മലയോര ജില്ലകളിൽ വനാതിർത്തികളിൽ മാത്രമല്ല, അതിനോടു ചേർന്ന് പത്ത് കിലോമീറ്റർ വിസ്തൃതിയിലെ ജനവാസമേഖലയിൽപ്പോലും വന്യജീവികളുടെ ആക്രമണം കാരണം ജീവിതം അസാദ്ധ്യമെന്നതാണ് വർഷങ്ങളായുള്ള അവസ്ഥ. രാത്രി മാത്രമല്ല, പകൽ പോലും വീടിനു പുറത്തിറങ്ങിയാൽ കാട്ടാനയുടെ കാൽക്കീഴിൽ ജീവൻ ചതഞ്ഞരയും! പതിയിരിക്കുന്ന കടുവയുടെ വായിൽ പ്രാണൻ കൊരുത്തേക്കും! അതിനിടയിൽ, കാട്ടാന ചരിഞ്ഞതിന്റെയും കാട്ടുപന്നി വണ്ടിയിടിച്ച് ചത്തതിന്റെയും പേരിൽ വനംവകുപ്പ് അധികൃതർ ഉണ്ടാക്കിയെടുക്കുന്ന കേസുകൾ കാരണമുള്ള പൊല്ലാപ്പ് വേറെ...
മനുഷ്യ ജീവനുകൾ പൊലിയുമ്പോഴും പരിഹാരം കാണാനാകാതെ വനംവകുപ്പിന്റെ ഒളിച്ചുകളി. വഴിവിട്ട ഉദ്യോഗസ്ഥ ഇടപാടുകളും, അവരെ സംരക്ഷിക്കാൻ വകുപ്പും മന്ത്രി നടത്തുന്ന ഇടപെടലുകളും വാർത്തയാകുന്നു. വിജിലൻസിന്റെ പിടിയിലായ ഉദ്യോഗസ്ഥർ പോലും വീണ്ടും അതേ സ്ഥാനത്ത് നിയമിക്കപ്പെടുന്നു. കാട്ടിലെ തടി, തേവരുടെ ആന.... കാലം മാറിയിട്ടും കാട്ടിലെ നീതിവാക്യം ഇതൊക്കെത്തന്നെ!
ഒടുങ്ങാത്ത
നിലവിളികൾ
പുരയിടത്തിലെ തെങ്ങ് വലിച്ചൊടിക്കുന്ന ശബ്ദംകേട്ട് വീടിനു വെളിയിലിറങ്ങിയ പത്തനംതിട്ട പെരുനാട് തുലാപ്പള്ളി പുളിയൻകുന്നുമല കുടിലിൽ വീട്ടിൽ കർഷകനായ ബിജു മാത്യുവിന് (52) ജീവൻ നഷ്ടമായത് ഞൊടിയിടയിലായിരുന്നു. പുറത്തിറങ്ങി, തലയിൽ ധരിച്ച ഹെഡ്ലൈറ്ര് ഓണാക്കാനുള്ള സമയംപോലും കിട്ടിയില്ല. മുറ്റത്തേക്ക് പാഞ്ഞുകയറിവന്ന കാട്ടാന ബിജുവിനെ തുമ്പിക്കൈയിൽ ചുറ്റിപ്പിടിച്ച് നിലത്തടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഡെയ്സി വീടിനകത്തേക്ക് ഓടിക്കയറിയതുകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
2024 മാർച്ച് 31-ന് അർദ്ധരാത്രി പിന്നിട്ട്, ഒന്നരയ്ക്കായിരുന്നു സംഭവം. ഈസ്റ്റർ ദിനത്തിലെ പ്രാർത്ഥനയ്ക്കും ഉയിർപ്പ് പെരുന്നാളിനും ശേഷം ഉറക്കത്തിലേക്കു കടന്ന കുടുംബത്തിലേക്ക് ദുരന്തം കാട്ടാനയുടെ രൂപത്തിൽ വന്നത് അത്ര വേഗത്തിലായിരുന്നു. പ്രദേശത്ത് ആനശല്യമുള്ളതിന് സൂചനകളുണ്ടായിരുന്നെങ്കിലും ദുരന്തം പടിവാതിൽക്കലെത്തുമെന്ന് ബിജുവും കുടുംബവും കരുതിയതേയില്ല. ചെറിയ കൃഷിയും റബ്ബറുമൊക്കെയായി ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ നെടുംതൂണാണ് കാട്ടാന ആക്രമണത്തിൽ തകർന്നുപോയത്. ആ രാത്രിയുടെ ഭീതിയിലും പകപ്പിലും നിന്ന് ഡെയ്സിയും മക്കളായ ബിൻസിയും ബിൻസണും ഇപ്പോഴും മോചിതരായിട്ടില്ല.
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി ആക്രമണങ്ങൾ ഈ മേഖലകളിൽ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ദിനംപ്രതി പെരുകുന്ന ഭയാശങ്കകളോടെയാണ് വനമേഖലയ്ക്കടുത്ത് താമസിക്കുന്ന മിക്ക കുടുംബങ്ങളും കഴിയുന്നത്. വന്യജീവികളെ ഭയന്ന് ജീവിക്കാനോ, എല്ലാം ഇട്ടെറിഞ്ഞ് എവിടേക്കെങ്കിലും മാറിപ്പോകാനോ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ഇതുതന്നെയാണ് മാനന്തവാടി, സുൽത്താൻ ബത്തേരി അടക്കം വയനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും, കണ്ണൂർ ആറളം, പാലക്കാട് അട്ടപ്പാടി, ഇടുക്കിയിലെ മൂന്നാർ, ദേവികുളം പ്രദേശങ്ങളിലുള്ളവരും വനമേഖലയിലെ ദുരിതജീവിതത്തെക്കുറിച്ച് പറയുന്നത്.
കാട്ടാനക്കലി;
200 മരണം
2024-25 കാലയളവിൽ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം 20 പേരാണ് വിവിധ ജില്ലകളിലായി കൊല്ലപ്പെട്ടത്. ഈ ജനുവരിക്കു ശേഷം പത്തു പേർ മരിച്ചു. കടുവ, കാട്ടുപന്നി, പാമ്പ് എന്നിവയുടെ ആക്രമണങ്ങളിൽ സംസ്ഥാനത്ത് അറുപതോളം പേർ മരിച്ചു. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ ഇരുന്നൂറോളം പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വന്യജീവി സംഘർഷം നിയന്ത്രിക്കാൻ 10 കർമ്മപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.
കാടിറങ്ങുന്ന വന്യജീവികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള റിയൽ ടൈം മോണിറ്ററിംഗ്, ഏർലി വാണിംഗ് സിസ്റ്റം അടക്കമുള്ളവ നടപ്പാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. വന്യജീവി ആക്രമണം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിൽ 400-ലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളും നാലായിരത്തിലധികം ആളുകൾക്ക് എസ്.എം.എസ് ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമുണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ, വനാതിർത്തികളിൽ എ.ഐ ക്യാമറകളും മറ്റ് നിരീക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും ഒരു മുന്നറിയിപ്പും ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. സോളാർ ഫെൻസിംഗ് അടക്കമുള്ളവ സജ്ജമാക്കിയിട്ടുണ്ടെങ്കിലും കാട്ടാനയെ പ്രതിരോധിക്കാൻ അവ പര്യാപ്തവുമല്ല.
കുരുക്കഴിയാത്ത
പന്നിക്കെടുതി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപന പ്രസിഡന്റും സെക്രട്ടറിയും നിയോഗിക്കുന്ന ഷൂട്ടർമാർക്ക് വെടിവച്ചുകൊല്ലാൻ സംസ്ഥാന സർക്കാർ അധികാരം നൽകിയിട്ടുണ്ടെങ്കിലും മതിയായ ഷൂട്ടർമാരില്ലാത്തതും പിന്നീടുണ്ടാകുന്ന നിയമ പ്രശ്നങ്ങളും കാരണം പ്രശ്നത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇവയെ കൊലപ്പെടുത്തുന്നതിനെ കേന്ദ്രം എതിർക്കുന്നതിനാൽ ആശയക്കുഴപ്പം രൂക്ഷമാണ്. കാട്ടുപന്നിയെ വേട്ടയാടാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. അതേസമയം, കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിട്ടുമില്ല.
1793 കാട്ടാനകൾ
273 ഹോട്ട്സ്പോട്ട്
2024- ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 1793 കാട്ടാനകളുണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, അപകടകാരികളായവ എത്രയുണ്ടെന്നതിന് കണക്കില്ല.
273 ഹോട്ട്സ്പോട്ടുകൾ, 30 പഞ്ചായത്തുകളിൽ വന്യജീവി സംഘർഷം അതിരൂക്ഷം
26 ദ്രുതകർമ്മ സേനകൾ, ഏകോപിപ്പിക്കാൻ സംസ്ഥാന- ജില്ലാതല കൺട്രോൾ റൂമുകൾ
സംഘർഷം രൂക്ഷമായ മേഖലകളിൽ നിരീക്ഷണത്തിന് ക്യാമറകളുണ്ടെങ്കിലും നിബിഡ വനത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം ഫലപ്രദമല്ല.
തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിക്കൂട്ടിലാക്കുന്നത്. വന്യജീവി ആക്രമണം നിയന്ത്രിക്കാൻ സർക്കാരും വനംവകുപ്പും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുന്നില്ലെന്നാണ് ആരോപണം. അതിനിടയിലും ചെറിയ കാരണങ്ങളും കുറ്രങ്ങളും ചുമത്തി വനാതിർത്തിയിലുള്ളവരെ കേസുകളിൽ കുടുക്കാനാണ് ഉദ്യോഗസ്ഥർ വ്യഗ്രത കാട്ടുന്നതെന്ന ആക്ഷേപവും ശക്തമാണ്.
(നാളെ: വനമെന്ന രാജ്യവും കാടൻ കുരുക്കുകളും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |