ആയുസിന്
നിത്യകഷ്ടം ചുമക്കുവാൻ വയ്യെന്റെ
ശിഷ്ടകാലമേ നിനക്കെൻ പ്രണാമം
ദുഃഖങ്ങൾക്ക്
മഴവില്ലുതെളിയുമീ വാനം നോക്കവേ
എനിക്കുള്ളയാനന്ദമിനിയുള്ള മഴകളിൽ
കാത്തിരിപ്പിന്
എന്നോടുരചെയ്ത വാക്കിന്നവസാനം
ദൈവങ്ങളാത്മഹത്യ ചെയ്തപോലെ
നഷ്ടങ്ങൾക്ക്
അന്ധ ഇരുളിനെ പുണർന്നു ഞാനിങ്ങനെ
അന്ധനായ് മാമാറി ജീവിതവെളിച്ചമില്ലാതെ
കുപ്പായം
ചുളിഞ്ഞ കുപ്പായത്തിലോരോമടക്കിലും
കാലം കണക്കുനോക്കുന്ന പോലെ
കവിതകൾക്ക്
എഴുതിയതെല്ലാം രക്തത്തിൽ തന്നെ
എന്നുയിരിന്റെ വേദനയുമതുതന്നെ
സൗഹൃദങ്ങൾക്ക്
പ്രിയസുഹൃത്തേ ഞാൻ മരിച്ചെങ്കിലും
കടമുള്ളതൊക്കെ പരലോകത്തിലെത്തിക്കാം
ബന്ധുക്കൾക്ക്
പട്ടിണിക്കൊപ്പം നിഴലുമായെത്തുമെന്നെ
ആട്ടിയകറ്റിയയെൻ ബന്ധുക്കളായിരം
പ്രണയിനിക്ക്
ദുഃഖമുണ്ടെന്നും വേർപിരിഞ്ഞതോർത്താൽ
പിന്നെഞാൻ കണ്ടില്ല മറ്റൊന്നോർക്കാൻ
ശവദാനത്തിന്
ജീവിച്ചിരിക്കെ ശവമായിമാറിയയെൻ
ജീർണ്ണിച്ച ജീവിതം പഠിക്കുവാൻ സമർപ്പിതം
അലകൾ
-------------
പിരിഞ്ഞതിൽ പിന്നെ
ഓർമ്മയുടെ കടലിൽ
നീ ജലവും ഞാൻ
കാറ്റുമായിരുന്നു
നമ്മൾ പുണരുന്ന
വേളയിൽ കടലിളക്കം,
നമ്മളിഴുകുമ്പോൾ
പുഞ്ചിരി തിരയുയരും...
എന്നാൽ നമുക്കിടയിലിന്ന്,
നഷ്ടച്ചുഴികൾ
മൗനഗർത്തങ്ങൾ
ദുഃഖത്തിന്റെ പാറകൾ,
സ്വസ്ഥ ജീവിതത്തിന്റെ
തീരമില്ലാതിരുന്നിട്ടും
നിദ്രയിലുണ്ടായിരുന്നു
സ്വപ്നത്തിന്റെ വഞ്ചി
അതിലാദ്യം കയറുക
ഞാനായിരുന്നു
നീ കയറാതയകന്നു നിന്നു.
അപ്പോഴുമാശ്വാസമായി;
കാലമോർമ്മിപ്പിച്ചു
നീ ജലമായിരുന്നു
ഞാൻ കാറ്റും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |