അഴിമതി എന്നത് നാട്ടിൽ സർവസാധാരണമായ പ്രക്രിയയായി മാറിയിരിക്കുന്നു. അഴിമതി വ്യാപകമാകുമ്പോൾ ധ്വംസിക്കപ്പെടുന്നത് പൗരനുള്ള ഭരണഘടനാ അവകാശങ്ങൾ തന്നെയാണ്. അഴിമതി വളർന്നു വളർന്ന്, ഒരു ജനാധിപത്യ- മതേതര സോഷ്യലിസ്റ്റ് രാജ്യത്തിന് പൊരുത്തപ്പെടാത്ത രീതിയിൽ എത്തിയിരിക്കുന്നുവെന്നും, അത് രാജ്യത്തിന് ഗുരുതരമായ അപകടം ഉണ്ടാക്കത്തക്ക അവസ്ഥ സംജാതമാക്കുകയാണെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പരിഷ്കൃത സമൂഹത്തിന്റെ ഭീകര ശത്രുക്കളാണ് കൈക്കൂലിയും മറ്റ് അഴിമതികളും.
പൊതുജന സേവകരുടെ അഴിമതിയും കൈക്കൂലിയും തടയുന്നതിന് 1947- ൽ പ്രിവൻഷൻ ഒഫ് കറപ്ഷൻ ആക്ട് (അഴിമതി നിരോധന നിയമം) നിലവിൽ വരികയും, അതിന് 1964-ൽ ചില ഭേദഗതികൾ വരുത്തുകയും ചെയ്തു. എന്നാൽ പ്രസ്തുത നിയമങ്ങളിൽ ചില അത്യാവശ്യ ഭേദഗതികൾ വരുത്തി അഴിമതിയെയും കൈക്കൂലിയെയും ശക്തമായി നേരിടുന്നതിനായി 1988-ൽ 'അഴിമതി നിരോധന നിയമം" കൊണ്ടുവന്നു. ഈ നിയമത്തിനും 2018- ൽ ചില ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. മേൽ വിവരിച്ച നിയമങ്ങളും ഭേദഗതികളുമൊക്കെതന്നെ പൊതു ജനസേവകരുടെ അഴിമതി തടയുക എന്ന ലക്ഷ്യം വച്ചായിരുന്നു.
പൊതുസേവകർ
ആരെല്ലാം?
അഴിമതി നിരോധന പ്രകാരം ഒരു പൊതുജന സേവകൻ കൈക്കൂലി വാങ്ങുന്നതും അയാൾക്ക് കൈക്കൂലി കൊടുക്കുന്നതും ശിക്ഷാർഹമാണ്. പൊതുജന സേവകൻ (പബ്ളിക് സെർവന്റ്) എന്നതിന് ഒരു നിർവചനം അഴിമതി നിരോധന നിയമത്തിൽ നൽകിയിട്ടില്ലെങ്കിലും, ആരെല്ലാം പൊതുജന സേവകരായി കണക്കാക്കപ്പെടുമെന്ന് വിശദമായി പ്രസ്തുത നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒരു പൊതുജന സേവകൻ ആദ്യം ഒരു സേവകനാകണം. രണ്ടാമതായാണ് അയാൾ പൊതുജന സേവകനാകുന്നത്. അധികാര സ്ഥാനത്തുനിന്നോ സർക്കാരിൽ നിന്നോ പ്രതിഫലം പറ്റുന്ന ഏതൊരാളും പൊതുജന സേവകനാണ്.
ഒരു പൊതു കർത്തവ്യം നിർവഹിക്കുന്നതിന് നിയുക്തനായതോ അധികാരപ്പെടുത്തിയിട്ടുള്ളതോ ആയ വ്യക്തിയും പൊതുജന സേവകനാണ്. ബാങ്കിംഗ്, കൃഷി, വ്യാപാരം, വ്യവസായം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഓഫീസ് ഭാരവാഹികൾ, യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രതിഫലം പറ്റുന്ന മറ്റുള്ളവർ, കമ്പനീസ് ആക്ട് പ്രകാരം നിയമിക്കപ്പെട്ടവർ തുടങ്ങി നിരവധി വ്യക്തികളെയും ഔദ്യോഗിക ജോലി നിർവഹിക്കുന്നവരെയും പൊതുജന സേവകരായി അഴിമതി നിരോധന നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമപ്രകാരം
കുറ്റം ചുമത്താൻ
ഒരു പൊതുജന സേവകനെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്തണമെങ്കിൽ അയാൾ സ്വമേധയാ, അല്ലെങ്കിൽ മറ്റേതെങ്കിലും പൊതുജന സേവകൻ മുഖേന ചെയ്യുന്ന പൊതുജന സേവനം സത്യവിരുദ്ധമോ നിയമവിരുദ്ധമോ ആകണം. അതുപോലെ, അയാളിൽ നിക്ഷിപ്തമായ പൊതുസേവന ചുമതലയിൽ നിന്ന് വിട്ടുനിൽക്കാമെന്ന ധാരണയോടെയോ അനർഹമായ ആനുകൂല്യം നേടുകയോ അതിന് ശ്രമിക്കുകയോ ചെയ്താൽ അതും അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണ്. തന്നിൽ നിക്ഷിപ്തമായ സേവനം ചെയ്തതിന് പാരിതോഷികമായി മറ്റൊരാളിൽ നിന്ന് കൈപ്പറ്റുന്ന അനർഹമായ ആനുകൂല്യം അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണ്.
കൂടാതെ, മറ്റേതെങ്കിലും വ്യക്തിയിൽ നിന്ന് അനർഹമായ ആനുകൂല്യം സ്വീകരിച്ചുകൊണ്ടോ അങ്ങനെ പ്രതീക്ഷിച്ചുകൊണ്ടോ ഒരു പൊതു ചുമതല, ഒരു പൊതുജന സേവകൻ മറ്റൊരു പൊതുജന സേവകനെക്കൊണ്ട് ചെയ്യിക്കുകയോ, ആ ചുമതലയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്താലും അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണ്. മേൽവിവരിച്ച രീതികളിൽ കുറ്റം തെളിഞ്ഞാൽ കുറ്റം ചെയ്ത പൊതുജന സേവകന് മൂന്നുവർഷം മുതൽ ഏഴു വർഷംവരെ തടവും കൂടാതെ പിഴയും ശിക്ഷയായി ലഭിക്കാം.
നൽകുന്നതും
കുറ്റകൃത്യം
അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നതും കുറ്റകരമാണ്. അതായത് ഒരു പൊതു ജനസേവകനെ സ്വാധീനിക്കാനായി കൈക്കൂലിയോ മറ്റു പ്രതിഫലമോ നൽകുന്നത് ശിക്ഷാർഹമാണ്. പൊതുജന സേവകനെക്കൊണ്ട് ക്രമവിരുദ്ധമായോ നിയമവിരുദ്ധമായോ പൊതുസേവനം ചെയ്യിക്കുന്നതിനു വേണ്ടി ഒരു വ്യക്തി അയാൾക്ക് പാരിതോഷികമോ പ്രതിഫലമോ (കൈക്കൂലിയും മറ്റാനുകൂല്യവും ) നൽകിയാലോ, നൽകാമെന്ന് വാഗ്ദാനം ചെയ്താലോ അതു ചെയ്യുന്ന വ്യക്തി കുറ്റക്കാരനാണ്. ഒരു പൊതുജനസേവകനെ പ്രേരിപ്പിച്ച് അയാളെക്കൊണ്ട് അനുചിതമായ രീതിയിൽ പൊതുസേവനം ചെയ്യിക്കുന്നതിനായി ഒരാൾ മറ്റൊരു വ്യക്തിക്കോ വ്യക്തികൾക്കോ ആനുകൂല്യം നൽകുകയോ വാഗ്ദാനം നൽകുകയോ ചെയ്യുന്നതും കുറ്റകരം തന്നെ.
മേൽവിവരിച്ച കുറ്റങ്ങൾ തെളിഞ്ഞാൽ അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് ഏഴുവർഷംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്നതാണ്.
അതേസമയം, ഈ പറഞ്ഞ നിയമ വ്യവസ്ഥകൾ ചില സന്ദർഭങ്ങളിൽ കുറ്റകരമാകില്ല! നിർബന്ധം കാരണമോ, ഒഴിച്ചുകൂടാൻ വയ്യാത്ത അവസ്ഥയിലോ (Under compelling circumstances) ആണ് കൈക്കൂലി നൽകേണ്ടി വന്നതെങ്കിൽ പ്രസ്തുത വിവരം, അങ്ങനെ കോഴ നല്കിയ ദിവസം മുതൽ ഏഴു ദിവസത്തിനകം നീതി നിർവഹണ അധികാരിയെയോ അന്വേഷണ ഏജൻസിയെയോ അറിയിച്ചാൽ കോഴ നൽകിയ വ്യക്തി കുറ്റക്കാരനായി പരിഗണിക്കുവാൻ നിയമം അനുവദിക്കുന്നില്ല. ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യത്തിന്റെ അന്വേഷണവുമായി ബന്ധപ്പെടുത്തി നീതി നിർവഹണ അധികാരിക്കോ അന്വേഷണ ഏജൻസിക്കോ അവരുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനുവേണ്ടി, മുൻ അറിവ് നൽകിയശേഷം, കൈക്കൂലി കൊടുക്കുകയോ, കൊടുക്കാമെന്ന് വാഗ്ദാനം നൽകുകയോ ചെയ്താലും അത് കുറ്റകരമായി പരിഗണിക്കില്ല.
അഴിമതിക്കെതിരെ എത്രയൊക്കെ ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അഴിമതി നാൾക്കുനാൾ വർദ്ധിച്ചുവരുന്നതായാണ് അനുഭവം. ഇത് ജനാധിപത്യം നേരിടുന്ന ശാപമാണ്. അഴിമതിക്കാരായ പൊതുജന സേവകർക്കെതിരെ നിയമനടപടി സ്വീകരിച്ചാലും, സ്വാധീനമുള്ളവരും സമ്പത്തുള്ളവരും അതിൽനിന്ന് പലവിധത്തിൽ രക്ഷ നേടുന്നു. പൊതുജനങ്ങൾക്ക് ധർമ്മബോധവും നീതിബോധവും ഉണ്ടവുകയും അഴിമതിക്കാരെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയും, നീതിന്യായ സംവിധാനങ്ങൾ അഴിമതി നിരോധന നിയമം പോലെയുള്ള നിയമങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവും ഉൾക്കൊണ്ട് നിയമം നടപ്പാക്കുകയും ചെയ്താൽ അഴിമതി ഒരു പരിധിവരെ ഇല്ലാതാക്കുവാൻ സാധിക്കും.
(ലേഖകന്റെ ഫോൺ: 2443313, 94472 46699)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |