ദേശീയപാത 66, നിർമ്മാണത്തിനിടെ മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും റോഡ് ഇടിഞ്ഞുതാഴുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതിനെ തുടർന്ന് തെക്കൻ കേരളത്തിലും ആശങ്ക ഉയരുന്നു. പാതയുടെ പലഭാഗങ്ങളിലുമുണ്ടായ വിള്ളൽ, മണ്ണിടിച്ചിൽ, തകർച്ച എന്നിവയെല്ലാം നിർമ്മാണത്തിലെ അശാസ്ത്രീയതയും അലംഭാവവുമാണ് വെളിച്ചത്തു കൊണ്ടു വരുന്നത്. മഴക്കാലമെത്തിയതോടെ ആശങ്കയുടെ വേഗതയും കൂടുകയാണ്. കാലവർഷം ശക്തി പ്രാപിച്ചതോടെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിർമ്മാണം പുരോഗമിക്കുന്ന റോഡിനെ സംബന്ധിച്ചും ആശങ്ക ഉയരുകയാണ്. ഇവിടങ്ങളിൽ ഇതുവരെ കാര്യമായ തകരാറുകളൊന്നും സംഭവിച്ചില്ലെങ്കിലും പലയിടത്തും സർവീസ് റോഡുകളിലും പ്രധാന റോഡുകളിലും വെള്ളക്കെട്ടായി മാറി വാഹന ഗതാഗതം അതീവ ദുഷ്ക്കരമാക്കുന്നുണ്ട്. പ്രധാന ജംഗ്ഷനുകളിൽ നിർമ്മിച്ച അടിപ്പാതയുടെ അപ്രോച്ച് റോഡുകൾ ഇരുവശത്തെയും കോട്ടകെട്ടി വേർതിരിച്ചതുപോലെയാണ്. മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് കോട്ടകൾ പോലെ റോഡ് കടന്നുപോകുന്നത്. 'കോട്ട' പോലുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമായി തീരെ വീതി കുറഞ്ഞ സർവീസ് റോഡുകളിൽ മഴ ശക്തി പ്രാപിച്ചതോടെ പലയിടങ്ങളിലും ഉയരപ്പാതയുടെ ഇടയിലൂടെ മഴവെള്ളം കുത്തിയൊലിച്ച് താഴെ സർവീസ് റോഡിലേക്ക് പതിക്കുന്ന കാഴ്ച ഭീതിയുളവാക്കുന്നതാണ്. 50 അടി വരെ ഉയരമുള്ള ഭാഗങ്ങളിൽ ഇരുവശത്തും കൂറ്റൻ ഇന്റർലോക്ക് കട്ടകൾ അടുക്കി അതിനു നടുവിൽ മണ്ണിട്ട് നികത്തി നിർമ്മിച്ച പാതയാണ് ആൾക്കാരിൽ ഭീതിയുണർത്തുന്നത്. മലപ്പുറത്തടക്കം സംഭവിച്ച വലിയ അപകടങ്ങളെ തുടർന്നാണ് ഇങ്ങ് തെക്കും ആശങ്ക ഉയരുന്നത്.
വികസനത്തിന്റെ
നാഴികക്കല്ല്
സംസ്ഥാനത്തിന്റെ വികസനത്തിൽ ഏറെ മുന്നിലുള്ളതാണ് ദേശീയപാത 66, ആറു വരിപ്പാത നിർമ്മാണം. കന്യാകുമാരി മുതൽ മുംബയ് പൻവേൽ വരെ നീളുന്ന പാത കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല കാരോട് വരെയുള്ള 644 കിലോമീറ്രർ ദൂരമാണ് കേരളത്തിലൂടെ കടന്നു പോകുന്നത്. ഈ 644 കിലോമീറ്റർ 22 റീച്ചുകളാക്കി വിഭജിച്ചാണ് വിവിധ നിർമ്മാണ കമ്പനികൾക്ക് നൽകി വികസനം നടപ്പാക്കുന്നത്. ഇതിൽ ഇനി പൂർത്തിയാകാനുള്ള 17 റീച്ചുകളുടെ നിർമ്മാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിനുള്ള സാദ്ധ്യതകൾ മങ്ങി. 2026 മേയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർക്കാർ പ്രധാനമായും ഈ വികസനമാണ് ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നത്.
കൊല്ലത്തും ആലപ്പുഴയും
നിർമ്മാണത്തിനിടെ അപകടം
നിർമ്മാണത്തിനിടെ കൊല്ലത്തും ആലപ്പുഴയിലും ചെറിയ അപകടങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നുണ്ട്. ആലപ്പുഴ ബൈപാസിലെ ഫ്ളൈഓവർ നിർമ്മാണത്തിനിടെ കൂറ്റൻ ഗർഡറുകൾ തകർന്നുവീണിരുന്നു. കൊല്ലം അയത്തിൽ ചൂരാങ്കൽ തോടിനു കുറുകെയുള്ള പാലം നിർമ്മാണത്തിനിടെ രണ്ടുതവണ കോൺക്രീറ്റീംഗ് തകർന്നു വീണു. കൊട്ടിയത്ത് ഉയരപ്പാതയുടെ മുകളിലെ കൂറ്റൻ കോൺക്രീറ്റ് ഇന്റർലോക്ക് ഇളകി സർവീസ് റോഡിലേക്ക് വീണെങ്കിലും വാഹനങ്ങൾക്കോ ആൾക്കാർക്കോ അപകടം സംഭവിക്കാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. മഴ ശക്തമായതോടെ കൊട്ടിയം, പാരിപ്പള്ളി എന്നിവിടങ്ങളിൽ സർവീസ് റോഡിലെ വെള്ളക്കെട്ടിലും ചെളിയിലും വലിയ വാഹനങ്ങൾ താഴ്ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്നുവെന്ന അവകാശവാദവുമായി രാജ്യത്തെ മുൻനിര കരാറുകാർ തന്നെയാണ് റോഡിന്റെ നിർമ്മാണം ഏറ്റെടുത്തത്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ കേന്ദ്രസർക്കാർ ഡീബാർ ചെയ്തു. കൺസൾട്ടന്റായ ഹൈവേ എൻജിനിയറിംഗ് കമ്പനിക്കും വിലക്കേർപ്പെടുത്തി. ദേശീയപാത അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഭൂപ്രകൃതിയും
കാലാവസ്ഥയും പരിഗണിച്ചില്ല ?
കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണിന്റെ ഘടന എന്നിവയ്ക്ക് അനുസൃതമായ നിർമ്മാണ രീതിയല്ല സ്വീകരിച്ചതെന്നും വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്നുമുള്ള ആക്ഷേപമാണിപ്പോൾ ഉയരുന്നത്. മണ്ണുറപ്പില്ലാത്ത സ്ഥലങ്ങളിലും വയലുകളിലും നീരൊഴുക്കുള്ള ഇടങ്ങളിലൂടെയും പാത കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഫ്ളൈഓവറോ തൂണുകൾ നിർമ്മിച്ച് അതിനു മുകളിൽ വയഡക്ട് മാതൃകയിലോ പാത നിർമ്മിക്കണമെന്ന ആവശ്യം പലയിടത്തും പരിഗണിക്കപ്പെട്ടില്ല. അങ്ങനെ നിർമ്മിച്ചാൽ ഇപ്പോഴത്തെ നിർമ്മാണത്തെക്കാൾ ആറിരട്ടിയെങ്കിലും ചെലവ് അധികരിക്കുമെന്നതാകാം ഇത് പരിഗണിക്കാതിരുന്നതിന് കാരണം. ഭാരിച്ച ചെലവൊഴിവാക്കാൻ അശാസ്ത്രീയ നിർമ്മാണത്തിന് തുനിഞ്ഞുവെന്ന് വേണം കരുതാൻ. പാടങ്ങളിലെ ഉറപ്പില്ലാത്ത മണ്ണിനു മുകളിൽ ലോഡ് കണക്കിന് മണ്ണിട്ടുയർത്തിയപ്പോൾ താഴത്തെ മണ്ണ് താഴേക്ക് ഇരുത്തിയതാണ് മലപ്പുറം കൂരിയാട് ഭാഗത്ത് റോഡ് തകരാൻ കാരണമായതെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
കച്ചവട സ്ഥാപനങ്ങൾക്ക് പൂട്ട്‌വീഴും
ദേശീയപാത 66, കേരളത്തിന്റെ വികസന സാദ്ധ്യതകളെ മാറ്റിമറിയ്ക്കുമെങ്കിലും പാത പൂർത്തിയാകുമ്പോൾ ആയിരക്കണക്കിന് കച്ചവടക്കാരും വാണിജ്യസ്ഥാപനങ്ങളും പ്രതിസന്ധിയിലാകും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ദേശീയപാതയ്ക്കിരുവശവും കേന്ദ്രീകരിച്ചാണ് ഏറ്റവുമധികം വ്യാപാര സ്ഥാപനങ്ങളുള്ളത്. 45 മീറ്ററിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ആറുവരിപ്പാതയുടെ ഇരുവശത്തും വീതികുറഞ്ഞ സർവീസ് റോഡിന്റെ വശങ്ങളിൽ മാത്രമായി കച്ചവട സ്ഥാപനങ്ങൾ ഒതുങ്ങും. സ്ഥാപനങ്ങൾക്ക് മുന്നിൽ ഇരുചക്ര വാഹനം പോലും പാർക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതിനാൽ വാഹനങ്ങളിലെത്തുന്നവർക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻ പ്രയാസം നേരിടും. കച്ചവടസ്ഥാപനങ്ങൾ പ്രതിസന്ധിയിലാക്കുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന റോഡ്‌വികസനത്തിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിലാകും വ്യാപാര, വാണിജ്യ മേഖലകളെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുക. ആവശ്യത്തിന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും റോഡ്‌വികസനം പുരോഗമിക്കുന്നതിനിടെ തന്നെ നിരവധി കച്ചവട സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്.
പ്രധാന ജംഗ്ഷനുകളിലൊന്നും ബസ് യാത്രക്കാർക്ക് കാത്തുനിൽക്കാനുള്ള സ്ഥലമില്ലാത്തതാണ് മറ്റൊരു പ്രശ്നം. സ്കൂളുകളും മറ്റു വിദ്യാലയങ്ങളുമുള്ള ജംഗ്ഷനുകളിൽ വിദ്യാർത്ഥികൾക്ക് ബസ് കാത്തുനിൽക്കാനുള്ള സ്ഥലമോ മഴയ്ത്ത് നിൽക്കാനുള്ള ഇടമോ ഇല്ലാത്ത സ്ഥിതിയാണ്. പ്രധാന ജംഗ്ഷനുകളിൽ ബസ് ബേ നിർമ്മിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കാതെ ഈ പ്രശ്നം പരിഹരിക്കാനാകില്ല. കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി, ചവറ പോലെയുള്ള പ്രധാന ജംഗ്ഷനുകളിലെല്ലാം ഈ പ്രശ്നം അഭിമുഖീകരിക്കുകയാണ്. ഈ ജംഗ്ഷനുകളിലെല്ലാം ഇപ്പോൾ മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്കാണ് നേരിടുന്നത്. ജംഗ്ഷനുകളിലൊന്നും ഓട്ടോ, ടാക്സികൾക്ക് പാർക്ക് ചെയ്യാൻ ഇടം ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. ഇതിനുള്ള സൗകര്യം ഒരുക്കേണ്ട ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ തങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ നിസംഗത പുലർത്തുകയാണ്. ഇങ്ങനെയുള്ള ജംഗ്ഷനുകളിൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ബസ്ബേ നിർമ്മിക്കണമെന്നും ഓട്ടോ, ടാക്സികൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ നിവേദനം നൽകിയതായി കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ പറഞ്ഞു. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ നേരിട്ട് നഗരത്തിൽ പ്രവേശിക്കാത്തതിനാൽ നഗരങ്ങളിലെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരി സമൂഹം. ദേശീയപാത 66 യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്നതിൽ തർക്കമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |