ജാതി സെൻസസ്, പിന്നാക്കം നിൽക്കുന്നവരെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ചുവടുവയ്‌പ്പാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം തികച്ചും സ്വാഗതാർഹമാണ്. നിരന്തരമായി പിന്നാക്ക സമുദായങ്ങളും ഇന്ത്യാ മുന്നണിയും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഈ ആവശ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമായിരുന്നു ഭരണകക്ഷിയായ ബി.ജെ.പി അടുത്തകാലം വരെ സ്വീകരിച്ചിരുന്നത്. അടുത്ത കാലത്താണ് ഇതുസംബന്ധിച്ച അവ്യക്തതകൾ ദുരീകരിച്ചുകൊണ്ട് പൊതു സെൻസസിന്റെ ഭാഗമായി ജാതി സെൻസസും നടത്താൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. അതിനുശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്. കേന്ദ്ര സർക്കാർ ജാതി രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും പാവപ്പെട്ടവരുടെ ശാക്തീകരണത്തിലാണ് വിശ്വസിക്കുന്നതെന്നും എൻ.ഡി.എ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഈ യോഗത്തിൽ മോദി നടത്തിയ പ്രസംഗത്തിൽ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യവും ചൂണ്ടിക്കാട്ടുകയുണ്ടായി. അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കാൻ മോദി നേതാക്കളോട് ആവശ്യപ്പെട്ടതാണ് അത്. 'ഓപ്പറേഷൻ സിന്ദൂർ" ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ശക്തിയും ഐക്യവും പ്രതിജ്ഞാബദ്ധതയും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ബോദ്ധ്യപ്പെടുത്തിയ നടപടിയായിരുന്നു. ഇന്ത്യയുടെ തിരിച്ചടിക്ക് പകരമായി പാകിസ്ഥാന് വാചകയുദ്ധം നടത്താനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. മാത്രമല്ല, യുദ്ധമുഖത്തെ പാകിസ്ഥാന്റെ കാര്യശേഷിയില്ലായ്‌മ ഇന്ത്യക്കാർക്കു മാത്രമല്ല, പാകിസ്ഥാനിലെ ജനങ്ങൾക്കും ഭരണകൂടത്തിനും പട്ടാള നേതൃത്വത്തിനും ശരിയായി ബോദ്ധ്യപ്പെടുകയും ചെയ്തു.
ഇന്ത്യയുടെ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സുദൃഢ ബന്ധത്തിൽ ഭിന്നതയും വിള്ളലും വീഴ്‌ത്തുക എന്ന ഉദ്ദേശ്യമായിരുന്നു പഹൽഗാം ആക്രമണത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിലൂടെ അതിനു പിന്നിൽ പ്രവർത്തിച്ച, പാകിസ്ഥാനിൽ താവളമുറപ്പിച്ചിട്ടുള്ള ഭീകരശക്തികൾക്കെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും സൈനിക വിഭാഗങ്ങളുടെ പ്രതിനിധികളും പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 'ഓപ്പറേഷൻ സിന്ദൂറി"നു പിന്നാലെ പല സംസ്ഥാനങ്ങളിലും ചില ബി.ജെ.പി നേതാക്കൾ ശ്രോതാക്കളെ സുഖിപ്പിക്കുന്നതിന്റെ ഭാഗമായി പല വിവരക്കേടുകളും വിളിച്ചുപറഞ്ഞിരുന്നു. ഇതിൽ ഏറ്റവും അപലപനീയമായ പരാമർശം നടത്തിയത് മദ്ധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി വിജയ് ഷാ ആയിരുന്നു. ഭീകരരെ തോൽപ്പിക്കാൻ അവരുടെ സഹോദരിയെത്തന്നെ നിയോഗിച്ചു എന്ന രീതിയിലാണ് പത്രസമ്മേളനത്തിൽ യുദ്ധവിവരങ്ങൾ പങ്കുവച്ച കേണൽ സോഫിയാ ഖുറേഷിക്കെതിരെ മന്ത്രി വിദ്വേഷപരാമർശം നടത്തിയത്!
വിവാദമായപ്പോൾ മന്ത്രി ക്ഷമ പറഞ്ഞെങ്കിലും സുപ്രീംകോടതി അതു കണക്കിലെടുക്കാതെ മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാൻ ഉത്തരവിടുകയാണ് ചെയ്തത്. മന്ത്രിയുടെ പ്രസ്താവന രാജ്യത്തിനു മുഴുവൻ നാണക്കേടുണ്ടാക്കിയെന്നും, ഇത്തരം പരാമർശങ്ങൾ നടത്തുന്നതിനു മുമ്പ് അതിന്റെ വരുംവരായ്‌കകൾ തിരിച്ചറിയണമെന്നും, പ്രസ്താവന നടത്തിയതിനു ശേഷം നടത്തിയ ക്ഷമാപണം നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള മുതലക്കണ്ണീരായേ കണക്കാക്കാനാവൂ എന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഹരിയാനയിൽ നിന്നുള്ള മറ്റൊരു ബി.ജെ.പി എം.പിയാകട്ടെ, പഹൽഗാമിൽ പുരുഷന്മാർ വെടിയേറ്റുവീണപ്പോൾ ഝാൻസി റാണിയെപ്പോലെ സ്‌ത്രീകൾ പോരാടണമായിരുന്നു എന്ന വിവരക്കേടാണ് വിളമ്പിയത്. തീവ്ര ഹിന്ദുത്വ സ്വഭാവം പുലർത്തുന്ന ചിലരെ ഉത്തേജിപ്പിക്കാൻ വേണ്ടി പറയുന്ന ഇത്തരം തരംതാണ പ്രസ്താവനകൾ ഇന്ത്യയുടെ അഭിമാന വിജയത്തിന്റെ ശോഭകെടുത്താൻ പോന്നതാണ്. ഇത്തരം പ്രസ്താവനകൾ നേതാക്കന്മാർ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി തന്നെ ആവശ്യപ്പെട്ടത് എന്തുകൊണ്ടും ഉചിതമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |