
കൊച്ചി: വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ തീരുമാനവുമായി കൊച്ചി മെട്രോ അധികൃതര്‍. യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാനാണ് പദ്ധതി. ലഘു വിഭാഗത്തില്‍ വരുന്ന ചരക്ക് ഗതാഗതമായിരിക്കും നടത്തുക. മെട്രോ സര്‍വീസുകള്‍ ഉപയോഗിച്ചുള്ള ചരക്ക് ഗതാഗതത്തെ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലിച്ച് നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് പുതിയ നീക്കം.
ചെറുകിട ബിസിനസുകാര്‍ക്കും കച്ചവടക്കാര്‍ക്കും നഗരത്തിലുടനീളം അവരുടെ സാധനങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. നഗരത്തിലെ ലോജിസ്റ്റിക്‌സ് സംവിധാനം നിലവില്‍ പ്രധാനമായും ആശ്രയിക്കുന്നത് റോഡ് ഗതാഗതത്തെയാണ്. മലിനീകരണമുണ്ടാക്കുന്ന റോഡ് ചരക്ക് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ചരക്ക് നീക്കത്തിന് മെട്രോ ഉപയോഗിക്കുമ്പോള്‍ അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ അത്തരം ആശങ്കകള്‍ വേണ്ടതില്ലെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നത്. താരതമേന്യ തിരക്ക് കുറഞ്ഞ യാത്രാ സമയങ്ങളിലായിരിക്കും ചരക്ക് നീക്കം നടത്തുക. അതായത് അതിരാവിലേയും രാത്രി വൈകിയുള്ള സമയങ്ങളിലുമായിരിക്കും ഈ സംവിധാനം ഉപയോഗിക്കുക.
പഠനം നടത്തി നിരക്ക് നിശ്ചയിക്കുന്നതാണ്. ഉടന്‍ തന്നെ നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കാനുളള നീക്കത്തിലാണ് അധികൃതര്‍. അനുവദനീയമായ ചരക്ക് വസ്തുക്കള്‍, അളവുകള്‍, ഭാരം, സ്വീകാര്യമായ കൈമാറ്റ സമയം തുടങ്ങിയ ഘടകങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |