കാസർകോട്: ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റി സർക്കാരിന്റെ ഇരുട്ടടി. ജോലിസ്ഥലത്തു നിന്ന് ജില്ലയ്‌ക്ക് പുറത്തേക്ക് നിയമനം കിട്ടിയവർ കുടുംബത്തോടൊപ്പം നെട്ടോട്ടത്തിലാണ്. എണ്ണായിരം അദ്ധ്യാപകരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്. തിരുവനന്തപുരത്തുള്ള അദ്ധ്യാപകർക്ക് കാസർകോട്ടും കണ്ണൂരും, ഇവിടെയുള്ളവർക്ക് തിരിച്ചുമാണ് നിയമനം.
ഓണ അവധിക്ക് സ്‌കൂൾ അടച്ച വെള്ളിയാഴ്ചയാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ഉച്ചയ്‌ക്ക് 2.30നിറങ്ങിയ ഉത്തരവിൽ അദ്ധ്യാപകർ സ്‌കൂളിൽ നിന്ന് അഞ്ചിന് മുമ്പായി റിലീവ് ചെയ്യണമെന്നാണ് നിർദ്ദേശം. ഇതോടെ അവധി എടുത്തുപോയവരും സ്ഥലത്തില്ലാത്തവരും രോഗം ബാധിച്ച് ഡ്യൂട്ടിയിൽ ഇല്ലാത്തവരും വെള്ളം കുടിച്ചു.
അതിനിടെ ഓൺലൈൻ സംവിധാനത്തിൽ അട്ടിമറി നടന്നതായും പരാതിയുയർന്നു. സ്ഥലംമാറ്റത്തിന് അപേക്ഷിച്ച പലർക്കും ലഭിക്കാതിരുന്നപ്പോൾ അപ്രതീക്ഷിതമായി പലരും കടന്നു കൂടി. ഒഴിവുള്ള സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും മാറിമറിഞ്ഞു. ഒന്നും രണ്ടും ഓപ്ഷനുകൾക്ക് പകരം ഏഴാമത്തെയും എട്ടാമത്തെയും ഓപ്ഷനുകൾ അനുവദിച്ചു കൊണ്ടാണ് ഉത്തരവിറങ്ങിയത്. ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസ് വാലുവേഷൻ നടത്താനുള്ള സമയം പോലും അദ്ധ്യാപകർക്ക് ലഭിച്ചില്ല. ഒന്നും രണ്ടും ജില്ലകൾ മാറിപ്പോയ അദ്ധ്യാപകർ ഉത്തരക്കടലാസുകൾ എന്തുചെയ്യണമെന്ന് അറിയാതെ നട്ടംതിരിയുകയാണ്. ഓണം കഴിഞ്ഞുടൻ സ്‌കൂൾ കായികമേളകളും കലോത്സവങ്ങളും വരികയാണ്. അതിന്റെ ഒരുക്കം നടക്കുമ്പോഴാണ് കൂട്ട സ്ഥലംമാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |