സംസ്ഥാന ബി.ജെ.പി.യുടെ ഏറ്റവും മുതിർന്ന നേതാവ്, കെ. രാമൻപിള്ള നവതിയുടെ നിറവിലേക്ക്. ഇടവത്തിലെ ഉത്രമാണ് ജന്മനക്ഷത്രം. അത് ജൂൺ നാലിനാണ്. സംസ്ഥാനത്ത് ബി.ജെ.പിയും, അതിനു മുമ്പ് ജനസംഘവും, അതിനിടയിൽ ജനതാ പാർട്ടിയും രൂപീകരിച്ചപ്പോൾ അതിന്റെയെല്ലാം സ്ഥാപകസംഘത്തിൽ കെ. രാമൻപിള്ളയുമുണ്ടായിരുന്നു. പതിനഞ്ചാം വയസിൽ തുടങ്ങിയ പൊതുപ്രവർത്തനം ഈ തൊണ്ണൂറാം വയസിലും തുടരുന്നു. ബി.ജെ.പി.യുടെ ദേശീയ കൗൺസിൽ അംഗമാണ്. സംസ്ഥാന കോർ കമ്മിറ്റിയിൽ ക്ഷണിതാവ്.
അടിയന്തരാവസ്ഥയിൽ അണിയറയിൽ സമരത്തിന്റെ കരുത്തായിരുന്നു. അരബിന്ദോ കൾച്ചറൽ സെന്ററിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്. എഴുത്തിലും വായനയിലും പ്രസംഗത്തിലും ഇപ്പോഴും സജീവം. ഏഴര പതിറ്റാണ്ടിന്റെ പൊതുജീവിതം കടന്ന് നവതിയിലെത്തുമ്പോൾ, ജീവിതം സാർത്ഥകമാകുന്നതിന് രാമൻപിള്ളയുടെ നിർവചനം ഇങ്ങനെ: ബി.ജെ.പി.യും ജനസംഘവും സ്വപ്നം കണ്ട ഭാരത നിർമ്മിതി, നരേന്ദ്രമോദി സർക്കാരിലൂടെ സാഷാത്ക്കാരത്തിലെത്തുന്നത് കാണാനുള്ള യോഗം കിട്ടിയതു തന്നെ!
ജീവിതം; ഒരു
ആത്മഭാഷണം
ജനിച്ചത് വെഞ്ഞാറമൂടിലാണ്. അവിടത്തെ സ്കൂളിലായിരുന്നു വിദ്യാഭ്യാസത്തിന്റെ തുടക്കം. പിന്നീട് ജ്യേഷ്ഠൻ സാധുശീലൻ പരമേശ്വരൻ പിള്ളയ്ക്കൊപ്പം കോളിയൂരിലും കൈതമുക്കിലുമൊക്കെയായി തുടർപഠനങ്ങൾ. മലയാളം വിദ്വാൻപരീക്ഷ പാസായി. ജ്യേഷ്ഠൻ തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയ പാഠങ്ങൾ പകർന്നുനൽകിയത്. 1950-ൽ ആർ.എസ്.എസിന്റെ പുത്തൻചന്ത ശാഖയിലെത്തി. ഇന്ന് സംസ്കൃതിഭവൻ നിൽക്കുന്നിടത്തായിരുന്നു ആ ശാഖ. പിന്നീട് അതുവഴി ജനസംഘത്തിലും തുടർന്ന് ബി.ജെ.പി.യിലുമെത്തി.
നേട്ടം എന്നുപറയാൻ.... കുറേയേറെ സൗഹൃദങ്ങൾ, അനുഭവങ്ങൾ, വായന, എഴുത്ത്... അങ്ങനെ പലതും നേട്ടങ്ങളാണ്. ഇപ്പോഴും അരബിന്ദോ കൾച്ചറൽ സെന്ററിന്റെ ഓഫീസിൽ ദിവസവും പോകും. അവിടെ സുഹൃത്തുക്കൾ ഇപ്പോഴും വരും. മുൻപ് പി. ഗോവിന്ദപിള്ളയും കെ. ശങ്കരനാരായണൻ തമ്പിയും പന്ന്യൻ രവീന്ദ്രനും വി.പി. നായരുമടക്കമുള്ളവർ വരുമായിരുന്നു. സ്ഥാനാർഥിയാകാനോ അധികാരസ്ഥാനങ്ങൾ കയ്യാളാനോ അഗ്രഹിച്ചില്ല. നേതൃത്വത്തിന്റെയും പ്രവർത്തകന്മാരുടെയും സമ്മർദ്ദം മൂലം ഒരിക്കൽ നിയമസഭാ (1991 തിരുവനന്തപുരം ഈസ്റ്റ്) തിരഞ്ഞെടുപ്പിലും തിരുവനന്തപുരം, മാവേലിക്കര മണ്ഡലങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടി വന്നിട്ടുണ്ട്.
1954-ൽ ജന്മനാടായ വാമനപുരത്തെ വാർഡിൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾക്ക് ബദലായി കുട്ടൻപിള്ള എന്ന സ്വതന്ത്രനെ മത്സരിപ്പിച്ച് ചരിത്ര വിജയം നേടിയതൊഴിച്ചാൽ ജനസംഘം- ബി.ജെ.പി രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയചരിത്രം കാര്യമായി പറയാനില്ല. മന്നത്തുപത്മനാഭനും ആർ. ശങ്കറും നയിച്ച ഡെമോക്രാറ്റിക് കോൺഗ്രസും, പട്ടം താണുപിള്ളയുടെ ഡെമോക്രാറ്റിക് കോൺഗ്രസ് സോഷ്യലിസ്റ്റും ചേർന്ന് മത്സരിച്ച നെടുമങ്ങാട്ടെയും നെയ്യാറ്റിൻകരയിലെയും ഉപതിരഞ്ഞെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയത്. അടിയന്തരാവസ്ഥയ്ക്കെതിരെ പതിനെട്ടു മാസം പോരാട്ടം നയിച്ചത് ജീവിതത്തിലെ നേട്ടമാണ്.
നവതിയുടെ
അനുഗ്രഹം
നവതിയിലെത്തിയത് ദൈവാനുഗ്രഹമാണ്. ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ സംശുദ്ധമായ ജീവിതം നയിക്കാനായി. ഒരു സമ്മർദ്ദത്തിനും വഴങ്ങിയില്ല. പ്രലോഭനത്തിലും വീണില്ല. വിശ്വസിച്ച ആദർശത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. ഭാരതത്തിന്റെ പരമവൈഭവമാണ് സ്വപ്നം കണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി അത് സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നതു കാണാൻ ഭാഗ്യം കിട്ടിയതാണ് നവതിയുടെ നിറവ്.
ബി.ജെ.പി.സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ചിലർ ഉന്നയിച്ച വ്യാജ ആരോപണമാണ് വിഷമകരമായ അനുഭവം.തെറ്റായ മാർഗത്തിൽ പണമുണ്ടാക്കി വസ്തുവും കെട്ടിടങ്ങളും പെട്രോൾ പമ്പും സ്വന്തമാക്കി എന്ന തരത്തിൽ ആരോപണങ്ങളും വാർത്തകളും ചമച്ചു. അതെല്ലാം തെറ്റാണെന്ന് പാർട്ടിക്കും നേതൃത്വത്തിനും പിന്നീട് ബോദ്ധ്യമായെങ്കിലും അത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെടാൻ ഇടയായത് ജീവിതത്തിലെ ഏറ്റവും വലിയ വിഷമമായി ശേഷിച്ചു.
രണ്ടു കാരണങ്ങളാണ് ഇതിനിടയാക്കിയത്. 1991-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചില നീക്കുപോക്കുകൾക്ക് അന്ന് പാർട്ടി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദൻ ശ്രമം നടത്തി. പാർട്ടി പ്രവർത്തകർ കോൺഗ്രസിനും അവരുടെ മുന്നണിക്കും വോട്ട് ചെയ്തുവെങ്കിലും തിരിച്ചുള്ള സഹായം ബി.ജെ.പി.ക്ക് കിട്ടിയില്ല. ധാരണയിലെ വ്യക്തതക്കുറവും പാർട്ടിയുടെ പൂർണമായ അംഗീകാരം നേടാതിരുന്നതുമാണ് ആരോപണത്തിന് കാരണമായത്. ഇക്കാര്യം പാർട്ടി സംസ്ഥാന യോഗത്തിൽ ചർച്ച ചെയ്യാൻ അനുവദിച്ചതാണ് ഒരു കാരണം. രണ്ടാമത്തേത്, കേന്ദ്രത്തിൽ വാജ്പേയ് സർക്കാർ അധികാരത്തിൽ വന്ന സമയത്ത് സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ക്രമക്കേട് ചോദ്യം ചെയ്തതാണ്. ഇതുരണ്ടും പാർട്ടിക്കകത്ത് നിരവധിപേരെ ശത്രുക്കളാക്കി.
പാർട്ടി വിട്ടതും
തിരികെവന്നതും
2006-ലെ സംഘടനാ തിരഞ്ഞെടുപ്പിൽ, അന്ന് സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കൃഷ്ണദാസിനെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരുവിഭാഗം നീക്കം നടത്തി. അത് സംഘടനാ ഭരണഘടനയും കീഴ്‌വഴക്കവും അനുസരിച്ച് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയത് പാർട്ടിക്കുള്ളിൽ ശക്തമായ അസ്വാരസ്യങ്ങളുണ്ടാക്കി. ഈ സാഹചര്യത്തിലാണ് മനംമടുത്ത് പാർട്ടി വിടാൻ തീരുമാനിച്ചത്.എന്നാൽ അങ്ങനെ ചെയ്തത് തെറ്റായിരുന്നുവെന്ന് പിന്നീട് തോന്നി. കാരണം ഒരുവിഭാഗം നേതാക്കൾ ചെയ്തതിന്റെ പേരിൽ പാർട്ടിയെ തന്നെ ഉപേക്ഷിച്ചത് ശരിയായില്ലെന്ന് മനസിലായപ്പോൾ തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
പ്രസ്ഥാനം ഒരിക്കലും അവഗണിച്ചിട്ടില്ല. ഒന്നും പ്രതീക്ഷിച്ചല്ല പ്രവർത്തിച്ചത്.1957-ൽ കോഴിക്കോട് ദത്തോപന്ത് ഠേംഗിഡിയും ദീനദയാൽ ഉപാദ്ധ്യായയും പങ്കെടുത്ത, ജനസംഘം സംസ്ഥാന ക്യാമ്പിനു ശേഷമാണ് മുഴുവൻ സമയ പ്രവർത്തകനായത്. 1970-ൽ വിവാഹിതനായപ്പോൾ പൂർണസമയ പ്രവർത്തകനെന്ന സ്ഥാനം ഒഴിഞ്ഞു .എന്നിരുന്നാലും പാർട്ടി പ്രവർത്തനത്തിൽ മുഴുകാനായിരുന്നു പി. പരമേശ്വരന്റെ നിർദ്ദേശം. അത് അനുസരിച്ചു. ഇടയ്ക്ക് ഹിന്ദുസ്ഥാൻ സമാചാർ, സത്യാദി സായാഹ്ന പത്രം എന്നിവയിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. ജന്മഭൂമി ദിനപ്രതം തുടങ്ങുന്നതിന് നേതൃപരമായ പങ്കു വഹിച്ചു. ഏറെക്കാലം അതിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. പാർട്ടിക്ക് സംസ്ഥാനത്ത് 29-ഓളം സ്വന്തം ഓഫീസുകൾ നിർമ്മിച്ചുനൽകി.
പ്രതീക്ഷയുടെ
നേതൃനിര
സംസ്ഥാനത്തെ പുതിയ നേതൃത്വത്തിൽ പ്രതീക്ഷയാണുള്ളത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നല്ല വീക്ഷണമുള്ള നേതാവാണ്. വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ തുടങ്ങി നല്ല നേതൃനിരയുമുണ്ട്. അവരെയെല്ലാം പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചു. ഉൾക്കരുത്തോടെയും വിവേകത്തോടെയും പ്രവർത്തിച്ചാൽ ലക്ഷ്യം വിദൂരമല്ല.
ജീവിത രേഖ
കേരളത്തിൽ ബി.ജെ.പിയുടെ ഏറ്റവും മുതിർന്ന നേതാവ്. ബി.ജെ.പി രൂപീകരണത്തിനു മുമ്പ് ജനതാ പാർട്ടിയിൽ സജീവ പങ്കാളി. 1950-ൽ ആർ.എസ്.എസിൽ ചേർന്നു. 1954-ൽ ഭാരതീയ ജനസംഘത്തിനായി പ്രവർത്തിക്കാൻ തുടങ്ങി. ജനതാ പാർട്ടിയുടെ സ്ഥാപകാംഗവും, ബി.ജെ.പി രൂപീകരിച്ചപ്പോൾ കേരള ഘടകത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും. 1987മുതൽ 1993 വരെ തുടർച്ചയായി രണ്ടു തവണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്.
പാർട്ടി സംസ്ഥാന ഘടകവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് 2007-ൽ കേരള ജനപക്ഷം എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. അതിനുമുമ്പു തന്നെ ഭാരതീയ ജനപക്ഷം എന്ന പേരിൽ ഒരു സാമൂഹിക, സാംസ്‌കാരിക സംഘടന രൂപീകരിച്ചിരുന്നു. 2016 ഫെബ്രുവരിയിൽ കേരള ജനപക്ഷം പിരിച്ചുവിടുകയാണെന്നും, നേതാക്കൾ ബി.ജെ.പിയിലേക്ക് മടങ്ങുകയാണെന്നും പ്രഖ്യാപിച്ചു. തുടർന്ന്, പാർട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം.
34 പുസ്തകങ്ങൾ രചിച്ചു. ധർമ്മം ശരണം ഗച്ഛാമിയാണ് ആത്മകഥ. മലബാറിലെ മാപ്പിള ലഹളകൾ, ഡോ. ശ്യാമപ്രസാദ് മുഖർജി, എന്താണ് ഹിന്ദുത്വം, അടിയന്തരാവസ്ഥയുടെ അന്തർധാരകൾ എന്നിവ ശ്രദ്ധേയ കൃതികൾ. മൂന്ന് പുസ്തകങ്ങളുടെ രചനയിലാണ്. 1936 മെയ് 30ന് തിരുവനന്തപുരത്ത് വെഞ്ഞാറമൂട് ആലിന്തറവിളയിൽ വീട്ടിൽ കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും ആറു മക്കളിൽ അഞ്ചാമനായി ജനനം. ഭാര്യ: മുല്ലപ്പള്ളിൽ ചെറുവയ്ക്കൽ പ്രസന്നകുമാരിയമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാരി, ശ്രീകല. മരുമക്കൾ: സുരേഷ്, സുധീഷ്, ശ്രീകണ്ഠൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |