ജനാധിപത്യ രാഷ്ട്രീയക്രമത്തിലെ നാലാംതൂണ് എന്നാണ് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. അത്തരമൊരു സമൂഹത്തിൽ ന്യൂക്ലിയർ ബോംബിനെക്കാൾ ശക്തിയുളള ആയുധമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ- മാദ്ധ്യമങ്ങൾ. ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ വൻവിനാശം വിതയ്ക്കാനാവും എന്നതാണ് സത്യം. കേരള ചരിത്രം പരിശോധിച്ചാലും സാമൂഹിക പുരോഗതിക്ക് കുടപിടിച്ച പത്രങ്ങളും യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകൾക്കുള്ളിൽ ചുറ്റിത്തിരിഞ്ഞ പത്രങ്ങളും കാണാനാകും. തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് ഊർജ്ജം പകർന്ന ചുരുക്കം ചില പത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയ്ക്ക് ചരിത്രരേഖകളിൽ നിന്ന് അകന്നുനിൽക്കുവാനുള്ള ദുര്യോഗമാണ് ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ ആശീർവാദത്തോടെ ആലപ്പുഴയിൽ കയർത്തൊഴിലാളികളുടെ സംഘടന രൂപീകരിക്കുകയും അവരുടെ ആശയാഭിലാഷങ്ങൾക്കുവേണ്ടി 'തൊഴിലാളി" എന്ന പത്രം തുടങ്ങുകയും ചെയ്ത വാടപ്പുറം പി.കെ. ബാവ എന്ന ഉത്തിഷ്ഠമാനനായ വ്യക്തിയുടെ പ്രസക്തി. പി.കെ. ബാവയെ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പിതാവെന്ന് വിശേഷിപ്പിക്കാം. തൊഴിൽ മേഖലയിൽ മൂലധനത്തിന്റെ പ്രഭാവം സൃഷ്ടിക്കുന്ന അധികാര പ്രമത്തതയും തുടർന്നുണ്ടാകുന്ന അനർത്ഥങ്ങളും തത്ഫലമായി രൂപപ്പെടുന്ന സാമൂഹിക സംഘർഷങ്ങളും തുറന്നുകാട്ടുന്ന പുസ്തകമാണ് 'കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും."
ഒരു കാലത്ത് ധർമ്മത്തിലധിഷ്ഠിതമായി പ്രവർത്തിച്ചിരുന്ന മാദ്ധ്യമങ്ങൾ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയിൽ തങ്ങളുടെ ധർമ്മം പാടേ മറന്ന് ഏതു നിലവരെ അധഃപതിച്ചു എന്നതും ഈ താളുകളിൽ നമുക്ക് കാണാം. വാടപ്പുറം ബാവയുടെ കൊച്ചുമകനും പരിണതപ്രജ്ഞനായ മാദ്ധ്യമപ്രവർത്തകനും ചെറുകഥാകൃത്തുമായ രമേശ് ബാബു ആണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ഇക്കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ സമ്മാനിക്കാവുന്ന അവസരരാഹിത്യത്തിലേക്കും വിരൽചൂണ്ടുന്ന പുസ്തകം, സാർവത്രികമായി നിർമ്മിതബുദ്ധി ആരംഭം കുറിച്ച് അനതിവിദൂര ഭാവിയിൽ പത്രമാദ്ധ്യമങ്ങളുടെ കടപുഴക്കുവാൻ പോന്ന ആപൽക്കാലത്തെയും വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്നു. കേരളത്തിലെ തൊഴിലാളി വർഗത്തിന്റെ വേദനയും യാതനയും ജനശ്രദ്ധയിൽ കൊണ്ടുവരാനും അവരുടെ പോരാട്ടങ്ങൾക്ക് ശക്തിപകരാനും മാദ്ധ്യമങ്ങൾ തയ്യാറാകാതിരുന്ന ഒരു കാലത്തെയും ആ കാലയളവിൽ മാദ്ധ്യമരംഗത്തുണ്ടായ വിപ്ലവകരമായ പരിവർത്തനത്തെയും അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം സാമൂഹികനീതിക്കുവേണ്ടി നിലകൊണ്ട പത്രങ്ങൾക്ക് നേരിടേണ്ടിവന്ന ചരിത്ര നിരാസത്തെക്കുറിച്ചും ഊന്നിപ്പറയുന്നു.
ഗ്രന്ഥകർത്താവിന്റെ നിരന്തരമായ ഗവേഷണഫലമായാണ് കേരള മീഡിയ അക്കാഡമി പ്രസിദ്ധീകരിച്ച ഈപുസ്തകം. കേരളത്തിലെയും ഭാരതത്തിലെയും നിർണായകമായ പല ചരിത്രസംഭവങ്ങളെയും ഊജ്ജ്വല വ്യക്തിത്വങ്ങളെയും അനുബന്ധമായി ഇതിൽ ചേർത്തിട്ടുണ്ട്. ഗ്രന്ഥത്തിൽ പറയുന്നതുപോലെ മാദ്ധ്യമരംഗം വൻവ്യവസായവും കോർപ്പറേറ്റ് ശക്തിയുമായി വളർന്നിരിക്കുന്ന ഇക്കാലത്ത് കാലാകാലങ്ങളായി സമൂഹം പുലർത്തിപ്പോന്നിരുന്ന മൂല്യങ്ങളോ ധർമ്മങ്ങളോ ആയിരിക്കില്ല മാദ്ധ്യമ പ്രവർത്തകരെ നയിക്കുന്നത്.
മനുഷ്യന്റെ ചിന്താശേഷിയെയും വെല്ലുവിളിച്ചുകൊണ്ട് രംഗത്തുവന്ന സാങ്കേതികതയെ പ്രയോജനപ്പെടുത്തി മാത്രമേ മാദ്ധ്യമങ്ങൾക്ക് ഇനി നിലനിൽക്കാനാവൂ എന്നും രമേശ് ബാബു ഇതിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. തന്റെ സോദ്ദേശ്യ ദൗത്യത്തിലൂടെ കേരള ചരിത്രപുസ്തക നിരയിലേക്ക് ഈടുറ്റ ഒരു ഗ്രന്ഥസംഭാവനയാണ് ഗ്രന്ഥകർത്താവ് നിർവഹിച്ചിരിക്കുന്നത്.
പ്രസാധകർ:
കേരള മീഡിയ അക്കാഡമി, കൊച്ചി
വില: 200 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |