കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അഭിരാമി. 70 വയസുള്ള നടനും നായികയുമായുള്ള പ്രണയനിമിഷങ്ങളും ലിപ് ലോക്ക് രംഗങ്ങളുമാണ് വിമർശനത്തിന് കാരണമായത്. ട്രെയിലറിലുള്ളത് വെറും മൂന്ന് സെക്കന്റ് മാത്രമുള്ള രംഗമാണെന്നും അതിൽ ഇത്രയധികം ചർച്ചകൾ ഉയരുന്നത് അനാവശ്യമാണെന്നുമാണ് നടി പറഞ്ഞത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'ഇന്നത്തെക്കാലത്ത് എന്തും വിവാദമാകും. നമുക്ക് അതിൽ നിന്ന് രക്ഷപ്പെടാനാകില്ല. എന്നെ ആ വേഷത്തിലേയ്ക്ക് തിരഞ്ഞെടുത്തതിൽ മണിരത്നം സാറിന്റെ ലോജിക് ചോദ്യം ചെയ്യാൻ ഞാനാളല്ല. അദ്ദേഹത്തിന്റെ ലോജിക് എന്തുതന്നെയായാലും അത് അംഗീകരിക്കുന്നു. വെറും മൂന്ന് സെക്കന്റ് മാത്രമുള്ള സീൻ ആണത്. അതുമാത്രം ട്രെയിലറിൽ കാണിച്ചത് കുറച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് മാത്രം. സിനിമയും ആ രംഗവും ചുംബനത്തിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളും കാണുമ്പോൾ ആർക്കും പ്രശ്നം തോന്നുകയില്ല. അത് ആ രംഗത്തോട് നന്നായി ചേർന്ന് നിൽക്കുന്നുണ്ട്. അതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല. എന്തെങ്കിലും നിഗമനങ്ങൾ എത്തുന്നതിന് മുൻപ് ചിത്രം കാണാനാണ് ഞാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നത്'- അഭിരാമി പറഞ്ഞു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിന്റെ ട്രെയിലർ അടുത്തിടെയാണ് റിലീസ് ചെയ്തത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 37 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തഗ് ലെെഫ്'.
കമൽഹാസന്റെ കൂടെ അഭിനയിച്ച നടിമാരുടെ പ്രായവ്യത്യാസമെങ്കിലും പരിഗണിക്കണമെന്നാണ് ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനം ഉയർന്നത്. 42 വയസാണ് നടി അഭിരാമിയ്ക്കും തൃഷയ്ക്കും. കൂടാതെ പലരും കരുതിയത് പോലെ ചിത്രത്തിൽ സിലമ്പരശന്റെ ജോഡിയല്ല തൃഷ എന്നതാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഇതും ചർച്ചയാണ്. രണ്ട് നായികമാരാണോ കമലിന് എന്നാണ് ചോദ്യം. 'ശ്രുതി ഹാസനേക്കാൾ തൃഷയ്ക്ക് മൂന്ന് വയസ് മാത്രമേ കൂടുതലുള്ളു', 'നടിമാരുമായി കമലഹാസന് 30 വയസിന്റെ വ്യത്യാസം ഉണ്ട്', 'അഭിരാമിയുടെയും കമൽഹാസന്റെയും ലിപ് ലോക് ദൃശ്യങ്ങൾ എങ്ങനെ കാണാൻ സാധിക്കും' ഇങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |