തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്‌കാലിക നിയമനവും സംവരണാടിസ്ഥാനത്തിൽ വേണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. ഇതനുസരിച്ച് ആദ്യ ഒഴിവ് മെരിറ്റടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലുമാണ് നികത്തേണ്ടത്. പട്ടികവിഭാഗങ്ങളിലും ഒ.ബി.സിയിലും അർഹരായവർ ഇല്ലെങ്കിൽ പൊതുവിഭാഗത്തിൽ നിന്ന് ഒഴിവ് നികത്താം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് റാങ്ക് അടിസ്ഥാനത്തിലുള്ള നിയമനത്തിന് പ്രഥമപരിഗണന. താത്‌കാലിക അദ്ധ്യാപകരുണ്ടെന്ന കാരണത്താൽ സ്ഥിരം ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്.
സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും രജിസ്റ്റർനമ്പർ, പ്രായം ക്രമത്തിൽ പരിഗണന ലഭിക്കും. ഒരു സ്ഥാപനത്തിൽ ഒരാൾക്ക് പരമാവധി അഞ്ചുതവണയേ നിയമനത്തിന് അർഹതയുള്ളൂ. മറ്റാരെയും ലഭിക്കുന്നില്ലെങ്കിൽ വീണ്ടും പരിഗണിക്കാം.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കെ - ടെറ്റ്\സെറ്റ് യോഗ്യതയുള്ളവരെ നിയമിക്കണം.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സർക്കാർ നിർദേശങ്ങൾക്കനുസൃതമായി പി എസ്.സി നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിക്കും ജനുവരി ഒന്നിലെ പ്രായം പരമാവധി 56 നുമിടയിലുള്ളവരെ പരിഗണിക്കണം. റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുമ്പോൾ, ഒഴിവില്ലാതെ വന്നാൽ റാങ്ക് ലിസ്റ്റിൽ താഴെയുള്ള വ്യക്തി ആദ്യം പുറത്താകും.
എയ്ഡഡ് സ്‌കൂളുകളിൽ മാനേജർമാരാണ് നിയമനം നടത്തേണ്ടത്. സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ നിർബന്ധമായും പാലിക്കണം.
ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ സ്‌കൂൾകലണ്ടർ പ്രകാരമുള്ള അക്കാഡമികവർഷത്തിലെ അവസാന പ്രവൃത്തിദിനം വരെയും സ്‌കൂളിൽ തുടരാൻ അനുവദിച്ച് അർഹമായ വേതനം നൽകണം.
താത്കാലിക നിയമനങ്ങളിലെ സംവരണം
സുപ്രീംകോടതി ഉത്തരവനുസരിച്ച് വേണം
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ താത്കാലിക നിയമനത്തിന് 1:1 സംവരണം ഏർപ്പെടുത്തിയത് പുകമറ സൃഷ്ടിക്കൽ മാത്രമാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. കെ.ശശി പറഞ്ഞു. മറ്റ് വകുപ്പുകളിലെ നിയമനങ്ങളെക്കുറിച്ച് സർക്കാർ അനങ്ങുന്നില്ല. 2023ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിൽ സംവരണം പാലിച്ചേ നിയമനം നടത്താവൂ. ഇത് മറികടന്നാണ് ഇപ്പോഴുള്ള നിയമനങ്ങൾ. താത്കാലിക നിയമനങ്ങൾക്ക് സുപ്രീംകോടതി വിധിബാധകമല്ലെന്ന് കാട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതിവിധി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ബാധകമാണ്. മറ്റു വകുപ്പുകളിൽ സംവരണം പാലിക്കാതെ സ്കൂളുകളിൽ മാത്രം1:1 സംവരണം പ്രഖ്യാപിച്ചത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണെന്ന് എ.കെ.ശശി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |