തിരുവനന്തപുരം: പ്രായം 85 ആയതിന്റെ അവശതകൾ ആവോളമുണ്ടെങ്കിലും മാതൃഭാഷയോടുള്ള പ്രണയത്തിൽ പ്രിയ കവയിത്രി സുഗതകുമാരി എല്ലാം മറക്കുകയാണ്. മാതൃഭാഷ സംരക്ഷണത്തിനായി തിരുവോണ നാളിൽ ഉണ്ണാതെ സമരത്തിനിറങ്ങാനാണ് തീരുമാനം. ചോദ്യപ്പേപ്പർ മലയാളത്തിലും ആക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന സമരത്തിൽ സുഗതകുമാരി പങ്കെടുക്കും.
'എന്റെ ആരോഗ്യം അനുവദിക്കുന്നിടത്തോളം നേരം ഞാൻ അവിടെ കുട്ടികൾക്കൊപ്പം ഉപവാസ സമരത്തിനിരിക്കും'' - സുഗതകുമാരി പറഞ്ഞു. എനിക്ക് ഓണമൊന്നും ഇല്ല. ദേഹസുഖവും മനഃസുഖവുമില്ല. സത്യത്തിനു വേണ്ടിയുള്ള ഈ സമരം ഒത്തു തീർക്കാൻ മുഖ്യമന്ത്രി വിചാരിച്ചെങ്കിൽ കഴിയുമായിരുന്നു. ഭാഷയ്‌ക്കു മാത്രമല്ല മലയാള നാടിനു പോലും ഭരണാധികാരികളിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്ന് സങ്കടവും കവയിത്രി പങ്കുവയ്‌ക്കുന്നു. കേരളത്തിന്റെ ചിഹ്നം ജെ.സി.ബിയാക്കണമെന്നാണ് സുഗതകുമാരിയുടെ ആവശ്യം.
കഴിഞ്ഞ മാസമല്ലേ വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അവിടെ ഇടിഞ്ഞു വീണ ഭൂമിയിൽ ജീവനുവേണ്ടി മണ്ണുമാന്തിയന്ത്രങ്ങൾ ഓരോന്നായി വലിച്ചു പുറത്തിടുമ്പോൾ തീപിടിച്ച ഉള്ളുമായി കാത്തിരുന്നവരുടെ മുഖം ഇനിയെങ്കിലും മറക്കരുത്.
മലഞ്ചെരിവുകളിൽ കുഴികളെടുത്ത് റബർനടാനും റിസോർട്ടുകൾ പണിയാനും തടയണകളുണ്ടാക്കി ചോലകൾ തിരിച്ചുവിടുന്നതിനും കുന്നിടിച്ച് നിരപ്പാക്കാനും മണൽവാരാനുമെല്ലാം ജെ.സി.ബി ഉപയോഗിക്കുന്നുണ്ട്. ഉരുൾപൊട്ടലിൽ ഒഴുകിവന്ന പാറകൾ നീക്കാനും ചെളിക്കൂമ്പാരങ്ങൾക്കടിയിൽ നിന്ന് ജഡങ്ങൾ മാന്തിയെടുക്കാനുമെല്ലാം ഇനിയും ജെ.സി.ബികൾ വേണം. അതുകൊണ്ടാണ് കേരളത്തിന്റെ ചിഹ്നം മണ്ണുമാന്തിയന്ത്രം തന്നെയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും സുഗതകുമാരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |