നവോത്ഥാന ചരിത്രത്തിൽ പുതിയ പാത വെട്ടിത്തെളിച്ച അയ്യാ വൈകുണ്ഠ സ്വാമിയുടെ പേര് എല്ലാക്കാലത്തും പ്രസക്തമാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാൻ വൈകുണ്ഠ സ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ പേരാട്ടങ്ങളാണ് ജാതീയ ചിന്തകളുടെ വേരറുക്കുന്നതിന് പ്രേരകമായ ഘടകങ്ങളിലൊന്ന്. ദൃഢമായ അറിവിന്റെയും തപസിനാൽ വന്നുചേർന്ന അനുഭവങ്ങളുടെയും വെളിച്ചത്തിൽ സത്യധർമ്മാദികളിൽ നിന്ന് വ്യതിചലിക്കാതെയും, ചൂഷണങ്ങൾ, അനാചാരം, അന്ധവിശ്വാസം, അധർമ്മങ്ങൾ എന്നീ അധമഗുണങ്ങളെ പൂർണമായി നശിപ്പിക്കത്തക്ക കർമ്മധർമ്മങ്ങളിലും ഉറച്ച നിലപാട് സ്വാമി കൈക്കൊണ്ടു.
തിരുവിതാംകൂർ മഹാരാജ്യത്ത് കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രത്തിനു സമീപമുള്ള സ്വാമിത്തോപ്പിൽ പൊന്നുനാടാർ- വെയിലാളമ്മാൾ ദമ്പതികളുടെ മകനായി 1809 മാർച്ച് 13-നാണ് സ്വാമിയുടെ ജനനം. മുടിചൂടും പെരുമാൾ എന്നാണ് മാതാപിതാക്കൾ നൽകിയ പേര്. ബാലനായിരുന്നപ്പോൾ തിരുവിതാംകൂറിന്റെ സാമൂഹ്യപശ്ചാത്തലം മുടിചൂടും പെരുമാളെ 'മുത്തുക്കുട്ടി"യാക്കി. യുവാവായപ്പോൾ പ്രാരാബ്ധം തിരുച്ചെന്തൂർ ബോധസാഗര തീരത്ത് എത്തിച്ചു. ഇവിടെവച്ച് ബോധോദയമുണ്ടായി. തുടർന്ന് 1833-ൽ അയ്യാ വൈകുണ്ഠനാഥരായി.
തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കൊടികുത്തിവാണിരുന്ന കാലത്ത് അയ്യാ വൈകുണ്ഠനാഥർ സ്വാമിത്തോപ്പിൽ ഒരു കിണർ നിർമ്മിച്ചു. ഒരിക്കലും വറ്റാത്ത കിണറിന് 'സമത്വമുത്തിരിക്കിണർ' എന്ന് പേരും നൽകി. തോടുകൾ, വയലുകൾ, ഉറവകൾ എന്നിവിടങ്ങളിൽ നിന്ന് ജലമെടുത്തിരുന്ന ഗ്രാമവാസികളോട് സമത്വമുത്തിരിക്കിണറിൽ നിന്ന് ജലമെടുത്ത് ആവശ്യങ്ങൾ നിറവേറ്റാൻ വൈകുണ്ഠനാഥർ സ്വാതന്ത്ര്യം നൽകി. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന ചേരികളിലും വല്ലങ്ങളിലും താമസിച്ചിരുന്ന ഊഴിയത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ഈശ്വരനെക്കുറിച്ചുള്ള അറിവ് പകർന്നുനൽകുന്നതിനും വിദ്യാകേന്ദ്രമായ 'പതി" 1834 - 35കളിൽ സ്ഥാപിച്ചു.
പതിയിൽ സത്‌സംഗത്തിനായി വന്നുചേരുന്ന ഗ്രാമീണർ തങ്ങൾ വിളയിച്ച അരി, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, ഇലക്കറികൾ, കായ്‌കനികൾ എന്നിവ കൂടി കൊണ്ടുവന്നു. അവ സമത്വ സമാജത്തിന്റെ നേതൃത്വത്തിൽ മസാലയും ചേർത്ത് കൂട്ടായി പാചകം ചെയ്ത് ഉണ്ടാക്കുന്ന ഉമ്പാച്ചോറ് (ദിവ്യമായ ഭക്ഷണം) ഭക്തജനങ്ങൾക്ക് വിതരണം ചെയ്ത് സമപന്തിഭോജനത്തിന് തുടക്കം കുറിച്ചു.
പൊതുനിരത്തിൽ സവർണനെ കണ്ടാൽ തീണ്ടാപ്പാട് അകലെ മാറിനിൽക്കേണ്ടിയിരുന്ന ദുരവസ്ഥയിൽ നിന്ന് പതിയിൽ വന്നുചേരുന്ന ഗ്രാമവാസികളോട് സമത്വമുത്തിരിക്കിണറിൽ സ്നാനം ചെയ്ത്, തുണികൊണ്ടുള്ള തലക്കെട്ട് ധരിച്ച്, ആത്മാഭിമാനത്തോടുകൂടി പതിയിൽ പ്രവേശിക്കുവാൻ നിർദ്ദേശിച്ചു. അപ്രകാരം പരിശീലിപ്പിച്ച ഗ്രാമീണർ പൊതുനിരത്തിലൂടെ തലക്കെട്ടു ധരിച്ച് നട്ടെല്ലു വളയ്ക്കാതെ ആത്മാഭിമാനത്തോടെ സഞ്ചരിച്ചുതുടങ്ങി.
കീഴാളർ മേലാളർക്ക് നൽകിയിരുന്ന താലിക്കരം, മാട്ടുക്കരം, ഏണിക്കരം, തളക്കാണം മേനിപ്പൊന്ന്, മുലൈവില മീൻപാട്ടം, വലപ്പണം, ചെക്കറ, വണ്ണാരപ്പാറ, തട്ടാരപ്പാട്ടം എന്നിങ്ങനെ, ഇളംകുളം കുഞ്ഞൻപിള്ള 'ജന്മിസമ്പ്രദായം കേരളത്തിൽ" എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുള്ള നികുതികളൊന്നും യാതൊരു കാരണവശാലും കൊടുക്കരുതെന്ന് നിർദ്ദേശിച്ചു. 1851 ജൂൺ രണ്ടിന് അയ്യാവൈകുണ്ഠനാഥർ സമാധി പ്രാപിച്ചു.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'അയ്യാ വൈകുണ്ഠനാഥരുടെ അരുൾനൂൽ- വ്യാഖ്യാനം" എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |