
മുറ തെറ്റാതെ നിശ്ചിത ഇടവേളകളിൽ കേരളത്തിൽ ആവർത്തിക്കുന്ന ഒരു 'അദ്‌ഭുത പ്രതിഭാസ"മാണ് നിക്ഷേപ തട്ടിപ്പുകൾ. എത്ര തവണ പറ്റിക്കപ്പെട്ടാലും പഠിക്കാത്ത ആളുകൾ നമ്മുടെ നാട്ടിലുള്ളതു പോലെ ലോകത്തെങ്ങും കാണില്ല. അറുനൂറ് കോടിയുടെ പാതിവില തട്ടിപ്പിന്റെ വാർത്തകൾ കെട്ടടങ്ങിവരുന്നതേയുള്ളൂ. അതിനിടയിൽ 450 കോടിയുടെ ഫാം ഫെഡ് നിക്ഷേപ തട്ടിപ്പിന്റെ വാർത്ത ഉയർന്നുവന്നിരിക്കുകയാണ്. ഏതാണ്ട് 400 കോടിയുടെ നിക്ഷേപം അക്കൗണ്ട് മുഖേന ഇവർ സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതു കൂടാതെ 60 കോടിയോളം രൂപ പണമായി സ്വീകരിച്ചെന്ന് ഇവർ തന്നെ വെളിപ്പെടുത്തിയിട്ടുള്ളത് പൂർണമായും ശരിയായിരിക്കണമെന്നില്ല. അന്വേഷണ ഏജൻസികളുടെ പരിശോധനയിലൂടെയേ തട്ടിപ്പിന്റെ വ്യാപ്‌തി തിട്ടപ്പെടുത്താനാവൂ. 14 ജില്ലകളിലെ 16 ശാഖകളിലായി ഏഴായിരത്തോളം അംഗങ്ങൾ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
എല്ലാ നിക്ഷേപ തട്ടിപ്പുകളിലുമെന്ന പോലെ മനുഷ്യന്റെ അത്യാർത്തിയാണ് ഇവരും മുതലെടുത്തത്. നിക്ഷേപത്തിന് 12.5 ശതമാനം പലിശയാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. ഈ വാഗ്ദാനത്തിൽ വീണ് അഞ്ച് കോടി രൂപ വരെ നിക്ഷേപിച്ചവരും ഉണ്ടെന്നാണ് അറിയുന്നത്. ഫാം ഫെഡ് ചെയർമാൻ രാജേഷ് പിള്ളയും എം.ഡി അഖിൻ ഫ്രാൻസിസുമാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. പലിശ മുടങ്ങുകയും മുതൽ തിരിച്ചുകിട്ടാതിരിക്കുകയും ചെയ്തതോടെ പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ നിക്ഷേപകർ യോഗം ചേർന്ന് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. തട്ടിപ്പില്ലെന്നും ആർക്കും കണക്കുകൾ പരിശോധിക്കാമെന്നുമാണ് ഫാം ഫെഡ് ചെയർമാൻ അന്ന് വ്യക്തമാക്കിയത്. മുഴുവൻ നിക്ഷേപകർക്കും മുതലിന്റെ ആദ്യ ഗഡു ഒരുമാസത്തിനകം നൽകുമെന്ന് ഏപ്രിലിൽ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഫാം ഫെഡിന്റെ ഭൂമിയിൽ ചിലത് വിൽപ്പന നടത്തുന്നതിലൂടെ 40 കോടി ഉടനെത്തുമെന്നും, ഇത് വീതിച്ചു നൽകുമെന്നുമാണ് ഉറപ്പ് നൽകിയിരുന്നത്. ഒന്നും നടന്നില്ല.
തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതോടെ നിക്ഷേപകർ ഒന്നടങ്കം പണം തിരിച്ചു ചോദിക്കാൻ തുടങ്ങി. ഇങ്ങനെയൊരു രു അവസ്ഥ സംജാതമായാൽ ചീട്ടുകൊട്ടാരം പോലെ നിക്ഷേപ സാമ്രാജ്യം തകർന്നുവീഴും. അതാണ് ഫാം ഫെഡിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇതുപോലുള്ള നിക്ഷേപ തട്ടിപ്പുകളുടെയെല്ലാം 'ആത്മകഥ" ഏതാണ്ട് ഒരേ രീതിയിലാണ്. നിക്ഷേപമായി ലഭിക്കുന്ന കോടികൾ ഉടമകൾ ആഡംബരത്തിനായി വക മാറ്റി ഉപയോഗിക്കും. നേരായ രീതിയിൽ ബിസിനസ് നടത്തി 12.5 ശതമാനം പലിശ നൽകുക ഏറക്കുറെ അസാദ്ധ്യമാണ്. പക്ഷേ മോഹനവാഗ്ദാനങ്ങളിൽ മയങ്ങുന്നവർ ഒരിക്കലും യാഥാർത്ഥ്യബോധം പുലർത്താറില്ല. ഇവിടെ, ഫാം ഫെഡ് എന്ന പേരിട്ടതു തന്നെ ചെമ്മീൻ, ഇഞ്ചി, കുരുമുളക്, വാഴക്കൃഷി തുടങ്ങിയവ നടത്തി അതിൽ നിന്നുള്ള ലാഭത്തിൽ നിന്ന് ഉയർന്ന പലിശ നൽകുമെന്ന് ആളുകളെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു.
കുരുമുളകിന് കേട് ബാധിച്ചെന്നും ഇഞ്ചി ചീഞ്ഞുപോയെന്നുമാണ് ആഭ്യന്തര ഓഡിറ്റർ ചൂണ്ടിക്കാണിച്ചത്. നിക്ഷേപകരെ പറ്റിക്കാൻ കൃഷി നടത്തി ലാഭമുണ്ടാക്കുന്ന രീതിയൊക്കെ പുസ്തകത്തിൽ എഴുതിവച്ച് കാണിക്കാൻ എളുപ്പമാണ്. യഥാർത്ഥ കൃഷിയിലേക്ക് ഇറങ്ങുമ്പോഴേ കല്ലും നെല്ലും തിരിച്ചറിയാനാകൂ. ഇവർ വയനാട്ടിലും കുട്ടിക്കാനത്തും മറ്റും കോടികൾ മുടക്കി തോട്ടങ്ങൾ വാങ്ങിയത് ചില നിയമക്കുരുക്കുകളിൽ പെടുകയും ചെയ്തിരുന്നു. നല്ല തുക നിക്ഷേപമായി സ്വികരിച്ചാണ് ജീവനക്കാരിൽ പലരെയും നിയമിച്ചിരുന്നത്. അങ്ങനെ നാട്ടുകാരെയും സ്വന്തം ജീവനക്കാരെയും ഒരേ സമയം ഇവർ പറ്റിക്കുകയായിരുന്നു. അന്വേഷണത്തിനൊപ്പം തന്നെ ഇവരുടെ വസ്‌തുവകകൾ കണ്ടുകെട്ടി നിക്ഷേപകർക്ക് കുറച്ചെങ്കിലും തിരിച്ചുനൽകാനുള്ള നടപടിയും ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |