കൊച്ചി : ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് താമസക്കാർക്ക് മരട് നഗരസഭ നോട്ടീസ് നൽകി. മൂന്നു ഫ്ളാറ്റുകളിലെ താമസക്കാർ നോട്ടീസ് കൈപ്പറ്റാതെ പ്രതിഷേധിച്ചു. ഒരു ഫ്ളാറ്റിലുള്ളവർ നോട്ടീസ് കൈപ്പറ്റി.
സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. പൊളിക്കലിൽ പ്രതിഷേധിച്ച് തിരുവോണദിനമായ ഇന്ന് ഫ്ളാറ്റുടമകൾ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തും. എന്തു സംഭവിച്ചാലും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
ഇന്നലെ രാവിലെ ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിൽ ഫ്ളാറ്റുകൾ പൊളിക്കുന്നത് ചർച്ച ചെയ്തു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് നൽകിയ നിർദ്ദേശവും ചർച്ചയായി. തുടർന്നാണ് നോട്ടീസ് നൽകിയത്.
നിയമം ലംഘിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകളുടെയും ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ അഞ്ചു ദിവസത്തിനകം താമസക്കാർ ഒഴിഞ്ഞുപോകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ഫ്ളാറ്റിലുള്ള സാധനസാമഗ്രികളും നീക്കം ചെയ്യണം. ഒഴിയാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
നഗരസഭാ കൗൺസിൽ യോഗശേഷം ഉച്ചകഴിഞ്ഞാണ് നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ പൊലീസ് സംരക്ഷണത്തിൽ ഫ്ളാറ്റുകളിലെത്തിയത്.
കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിലെ താമസക്കാർ ഗേറ്റ് പൂട്ടി സെക്രട്ടറിയും ഉദ്യോഗസ്ഥരും അകത്തു കടക്കുന്നത് തടഞ്ഞു. മതിലിൽ നോട്ടീസ് പതിപ്പിച്ചശേഷം സെക്രട്ടറി മടങ്ങി. കണ്ണാടിക്കടവിലെ ഗോൾഡൻ കായലോരം ഫ്ളാറ്റിലെ താമസക്കാരായ ഫ്രാൻസിസ്, അബൂബക്കർ, ജയശങ്കർ എന്നിവർ ഉപാധികളോടെ നോട്ടീസ് കൈപ്പറ്റി.
സർക്കാർ ഇടപെടാൻ പ്രമേയം
നഗരസഭയുടെ അടിയന്തര കൗൺസിലിൽ വിധി നടപ്പാക്കുന്നതിനെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ അനുകൂലിച്ചു. എന്നാൽ, ഫ്ളാറ്റ് നിർമ്മാതാക്കൾ നിയമം ലംഘിച്ചതിന് ഫ്ളാറ്റ് വാങ്ങിയവർ ഇരയാകുന്നത് ഒഴിവാകണമെന്ന ആവശ്യം ഉയർന്നു. ഫ്ളാറ്റുടമകളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന രണ്ടു പ്രമേയങ്ങൾ കൗൺസിൽ അംഗീകരിച്ചു.
പൊളിക്കാൻ താത്പര്യപത്രം ക്ഷണിച്ചു
ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ ഏജൻസികളെ കണ്ടത്താൻ നഗരസഭ നടപടി ആരംഭിച്ചു. ഇന്നലെ മുതൽ 16ന് വൈകിട്ട് അഞ്ചു വരെ താത്പര്യപത്രം സമർപ്പിക്കാം. 16 നിലകൾ വരെയുള്ള നാലു ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിൽ അഞ്ചു ഫ്ളാറ്റുകളെന്നാണ് പറയുന്നതെങ്കിലും നാലെണ്ണമാണ് നിലവിലുള്ളത്. ഒരെണ്ണം നിർമ്മാണം ആരംഭിച്ചശേഷം ഉപേക്ഷിച്ചിരുന്നു.
ഞങ്ങൾ മരിച്ച് വീഴും
നോട്ടീസ് ഒട്ടിച്ചോട്ടെ. ഞങ്ങൾ ഒഴിയുന്ന പ്രശ്നമില്ല. പൊലീസിനെയിറക്കി പൊളിക്കാമെന്ന് വിചാരിച്ചാൽ ശവശരീരങ്ങൾ ഇവിടെ നിന്ന് എടുക്കേണ്ടിവരും.
ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് നിവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |