുദായ നവോത്ഥാനത്തിന്റെ ഭാഗമായി കറുപ്പൻ മാസ്റ്റർ സ്ഥാപിച്ചവയാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾ വെടിഞ്ഞ് മനുഷ്യരെല്ലാം ഒന്നെന്ന ശ്രീനാരായണവാണി മാസ്റ്ററെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ വലിയ ആരാധകനായിരുന്നു കറുപ്പൻ മാസ്റ്റർ. ഗുരുദേവൻ ആലുവാ അദ്വൈതാശ്രമത്തിലും സമീപപ്രദേശങ്ങളിലും വിശ്രമിക്കുന്ന വേളകളിൽ മാസ്റ്റർ ഗുരുവിനെ കൂടകൂടെ വന്നു ദർശിക്കുമായിരുന്നു. ഗുരുദേവനെക്കുറിച്ച് നിരവധി കവിതകൾ മാസ്റ്റർ എഴുതി. ഈ യുഗത്തെ ശ്രീനാരായണ യുഗമെന്നും, ഗുരുദർശനത്തെ നവവേദമെന്നും ആദ്യം വിശേഷിപ്പിച്ചത് പണ്ഡിറ്റ് കറുപ്പനാണ്. ജാതി ഭേദത്തിനെതിരെയാണ് ആ തൂലിക ശക്തമായി ചലിച്ചത്. ജാതിക്കുമ്മി (1912), ബാലാകലേശം (1913), ഉദ്യാന വിരുന്ന് (1914) എന്നിവയാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. ജാതിക്കെതിരെയുള്ള പോരാട്ടത്തിൽ കുമാരനാശാൻ 1922-ൽ 'ദുരവസ്ഥ" പ്രകാശനം ചെയ്യുന്നതിന് പത്തു വർഷം മുമ്പ്, 1912-ൽ, കറുപ്പൻ മാസ്റ്റർ 'ജാതിക്കുമ്മി" എഴുതി. ജാതിഭേദത്തിന്റെ നിരർത്ഥകത വെളിവാക്കുന്നതാണ് ഇതിലെ ഓരോ വരിയും.
കഥാപ്രസംഗ കലയയുമായും കറുപ്പൻ മാസ്റ്റർക്ക് ബന്ധമുണ്ട്. പുരാണ ഹരികഥയെ കഥാപ്രസംഗ കലയായി രൂപപ്പെടുത്തിയത് ഗുരുദേവന്റെ ദിവ്യോപദേശമാണ്. കഥാപ്രസംഗത്തിന് ശീലുകൾ എഴുതുവാൻ നിയുക്തനായ കുമാരനാശാൻ പല്ലനയിൽ ശരീരം വെടിയേണ്ടി വന്നതിനാൽ ഗുരുവിന്റെ നിർദ്ദേശപ്രകാരം ഡോ. പൽപ്പുവിന്റെ സഹായത്തോടെ കഥാപ്രസംഗത്തിന് ശീലുകൾ എഴുതിയത് പണ്ഡിറ്റ് കറുപ്പനാണ്. സർവ സമുദായ മൈത്രിയുടെ സന്ദേശവാഹകനായ ഈ മഹാകവിയുടെ ജീവിതവും കൃതികളും പുതിയ തലമുറ പഠന വിഷയമാക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |