പരസ്പരം
മഹിപാൽ യാദവ്
എക്സൈസ് കമ്മിഷണർ
അഭിമുഖം തയ്യാറാക്കിയത്:
ശ്രീകുമാർ പള്ളീലേത്ത്
മുൻ കാലങ്ങളെ അപേക്ഷിച്ച് ലഹരി വിപത്തിനെക്കുറിച്ചുള്ള കടുത്ത ഉത്കണ്ഠയിലാണ് കേരളം. പണ്ട് കഞ്ചാവും അതിന്റെ അനുബന്ധ ലഹരി വസ്തുക്കളുമൊക്കെയാണ് ഒതുക്കത്തിലാണെങ്കിലും സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടിരുന്നത്. ഇപ്പോൾ സ്ഥിതി മാറി. എം.ഡി.എം.എയും മറ്റ് സിന്തറ്രിക് ലഹരി വസ്തുക്കളും യുവതലമുറയെ അനുദിനം കീഴടക്കുന്നു. ലഹരി ഭൂതത്തെ തുരത്താൻ സംസ്ഥാന സർക്കാരും പൊതുസമൂഹവും നിരന്തരമായ പോരാട്ടമാണ് തുടരുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന എക്സൈസ് വകുപ്പ് അവിശ്രമം നടത്തുന്ന അദ്ധ്വാനം വലുതാണ്. ഇതിന് പൊലീസിന്റെ പിന്തുണയും സഹകരണവുമുണ്ട്. നിത്യേന കേൾക്കുന്ന ലഹരിവേട്ടയും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും ഈ അദ്ധ്വാനത്തിന്റെ ഫലമാണ്. ഇക്കാര്യത്തിൽ എക്സൈസ് വിഭാഗത്തിന് കൃത്യമായ ദിശാബോധം നൽകി, സൗമ്യനായൊരാൾ, എക്സസൈസ് കമ്മിഷണർ എ.ഡി.ജി.പി: മഹിപാൽ യാദവ്. അദ്ദേഹം 'കേരളകൗമുദി"യുമായി സംസാരിക്കുന്നു:
? ലഹരി വിപത്ത് കേരളത്തെ ഭീതിയിലാഴ്ത്തുന്ന കാലമാണ്. ഈ ഘട്ടത്തിലെ എക്സൈസിന്റെ ഇടപെടലുകൾ.
വളരെ ജാഗ്രതയോടെയും കൃത്യതയോടെയുമുള്ള പ്രവർത്തനമാണ് നടക്കുന്നത്. പ്രധാനമായി ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് മൂന്ന് മേഖലകളെയാണ്. ലഹരി വസ്തുക്കൾ വിൽക്കുന്നവർ, ഇത് കടത്തിക്കൊണ്ടു പോകുന്നവർ, മൂന്നാമതായി ലഹരി ശൃംഖല. ഈ മൂന്ന് മേഖലകളെയും പ്രതിരോധിക്കാനായാൽ ലഹരിവ്യാപനം നല്ല അളവിൽ ഇല്ലാതാക്കാം. ഏതു വിധത്തിലും ലഹരി വസ്തുക്കളുടെ സപ്ളൈ പരമാവധി കുറയ്ക്കുകയാണ് പ്രധാനം. വിവിധ തലങ്ങളിൽ ഇതിനുള്ള ശ്രമമാണ് നടക്കുന്നത്.
? ഇത്രയൊക്കെയായിട്ടും ലഹരി വ്യാപനം കൂടുകയാണല്ലോ.
ഇത് ഒരു നിഗമനം മാത്രമാണ്. നേരത്തേ ഇതേപോലെ ലഹരി വസ്തുക്കൾ എത്തിയിരുന്നില്ലെന്ന് എങ്ങനെ ഉറപ്പിച്ച് പറയാൻ സാധിക്കും? മുമ്പ് ഇത്രത്തോളം കേസുകൾ പിടിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ പരിശോധനകളുടെ എണ്ണം കൂടി, സ്വഭാവം മാറി. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമായപ്പോൾ പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണം കൂടുക സ്വാഭാവികം. മാത്രമല്ല, അതിർത്തി മേഖലകളിൽ മുൻ കാലങ്ങളേക്കാൾ കർശനമായ പരിശോധനകൾ നടക്കുന്നു. നഗരമേഖലകളിലും ഗ്രാമാന്തരങ്ങളിലും ഒരേപോലെ ശ്രദ്ധ നൽകുന്നുണ്ട്.
? എക്സൈസിന് അംഗബലം വേണ്ടത്ര ഇല്ലെന്ന അഭിപ്രായമുണ്ടോ.
അംഗബലത്തിന്റെ വിഷയമൊന്നും ഇപ്പോഴില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ഒഴിവുകൾ വരുന്ന മുറയ്ക്ക് അതു നികത്താൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. 115 എക്സൈസ് ഇൻസ്പെക്ടർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞു. ഇവരെ എൻഫോഴ്സ്‌മെന്റ് രംഗത്തായിരിക്കും നിയോഗിക്കുക. എക്സൈസിൽ 5700-ന് അടുത്ത് ജീവനക്കാരാണ് ഇപ്പോഴുള്ളത്.
? എല്ലാ അർത്ഥത്തിലും ലഹരി മാഫിയ ശക്തമായി നിൽക്കുമ്പോൾ എക്സൈസിന് മതിയായ ആയുധ സംവിധാനമുണ്ടോ.
ആയുധങ്ങളുടെ കാര്യത്തിൽ നിലവിൽ അപര്യാപ്തതയില്ല. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ റേഞ്ച് അടിസ്ഥാനത്തിൽ ആവശ്യത്തിന് ആയുധങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സമീപകാലത്ത് കുറെ റിവോൾവറുകൾ വാങ്ങിയിരുന്നു. കവർ ചെയ്തു വരുന്ന വാഹനങ്ങളും മറ്റും പരിശോധിക്കാൻ എക്സ്-റെ മെഷീൻ നേരത്തെ വാങ്ങിയിട്ടുണ്ട്. മറ്റ് ആധുനിക പരിശോധനാ സംവിധാനങ്ങളും ഇപ്പോൾ എക്സൈസിന്റെ പക്കലുണ്ട്.
? ലഹരി വേട്ടയിൽ പൊലീസുമായുള്ള സഹകരണം.
നല്ല സഹകരണത്തിലാണ് രണ്ട് വിഭാഗവും പൊയ്ക്കൊണ്ടിരിക്കുന്നത്. ലഹരി വിരുദ്ധ ദൗത്യ സംഘത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം മികച്ച നിലയിൽ കാര്യങ്ങൾ കോ- ഓർഡിനേറ്റ് ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ ഓൺലൈൻ മീറ്റിംഗും മറ്രും നടക്കുന്നുണ്ട്. ഒരേ മനസോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തിലുണ്ടായ വർദ്ധന.
? ലഹരിയുടെ ഉറവിടം കണ്ടെത്തലാണല്ലോ പ്രധാനം. കേരളത്തിലേക്ക് രാസലഹരി ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രധാനമായും എത്തുന്നത് എവിടെ നിന്നാണ്.
വിവിധ മാർഗങ്ങളിലൂടെ വരുന്നുണ്ട്. സിന്തറ്റിക് ഡ്രഗ്സ് മുഖ്യമായും വരുന്നത് ബംഗുളൂരു, ഗോവ, ഡൽഹി മേഖലകളിൽ നിന്നാണ്. ഈ പഴുത് അടച്ചുകൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
? ഇപ്പോഴത്തെ ലഹരി വിപത്ത് ഇല്ലാതാക്കാൻ പുതിയ പദ്ധതികൾ.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ട്. യഥാസമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക പ്രവർത്തകരുടെയും യോഗങ്ങൾ പലതവണ വിളിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിൽ ഉയരുന്ന നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പരിപാടികൾ ആവിഷ്കരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |