SignIn
Kerala Kaumudi Online
Saturday, 26 July 2025 11.08 AM IST

പിന്നാക്ക വിവേചനത്തിന് അറുതി വേണം

Increase Font Size Decrease Font Size Print Page

a

ഇന്ത്യയിൽ ചരിത്രപരമായ കാരണങ്ങളാൽ അധികാരപങ്കാളിത്തത്തിൽ നിന്ന് അകറ്റിനിറുത്തപ്പെട്ട വിഭാഗമാണ് ജനസംഖ്യയുടെ 80 ശതമാനം വരുന്ന ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ. രാജ്യത്തെ ജനസംഖ്യയുടെ 58 ശതമാനം പിന്നാക്കക്കാരും 15 ശതമാനം ദളിതരും 7.5 ശതമാനം ആദിവാസികളുമാണ്. കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ 80 ശതമാനം ദരിദ്ര‌രും മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നവരാണ്. ഈ 80 ശതമാനം വരുന്ന പിന്നാക്ക,​ ദളിത് വിഭാഗത്തെ 20 ശതമാനം വരുന്ന സവർണരാണ് ഇപ്പോഴും ഭരിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാ‌‌നന്തരം ഈഴവരാദി പിന്നാക്ക,​ ദളിത്,​ ആദിവാസി വിഭാഗങ്ങളെ അധികാരശ്രേണിയിൽ നിന്ന് ഒഴിച്ചുനിറുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. കേരളത്തിൽ 5.45 ലക്ഷം സർക്കാർ ജീവനക്കാരുണ്ട്. സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതും പി.എസ്.സി നിയമനം നടപ്പാക്കാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ, യൂണിവേഴ്സിറ്റികൾ, അതോറിട്ടികൾ, അക്കാഡമികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സഹകരണ മേഖലയിലെ സ്ഥാപനങ്ങൾ, വിവിധ പ്രോജക്ട്,​ സ്കീമുകൾ, ക്ഷേമനിധി ബോർഡുകൾ തുടങ്ങിയവയിലെ സ്ഥിരം ശമ്പളക്കാരായ 9 ലക്ഷത്തിലധികം ജീവനക്കാരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

എല്ലായിടത്തും

അവഗണന

സ്ഥിരം സർക്കാർ ജീവനക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയോളം വരുന്ന ഈ മേഖലകളിലെ ജോലിക്കാരുടെ ജാതി തിരിച്ച കണക്കെടുത്താൽ പിന്നാക്ക, ദളിത്, ആദിവാസി വിഭാഗക്കാർ നാമമാത്രമാണ്. പി.എസ്.സി നിയമനവും സംവരണവും പാലിക്കാത്ത, നിയതമായ യോഗ്യതകൾ പോലുമില്ലാത്ത ഈ നിയമനങ്ങൾ ഭൂരിപക്ഷവും ഗൂഢമായി നടത്തുന്ന പിൻവാതിൽ- ബന്ധു നിയമനങ്ങളാണ്. താത്കാലിക നിയമനം പോലും എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി സംവരണ തത്വം പാലിച്ചുകൊണ്ട് നടത്തണമെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. ഇതടക്കം സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ തൊഴിൽ മേഖലകളിലെയും എല്ലാത്തരം ജീവനക്കാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്രമായും സമയബന്ധിതമായും സുതാര്യമായും ജാതി സെൻസസ് ഉടൻ നടപ്പാക്കേണ്ടതാണ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ, 1993-ലെ 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണമണ്ഡലം ഉറപ്പുവരുത്തുന്നതിനായി കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി 243 (6) (D) വകുപ്പ് കേരളത്തിലും ഉടൻ നടപ്പാക്കണം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 16,​500 സീറ്റിൽ ഈഴവർക്ക് കേവലം മൂന്ന് ശതമാനമായ 500 സീറ്റ് മാത്രമാണ് ലഭിച്ചതെന്ന് ഓർക്കണം. കേരളത്തിലെ പിന്നാക്ക വിഭാഗത്തിൽ ജനസംഖ്യാനുപാതികമായി ഇപ്പോഴുള്ള എം.പി, എം.എൽ.എമാരുടെ പ്രാതിനിദ്ധ്യം പരിശോധിച്ചാൽ അവരോടുള്ള അവഗണനയുടെ വലുപ്പം മനസിലാക്കാം.

ജാതി സെൻസസ്

വൈകരുത്

ഈ വർഷമാദ്യം സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലാ നിയമത്തിൽ, അവിടത്തെ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലെ നിയമനങ്ങളിൽ പിന്നാക്ക, ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്തണം. 14,​000- ത്തിലധികം കോടിയുടെ പൊതുഫണ്ട് ശമ്പളവും പെൻഷനുമായിി ചെലവാക്കപ്പെടുന്ന എയിഡഡ് മേഖലകളിൽ പിന്നാക്ക,​ ദളിത്,​ ആദിവാസികൾക്ക് അടിയന്തരമായി സംവരണം ഏർപ്പെടുത്തേണ്ടതുണ്ട്. 2002-ലെ സുപ്രീംകോടതി വിധിപ്രകാരം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നതിനും ഇതര ജോലികൾ ചെയ്യുന്നതിനും എല്ലാ ഹിന്ദുക്കൾക്കും തുല്യ അവകാശം ഉള്ളതിനാൽ ഓരോ ഹിന്ദു സമുദായത്തിന്റെയും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ദേവസ്വം ബോർഡുകളിൽ ഉറപ്പുവരുത്തേണ്ടതാണ്.

ഇന്ത്യ വളരെയധികം വൈവിദ്ധ്യങ്ങളുള്ള ബഹുസ്വര സമൂഹങ്ങളുടെ കൂട്ടായ്മയാണ്. ഇവിടെയുള്ള എല്ലാ സമൂഹങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തന്റെ കടമയായതുകൊണ്ട് ജാതി സെൻസസും തുടർ നടപടികളും സുതാര്യമായും സമയബന്ധിതമായും ഉടൻ നടത്തി,​ രാജ്യത്തെ മുന്നോട്ടു നയിച്ചാൽ മാത്രമേ ജനാധിപത്യവും മതേതരത്വവും സാഹോദര്യവും സമാധാനാന്തരീക്ഷവും പുലരുന്ന ഒരു വികസിത രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കാൻ കഴിയൂ.

(നാഷണൽ കൗൺസിൽ ഒഫ് ബാക്‌വേർഡ് കമ്മ്യൂണിറ്റീസ്,​ എസ്.സി എസ്.ടി മൈനോറിറ്റീസ് ഭാരവാഹിയാണ് ലേഖകൻ. ഫോൺ: 95679 34095)

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.