കർശനമായ നിയമങ്ങളൊക്കെ നിലവിലുണ്ടെങ്കിലും ഹോസ്റ്റലുകളിലെ ആൾക്കൂട്ട വിചാരണയായ റാഗിംഗ് എന്ന മനുഷ്യത്വവിരുദ്ധമായ പ്രവൃത്തി ഇടയ്ക്കിടെ ആവർത്തിക്കാറുണ്ട്. സീനിയേഴ്‌സിന്റെ സംഘബലത്തെ ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇത് ആവർത്തിക്കാനിടയാക്കുന്ന ഒരു പ്രധാന കാരണം. ഇനി അഥവാ പരാതി വന്നാലും അതത് കോളേജ് അധികൃതർ അത് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതും മറ്റൊരു കാരണമാണ്. റാഗിംഗ് കേസിൽ പ്രതിയായാൽത്തന്നെ വിവാദം കെട്ടടങ്ങുമ്പോൾ, പ്രതികളായവർക്ക് വീണ്ടും അതേ സ്ഥാപനത്തിൽത്തന്നെ വിദ്യാഭ്യാസം തുടരാം എന്ന സാഹചര്യം നിലനിൽക്കുന്നതാണ് ഈ നീച പ്രവൃത്തിക്ക് വളംവയ്ക്കുന്ന ഏറ്റവും വലിയ ഘടകം. റാഗിംഗ് കേസിൽ പ്രതിയായാൽ പഠനം നിലയ്ക്കും എന്നത് അർത്ഥശങ്കക്കിടയില്ലാത്തവിധം ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇതിന് തിരശ്ശീലയിടാനാകൂ.
കുറച്ചുകാലം സസ്‌പെൻഷനിൽ നിന്നിട്ട് വീണ്ടും ജേതാവായി കോളേജിലേക്ക് തിരിച്ചുവരാനാകില്ലെന്നും മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം ലഭിക്കില്ലെന്നും ബോദ്ധ്യപ്പെട്ടാൽ പീഡക വേഷമണിയാൻ പലരും മടിക്കും. വിദ്യാർത്ഥികളുടെ ഭാവിയെ കരുതി അധികാരകേന്ദ്രങ്ങൾ നൽകുന്ന ഏതൊരു സൗജന്യവും ദുരുപയോഗപ്പെടാതിരിക്കാൻ തരമില്ല. ക്രൂരമായ റാഗിംഗിന് ഇരയായ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച കേസിൽ പ്രതികളായ 19 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയതും മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്തതും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ച നടപടി റാഗിംഗിനെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് പകരുന്നതാണ്.
കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർത്ഥിന്റെ മാതാവ് എം.ആർ. ഷീബ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പുതിയ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിംഗിന്റെ ഭാഗമായി ക്രൂരമർദ്ദനത്തിന് ഇരയായ സിദ്ധാർത്ഥ് ജീവനൊടുക്കിയെന്നാണ് കേസ്. പ്രതികളായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും. മൂന്നു വർഷത്തേക്ക് മറ്റു കോളേജുകളിൽ ചേരുന്നതും വിലക്കുന്ന നടപടി സർവകലാശാലയുടെ ഭാഗത്തു നിന്നാണ് ഉണ്ടായത്. എന്നാൽ ഈ നടപടി സിംഗിൾ ബെഞ്ച് ഡിസംബറിൽ റദ്ദാക്കുകയായിരുന്നു. ഈ വിധിക്കെതിരെ സർവകലാശാല അപ്പീൽ നൽകിയിരുന്നില്ല. അതാണ് സിദ്ധാർത്ഥിന്റെ അമ്മ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഇടയാക്കിയത്.
സിദ്ധാർത്ഥിന്റെ മരണം കേരളത്തിൽ ഏറെ ഒച്ചപ്പാടിനും പ്രതിഷേധങ്ങൾക്കുമൊക്കെ ഇടയാക്കിയിരുന്നു. എന്നാൽ അതുകഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുമ്പാണ് കോട്ടയം ഗാന്ധിനഗറിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായി റാഗ് ചെയ്ത് പീഡിപ്പിച്ച സംഭവമുണ്ടായത്. കല്ലുകൊണ്ട് ഇടിക്കുക, ചുറ്റും നിന്ന് മർദ്ദിച്ച് അവശനാക്കുക, തുപ്പിയ വെള്ളം കുടിപ്പിക്കുക തുടങ്ങിയ അറപ്പും വെറുപ്പും ഉളവാക്കുന്ന ക്രൂരതകളാണ് റാഗിംഗിന്റെ പേരിൽ ഗുണ്ടാസ്വഭാവമുള്ള ഒരുകൂട്ടം കുട്ടികൾ നടത്തിയത്. ഇത്തരം നിന്ദ്യമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ശിക്ഷയ്ക്ക് പ്രതികൾ വിധേയരാവുക തന്നെ വേണം. ഇത്തരമൊരു ക്രൂരത ഇനിയൊരിക്കലും ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്ന നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനമാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |