വന്യമൃഗങ്ങളുടെ കാടിറക്കമാണ് സംസ്ഥാനത്തെ മലയോര മേഖലയിലെ ആളുകൾ നേരിടുന്ന പ്രധാനപ്രശ്നം. വന്യമൃഗങ്ങളെ എങ്ങനെ കാട്ടിൽ തന്നെ നിലനിറത്താമെന്നതാണ് വനംവകുപ്പിന്റെ ചിന്താവിഷയം. ഒട്ടേറെ പദ്ധതികൾ മുന്നിലുണ്ട്. അതിലൊന്നാണ് വിത്തുണ്ട വിതറൽ പദ്ധതി. ആനകൾക്കും കാട്ടുപന്നികൾക്കും കാട്ടുപോത്തുകൾക്കും ഭക്ഷിക്കാനുള്ള സസ്യങ്ങളുടെ വിത്തുകൾ വളത്തിൽ പൊതിഞ്ഞ് ഉണ്ടകളാക്കി വനത്തിലെ തുറസായ സ്ഥലത്ത് തള്ളും. ജാപ്പനീസ് പ്രകൃതി കൃഷി പ്രചാരകനായ മസനോബു ഫുകുവോക്കയുടെ ആഗോളതലത്തിൽ പ്രചാരം നേടിയ വിത്ത് പന്ത്, എർത്ത് ബോൾ, വിത്ത് ബോംബ് എന്നീ പേരുകളിൽ പ്രശസ്തമായ പദ്ധതി കേരളത്തിൽ വിത്തുണ്ട എന്ന പേരിലാണ് വനം വകുപ്പ് നടപ്പാക്കുന്നത്.
മണ്ണ്, ചാണകം, മഞ്ഞൾ ഇവയുടെ മിശ്രിതത്തിൽ വിവിധ നാടൻ മരങ്ങളുടെ വിത്തുകൾ പൊതിഞ്ഞ് തുറസ്സായ വനപ്രദേശത്തേക്ക് എറിഞ്ഞ് വനങ്ങളും പരിസ്ഥിതിയും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.
വന്യജീവികളുടെ കാടിറക്കത്തെക്കുറിച്ചും ഏതൊക്കെ വന്യജീവികളാണ് മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് എന്നതു സംബന്ധിച്ചും വ്യക്തമായ വിവരങ്ങളുണ്ട്. നാട്ടിലേക്ക് ഇറങ്ങുന്നവയെ തിരികെ കാട് കയറ്റാൻ കഴിയുമോയെന്ന് പഠനം നടന്നിട്ടില്ല. കാടിറങ്ങിയവയെ തിരികെ കാട് കയറ്റാൻ കഴിയില്ലെങ്കിൽ സ്വീകരിക്കേണ്ടുന്ന ബദൽ മാർഗങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ തയ്യാറാകാതെയാണ് ഓരോ പദ്ധതികളും വനംവകുപ്പ് പരീക്ഷിക്കുന്നത്.
മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ ലഘൂകരണത്തിനായി വനംവകുപ്പിന് സ്വന്തം നിലയിലും ജനപങ്കാളിത്തത്തോടെയും മറ്റു സർക്കാർ വകുപ്പുകളുടെ സഹായത്തോടെയും നടപ്പാക്കാൻ സാധിക്കുന്ന ഹ്രസ്വ, ദീർഘകാല പദ്ധതികൾ നിരവധിയാണ്. ഈ സാദ്ധ്യതകളും വനംവകുപ്പ് ഉപയോഗപ്പെടുത്തുന്നില്ല. വിഷപ്പാമ്പുകൾ, കുരങ്ങ്, പന്നി, കടുവ, പുലി, ആന തുടങ്ങിയവ ഒരു വശത്ത് ജനജീവിതത്തിന് സ്ഥിരമായി ഭീഷണി ഉയർത്തുമ്പോഴാണ് വിത്തുണ്ട എന്ന പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
സ്വഭാവം പലതരം
കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിൽ ജീവിക്കുന്ന വന്യജീവികളും പതിവായി കാടിറങ്ങുന്നവയും വനപാതകളിൽ ആക്രമണകാരീകളാകുന്നവയുടെയും സ്വഭാവവും രീതികളും ഇവ ഉയർത്തുന്ന ഭീഷണികളും വ്യത്യസ്തമാണ്. നിശ്ചിത ആവാസ വ്യവസ്ഥയിൽ ജനവാസ കേന്ദ്രങ്ങളിലും ജീവിക്കുന്ന വിഷപ്പാമ്പുകളുടെ ഭക്ഷണം എലി, തവള, ചെറു ജീവികൾ എന്നിവയാണ്. വന്യജീവി ആക്രമണങ്ങളിൽ ഏറ്റവുമധികം മരണം സംഭവിച്ചിരിക്കുന്നത് പാമ്പുകടിയേറ്റാണ്. അപകടമുണ്ടായാൽ യഥാസമയം ചികിത്സ കിട്ടാതിരിക്കുന്നതും കൃത്യമായ ആന്റിവെനം ലഭ്യമല്ലാത്തതുമാണ് ഇതിന് കാരണം.
കായ് കനികൾ ഭക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന കാട്ടുകുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആക്രമണകാരികളായ ഇവയിൽ കൂടുതലും മനുഷ്യൻ കഴിക്കുന്ന ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന നാട്ടുകുരങ്ങുകളാണ്.
പിടികൂടി കാട്ടിൽ എത്തിച്ചാലും മറ്റൊരു ജനവാസ കേന്ദ്രത്തിൽ തന്നെ ഇവ എത്തിച്ചേരും. മനുഷ്യനെ മാന്തിയും കടിച്ചും ആക്രമിക്കുന്ന ഇവ കുരങ്ങ് പനി, ചെള്ള് പനി എന്നിവയ്ക്കും കാരണമാകുന്നു. മുമ്പ് കാടിറങ്ങിയ കാട്ടുപന്നികൾ നാട്ടിൻ പുറങ്ങളിലെയും നഗരങ്ങളിലെയും പൊന്തക്കാടുകളിൽ പെറ്റുപെരുകിയിരിക്കുന്നു. ഭക്ഷണ മാലിന്യങ്ങൾ, മാംസാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഇഷ്ട ഭക്ഷണം. കാട്ടിൽ വിട്ടാലും മറ്റൊരു ജനവാസ കേന്ദ്രത്തിൽ തന്നെ എത്തുന്നതാണ് ഇവ. മനുഷ്യനെ മാരകമായി ആക്രമിക്കുന്ന കാട്ടുപന്നികൾ കൃഷിക്കും സ്വത്തുവകകൾക്കും വലിയ നാശമാണ് വരുത്തുന്നത്.
രാത്രി കാലങ്ങളിൽ കാടിറങ്ങി കൃത്യമായി കാട്ടിലേക്കു തന്നെ മടങ്ങുന്നവയാണ് ആനകൾ. ശരീര വലുപ്പം പോലെതന്നെ ഇവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും വലുതാണ്.
കാടിറക്കം തടയാം
ആനത്താരകൾ മിക്കതും കൈയേറപ്പെട്ടു കഴിഞ്ഞു. ആനത്താരകളോട് ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് മനുഷ്യ വന്യജീവി സംഘർഷത്തിന് കാരണമാകും. ടൂറിസം കേന്ദ്രങ്ങൾ, വനത്തിലേക്ക് കയറിയിറങ്ങിക്കിടക്കുന്ന ജനവാസ മേഖലകൾ, മണവും മധുരവും ഉപ്പുരസവുമുള്ള ഭക്ഷണ ലഭ്യത, വേനൽക്കാലത്ത് വെള്ളം യഥേഷ്ടം ലഭിക്കുന്ന സ്ഥലങ്ങൾ തേടുന്നത് തുടങ്ങി ആനയുടെ കാടിറക്കത്തിന്റെ കാരണങ്ങൾ നിരവധിയാണ്.
ശബ്ദ കോലാഹലങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു കഴിയുവാൻ ഇഷ്ടപ്പെടുന്ന ഇവയെ കാടിനുള്ളിൽ തന്നെ സംരക്ഷിച്ചു നിറുത്തുന്നതിന് ഇപ്പോൾ തന്നെ നിരവധി പദ്ധതികളുണ്ട്.
വനാതിർത്തികളിൽ ഫലപ്രദമായ വേലികൾ, ബാരിക്കേഡുകൾ, കിടങ്ങ് എന്നിവ സ്ഥാപിച്ചും വനത്തിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും കൈതച്ചക്ക, ചക്ക, വാഴ, തെങ്ങ്, കമുക് ഇവ വനാതിർത്തിയിൽ വ്യാപകമായി കൃഷി ചെയ്യുന്നത് ഒഴിവാക്കിയും ഇവയുടെ കാടിറക്കത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.
വളരെ അപൂർവമായി മാത്രം ജനവാസ കേന്ദ്രങ്ങളിൽ വന്നുപോയിരുന്ന കടുവയും പുലിയും പതിവു കാഴ്ചകളാണ്. മ്ലാവ്, പന്നി തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഇര.
പരസ്പരം ഏറ്റുമുട്ടി തോൽക്കുമ്പോൾ കാട്ടിലെ ആവാസ വ്യവസ്ഥയിൽ നിന്ന് വന്യമൃഗങ്ങൾക്ക് വിട്ടുപോകേണ്ടി വരുന്നു. എണ്ണത്തിലെ വർദ്ധനയും പരിക്കോ പ്രായത്തിന്റെ അവശയോ കാരണം ഇരയെ പിന്തുടർന്ന് പിടികൂടി ഭക്ഷിക്കാൻ കഴിയാതെ വരുമ്പോഴുമാണ് വളർത്തു മൃഗങ്ങളെ തേടി ഇവ കൂടുതലും കാടിറങ്ങുന്നത്. ഇവയെ പിടികൂടി ഉൾക്കാട്ടിൽ എത്തിക്കുന്നതോടെ ഭീഷണി ഒഴിവാകുമെന്നാണ് വിലയിരുത്തൽ.
വന്യജീവകളുടെ സ്വഭാവരീതികളും കാടിറങ്ങുന്നതിനുള്ള കാരണവും വ്യത്യസ്തമായിരിക്കുന്നതിനാൽ ഇതിനനുസരിച്ചുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് പകരം എല്ലാ മൃഗങ്ങളെയും ഒന്നായി പരിഗണിച്ചുകൊണ്ടുള്ള പദ്ധതികളാണ് വനം വകുപ്പ് ഇപ്പോഴും ആവിഷ്‌കരിക്കുന്നത്.
ഇര പിടിക്കുന്നവർ
എന്തു ചെയ്യും
മാംസ ഭുക്കുകളായ കടുവയ്ക്കും പുലിക്ക് വിത്തുണ്ടയിൽ നിന്ന് വളരുന്ന സസ്യങ്ങൾ ഭക്ഷണമല്ല. കാടിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കുളളിലുള്ള ജീവികളാണ് അവയുടെ ഇരകൾ. അവയെ കിട്ടാതെ വരുമ്പോൾ കടുവയും പുലിയും നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കും. മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും രക്തത്തിന്റെയും മാംസത്തിന്റെയും മണവും രുചിയും അറിഞ്ഞ മാസംഭുക്കുകളായ വന്യ ജീവികൾ തിരികെ കാട്ടിലേക്ക് കയറുമെന്ന് ഉറപ്പില്ല. വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ ഭക്ഷണമൊരുക്കുന്നതിന് സസ്യങ്ങൾ മാത്രം വളർത്തിയെടുത്താൽ പോര. മാംസഭുക്കുകളായ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയാനുളള സൗരോർജ വേലികളും കിടങ്ങുകളും വനാതിർത്തികളിൽ നിർമിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |