SignIn
Kerala Kaumudi Online
Saturday, 26 July 2025 11.26 AM IST

അറുതിവരാതെ മനുഷ്യ - വന്യജീവി സംഘർഷം

Increase Font Size Decrease Font Size Print Page
a

പതിറ്റാണ്ടുകളായി കേരളം ചർച്ചചെയ്യുന്ന വിഷയമാണ് 'മനുഷ്യ - വന്യജീവി സംഘർഷം'. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വന്യജീവികൾ മനുഷ്യജീവിതത്തിലും തിരിച്ചും അപകടകരമാംവിധം ഇടപെടുന്നുവെന്നത് കയ്പേറിയ യാഥാർത്ഥ്യമാണ്.
വനാന്തരങ്ങളിൽ സ്വൈര വിഹാരം നടത്തിയിരുന്ന പുള്ളിപ്പുലികൾ ഇന്ന് ജനവാസ കേന്ദ്രങ്ങളിൽ വിലസുകയാണ്.

കാട്ടാനകളുടെ ശല്യം വനമേഖലയിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ മാത്രം ജില്ലയിൽ കൊല്ലപ്പെട്ടത് 97 പേരാണ്. 133 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റവർ 49 പേരുണ്ട്. കാട്ടുപന്നി കുറുകെ ചാടിയുണ്ടായ വാഹനാപകടം ഉൾപ്പെടെയാണിത്. 5 വർഷത്തിനിടെ കാട്ടാനയുടെ മാത്രം ആക്രമണത്തിൽ കൊല്ലപ്പെട്ടതു 19 പേരാണ്. അലനല്ലൂർ ചെല്ലങ്കാവ് സ്വദേശി ഉമ്മർ ആണ് ഇതിൽ ഒടുവിലത്തേത്. കൃഷിവകുപ്പിന്റെ കണക്കു പ്രകാരം നെൽക്കൃഷി ഉൾപ്പെടെ 313 ഏക്കർ കൃഷി നശിപ്പിച്ചു. മലമ്പുഴ എലിവാലിൽ രാത്രി വീട്ടിൽ കയറിയ പുലിയുടെ ആക്രമണത്തിൽ നിന്നു മൂന്നര വയസ്സുകാരി രക്ഷപ്പെട്ടതും കഞ്ചിക്കോട് കർഷകനെ കാട്ടാന ആക്രമിച്ചതും മലമ്പുഴയിൽ ഇരുചക്ര വാഹന യാത്രക്കാരായ മൂന്നു പേർ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടതും ഈ ആഴ്ച തന്നെ. ഇത്രയൊക്കെ നടന്നിട്ടും സർക്കാരും വനംവകുപ്പും ശാശ്വത നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.

മനുഷ്യ - വന്യജീവി സംഘർഷത്തിന് ഹേതുവായി പലവിധകാരണങ്ങളാണ് പറയുന്നത്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർദ്ധന, സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള പ്രയാണം തുടങ്ങിയവ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. കാടും - നാടും തമ്മിൽ വേർതിരിക്കുക, ശല്യക്കാരാകുന്ന വന്യജീവികളെ പിടിച്ചുമാറ്റുകയോ കൊന്നൊടുക്കുകയോ ചെയ്യുക, അവയുടെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ ഈ വാദക്കാർ മുന്നോട്ടും വെക്കുന്നു. എന്നാൽ, മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലുകൾ എല്ലാകാലത്തും നിലനിന്നിരുന്നു. വന്യജീവികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടില്ലെന്നും മനുഷ്യവന്യജീവി സംഘർഷത്തിന്റെ മൂലകാരണം നാംതന്നെയാണെന്നും വാദിക്കുന്ന മറുവിഭാഗവുമുണ്ട്. അശാസ്ത്രീയവും അനിയന്ത്രിതവുമായ വികസനപ്രവർത്തനങ്ങളും കൈയേറ്റവുംമൂലം ആവാസവ്യവസ്ഥകളുടെ വിസ്തീർണവും ആരോഗ്യവും നഷ്ടപ്പെട്ടതിനാലാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയതെന്നും ഇവർ വാദിക്കുന്നു. വാദങ്ങളും മറുവാദങ്ങളും നടക്കുമ്പോഴും മനുഷ്യ - വന്യജീവി സംഘർഷം തടയാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളാവട്ടെ പലതും വെളിച്ചം കണ്ടില്ല. ഈ വർഷം വന്യജീവി ആക്രമണം കുറയ്ക്കാൻ 10 പുതിയ കർമ പദ്ധതികളാണു വനം വകുപ്പ് പ്രഖ്യാപിച്ചത്.

 പൂർത്തിയാവാതെ സൗരോർജ വേലി
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, നെന്മാറ, മലമ്പുഴ, ധോണി, കൊട്ടേക്കാട്, വാളയാർ, മുണ്ടൂർ, കോങ്ങാട്, കഞ്ചിക്കോട്, അലനല്ലൂർ, അട്ടപ്പാടി, കൊല്ലങ്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൗരോർജവേലി നീട്ടുമെന്നും വന്യമൃഗങ്ങളെത്തുന്നതു പുതുതായി കണ്ടെത്തിയ സ്ഥലങ്ങളിൽ വേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. ഉള്ളിടത്തു തന്നെ പരിപാലനമില്ലാതെ നശിച്ചു. കാഞ്ഞിരപ്പുഴ പാമ്പാംതോട് മുതൽ തവളക്കല്ല് വരെ 7 കിലോമീറ്റർ ദൂരത്തിൽ സൗരോർജവേലി ഈയിടെ സ്ഥാപിച്ചതൊഴിച്ചത് മാത്രമാണ് ആശ്വാസം.


 പ്രഖ്യാപിച്ച പദ്ധതികളും അവസ്ഥയും

വേനലിൽ കാട്ടരുവികൾ വറ്റിയതും ഭക്ഷണം കുറഞ്ഞതുമാണു ജനവാസമേഖലയിലേക്കു വന്യമൃഗങ്ങൾ എത്താൻ കാരണമെന്നാണു വനംവകുപ്പിന്റെ വാദം. നേരത്തെ വേനലിൽ മാത്രം നാട്ടിലിറങ്ങിയിരുന്ന കാട്ടാനകൾ ഇപ്പോൾ മഴക്കാലത്ത് ഉൾപ്പെടെ ഇറങ്ങുന്നുണ്ട്. വന്യമൃഗങ്ങൾക്കായി വേനൽക്കാലത്തു കൃത്രിമ തടയണകളും മറ്റും നിർമ്മിച്ചു വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനു പദ്ധതി ഈ വർഷം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞില്ല. ഫണ്ട് ഇല്ലാത്തതിനാൽ ചിലയിടത്തു മാത്രമാണു തടയണ നിർമ്മിച്ചത്. കാട്ടുപന്നിശല്യം തടയാൻ പഞ്ചായത്തുകൾക്ക് വനംവകുപ്പ് സഹായം എത്തിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. മറ്റുപദ്ധതികൾ:

1. വന്യമൃഗങ്ങൾ കാടിറങ്ങുന്നതു കണ്ടെത്തി ജനത്തെ അറിയിക്കാൻ ചിലയിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചെങ്കിലും ജനത്തെ അറിയിക്കാൻ നടപടിയില്ല. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ വന്യമൃഗങ്ങളുടെ വരവ് ജനത്തെ അറിയിക്കുന്ന പദ്ധതി നടപ്പാക്കിയത് ഒലവക്കോട് സെക്ഷനിൽ മാത്രം.

2. കൂടുതൽ ദ്രുതകർമ സേനകളുടെ (ആർ.ആർ.ടി) രൂപീകരണം ജില്ലയിൽ സ്ഥിരമായി മൂന്ന് ആർ.ആർ.ടികൾ മാത്രം, കൂടുതൽ രൂപീകരിച്ചില്ല.

3. ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടുന്നതിനു ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവ് പ്രയോജനപ്പെടുത്തും – സെമിനാറുകൾ നടത്തിയതല്ലാതെ പ്രായോഗികമാക്കിയില്ല.

4. വന്യജീവികൾക്കു ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽ ഉറപ്പു വരുത്തും – ഈ വർഷം നടപ്പാക്കിയില്ല

5. കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും – നടപ്പായില്ല

6. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനു പഞ്ചായത്തുകൾക്കു വനംവകുപ്പിന്റെ സഹായം –ഒരു പഞ്ചായത്തിനും ലഭിച്ചില്ല

7. സൗരോർജ വേലികളുടെ നിർമാണം പരമാവധി പൂർത്തിയാക്കും –ഈ വർഷം കാഞ്ഞിരപ്പുഴയിൽ മാത്രം. മുൻ വർഷങ്ങളിൽ നിർമിച്ചതു പരിപാലിക്കാനും പദ്ധതിയില്ല.

8. കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾ അടിയന്തരമായി കാടു നീക്കം ചെയ്യണം –ചിലയിടത്തു നടപ്പായി, ഇവ ഉറപ്പാക്കാനും നടപടി സ്വീകരിക്കാനും സംവിധാനമില്ല.

9. വനത്തിലൂടെ കടന്നു പോകുന്ന റോഡുകളുടെ സമീപത്തെ അടിക്കാടുകൾ നീക്കം ചെയ്യണം – ചിലയിടത്തു നടപ്പാക്കി.

10. ഹോട്സ്‌പോട്ടുകളായ പഞ്ചായത്തുകളിൽ നിരീക്ഷണം ആരംഭിക്കും – പഞ്ചായത്തുകളുടെ സമ്മർദം കാരണം ആകെ നടപ്പാക്കിയത് 5 പഞ്ചായത്തുകളിൽ.

 77 പഞ്ചായത്തുകളും ഹോട് സ്പോട്ടിൽ
ജില്ലയിലെ 88 പഞ്ചായത്തുകളിൽ 77 എണ്ണത്തിലും 7 നഗരസഭകളിൽ 5 എണ്ണത്തിലും വന്യമൃഗശല്യമുണ്ടെന്നാണു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. കാട്ടാനശല്യം രൂക്ഷമായ 36 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. വന്യമൃഗ ശല്യം കൂടുതലായ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയാൽ മാത്രമേ ജില്ലയിലെ വന്യമൃഗ - മനിഷ്യ സംഘർഷത്തിന് പരിഹാരമാകുകയുള്ളൂ.

 ചക്ക തേടി ആനയെത്തും
ചക്ക പഴുക്കുന്നതോടെ ഇവ ഭക്ഷിക്കാൻ മണം പിടിച്ച് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നതാണ് ആക്രമണം കൂടുന്നതിന്റെ പ്രധാന കാരണമെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ. വനത്തിനോടു ചേർന്ന കൃഷി ഭൂമികളിലെ ചക്ക പഴുക്കും മുൻപ് പ്ലാവിൽ നിന്നു നീക്കം ചെയ്യുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നാണ് ആവശ്യം. ചക്ക പഴക്കുന്നതിനു മുൻപേ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതു പ്രോൽസാഹിപ്പിക്കണമെന്നും നിർദേശമുണ്ട്. പൈനാപ്പിൾ, മാങ്ങ എന്നിവയുടെയും മണം പിടിച്ച് കാട്ടാനകളെത്താറുണ്ട്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.