'മുട്ടുവിൻ തുറക്കപ്പെടും" എന്നത്, തിരുവചനം. പി.വി. അൻവറിന് മുന്നിൽ യു.ഡി.എഫിന്റെ വാതിൽ അടച്ചു. പക്ഷേ, അകത്തുനിന്ന് കുറ്റിയിട്ടിട്ടില്ല. വേണമെങ്കിൽ ഇനിയും അകത്ത് കയറാം. പക്ഷേ, സമയം വൈകിയതിനാൽ ഇനി വാതിൽ തുറക്കണമെങ്കിൽ അൻവർ മുട്ടിയാൽ മാത്രം പോരാ. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡ വർമ്മ നോവലിലെ കഥാപാത്രത്തെപ്പോലെ, 'അടിയൻ ലച്ചിപ്പോം" എന്ന് ഉറക്കെ വിളിച്ചു പറയുകയും വേണം. അൻവറിന് ഇപ്പോഴും അകത്ത് കയറണമെന്നുണ്ട്. പക്ഷേ, കോൺഗ്രസിലെ വി.ഡി. സതീശന്റെ കല്പനയ്ക്ക് എങ്ങനെ കീഴടങ്ങും? പിന്നെ, ഒന്നേയുള്ളൂ മാർഗം. കേരളത്തിൽ തൃണ തുല്യമായ ബംഗാളിലെ സിംഹം മമതാജിയുടെ കൊടിയും ചിഹ്നവും പിടിച്ച് കണ്ണുമടച്ച് കുത്തനെ ഒഴുക്കുള്ള ആറ്റിലേക്ക് എടുത്ത് ചാടുക. 'ആറ്റിലേക്കച്യുതാ ചാടല്ലെ, ചാടല്ലെ" എന്ന് കോൺഗ്രസിലെ കൂട്ടുകാരായ സുധാകരനും, മുരളീധരനും മറ്റും ഉപദേശിച്ചതാണ്. അവസാനനിമിഷം വരെ വാതിൽ തുറന്നിടുകയും ചെയ്തതാണ്. കേട്ടില്ല. ഒടുവിൽ, അൻവർ ആറ്റിൽ ചാടി. ഇനി ഒഴുക്കിൽപ്പെടാതെ കര കയറണം. അതിനുള്ള കച്ചിത്തുരുമ്പ് തേടണം. ഫലത്തിൽ കടിച്ചതും പിടിച്ചതും പോയ അവസ്ഥ.
നിലമ്പൂരിലെ സി.പി.എം. സ്വതന്ത്ര എം.എൽ.എയായി ഒമ്പത് കൊല്ലം പ്രവർത്തിച്ച് മടുത്ത അൻവർ ഒരാവേശത്തിന് കിണറ്റിൽ എടുത്ത് ചാടിയതാണ്. അടുത്ത ആവേശത്തിന് കരയ്ക്ക് കയറാൻ ശ്രമിച്ചപ്പോൾ, കൈകാലുകൾ തളരുന്നു. കയറിട്ട് പിടിച്ചു കയറ്റുമെന്ന് കരുതിയവർ കരയിൽ നിന്ന് കൈമലർത്തി ചിരിക്കുന്നു. ചിലർക്ക് ആലുവ മണപ്പുറത്ത് വച്ച് കണ്ട ഭാവമില്ല. മറ്റു ചിലർ മാടി വിളിച്ചപ്പോൾ, ഒരു വിധം കരയ്ക്ക് കയറി. പക്ഷേ, ഒറ്റയ്ക്ക് വെറും കൈയോടെ യു.ഡി.എഫ് കൂടാരത്തിൽ ചെന്നു കയറിയാൽ കടലിൽ കായം കലക്കിയ സ്ഥിതിയാവില്ല? നാലാളെ കൂട്ടി വേണ്ടേ പുതിയ സംബന്ധത്തിന് പോകാൻ. അപ്പോഴാണ്, തമിഴ്നാട്ടിലെ ഡി.എം.കെയുടെ കൊടി കണ്ടത്. ഉടനെ ചാടിപ്പിടിക്കാൻ നോക്കി. പക്ഷേ, അവിടത്തെ മുഖ്യൻ എം.കെ. സ്റ്റാലിൻ കണ്ണുരുട്ടി. പിണറായി സഖാവ് പാര വച്ചതാണത്രെ! പിന്നെ, ഏക അത്താണി സി.പി.എമ്മിനെ കടപുഴക്കി ബംഗാൾ അടക്കിവാഴുന്ന സാക്ഷാൽ മമതാജിയുടെ തൃണമൂൽ കോൺഗ്രസ്. നേരേ വണ്ടി കയറി കൊൽക്കത്തയ്ക്ക്. അവിടെ ദീദിയെ കാണാൻ പറ്റിയില്ലെങ്കിലും, പാർട്ടിയിലെ ചില സിൽബന്തികളെ കണ്ട് ചങ്ങാത്തം ഉറപ്പിച്ചു. പാർട്ടിയുടെ കേരള ഘടകം ഏമാനായി തിരിച്ചു വരവ്. പക്ഷേ, തൊമ്മൻ അയഞ്ഞപ്പോൾ ചാണ്ടി മുറുകി. അൻവറിനെ തൃണമൂലായി യു.ഡി.എഫിൽ എടുക്കാൻ പറ്റില്ലെന്ന് കോൺഗ്രസ്. ദീദിയുടെ ഇടയ്ക്കിടെയുള്ള മോദി ചങ്ങാത്തം തന്നെ കാരണം. അതിനിടെ അതാ പൊട്ടിവീഴുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ് നിശ്ചയിച്ച സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അനുകൂലിക്കില്ലെന്ന അൻവറിന്റെ നിലപാട് തള്ളി കോൺഗ്രസ്. പിന്നെ, അൻവറിന്റെ തള്ളോട് തള്ള്. താൻ സ്ഥാനാർത്ഥിയായാൽ മുഖ്യമന്ത്രി മമതാ ബാനർജിയും, പാർട്ടി മന്ത്രിമാരും, എം.പിമാരും കൂട്ടത്തോടെ തനിക്ക് വോട്ട് പിടിക്കാൻ നിലമ്പൂരിലെത്തുമെന്നത് അതിലൊന്ന്. പിണറായി വിജയനും വി.ഡി.സതീശനും ഇരു വശത്തായി നിന്ന് തന്റെ കഴുത്തിൽ കത്രികപ്പൂട്ടിട്ടെന്നാണ് അൻവറിന്റെ വിലാപം. അനങ്ങാൻ വയ്യ. സതീശൻ തന്നെ വസ്ത്രാക്ഷേപം ചെയ്തെന്നും. സതീശന്റെ ലക്ഷ്യം പിണറായിസത്തെയാണോ, അതോ തന്നെയാണോ തകർക്കലെന്നാണ് അൻവറിന്റെ ചോദ്യം. ഇക്കരെ നിന്ന് അക്കരപച്ച തേടിപ്പോയ മറ്റെയാൾ (അൻവർ) ഒടുവിൽ കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടെന്ന് പിണറായി സഖാവിന്റെ ഒളിയമ്പ്. കറിവേപ്പില എല്ലാ കറികൾക്കും രുചി കൂട്ടുമെന്ന് അൻവർ. ഏത് കറിക്കാണ് രുചി കൂട്ടുകയെന്ന് അറിയാൻ കാത്തിരിക്കാം!
'അത് അതിമോഹമാണ് മോനേ, ദിനേശാ" എന്നാണ് ഒത്തുതീർപ്പിന്റെ ഭാഗമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റ രണ്ട് സീറ്റ് ആവശ്യപ്പെട്ട അൻവറിനോട് പാർട്ടി നേതാക്കളുടെ മറുപടി. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാൻ ആ സീറ്റും, പുറമെ കോൺഗ്രസിന്റെ ഒരു സിറ്റിംഗ് സീറ്റും നൽകണം. അവിടെ തന്റെ പാർട്ടിയിലെ മറ്റൊരാളെ നിറുത്തി ജയിപ്പിക്കാം. ബേപ്പൂരിൽ താൻ തോറ്റു പോയാൽ മറ്റേ സീറ്റിൽ ജയിച്ചയാളെ രാജിവയ്പ്പിച്ച ശേഷം താൻ അവിടെ മത്സരിച്ച് ജയിച്ച് വരാം. നിലമ്പൂരിലെ തന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസിന് നൽകുകയല്ലേ എന്നാണ് അൻവറിന്റെ ചോദ്യം. ആ അതിബുദ്ധി നാലായി മടക്കി പോക്കറ്റിലിടാനാണ് വി.ഡി. സതീശന്റെ ഉപദേശം. നിലമ്പൂരിൽ സി.പി.എമ്മിന്റെ സർജിക്കൽ സ്ട്രൈക്ക്. നീണ്ട പത്തൊമ്പത് വർഷത്തിനുശേഷം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ഒരു കിടിലൻ സ്ഥാനാർത്ഥി. പാർട്ടിയുടെ യുവ സിംഹവും നിലമ്പൂരുകാരനുമായ എം.സ്വരാജ്. ജന്മനാട്ടിൽ ആര്യാടൻ ഷൗക്കത്തിനെ പോലെ സ്വരാജിന്റെയും കാടിളക്കിയുള്ള പ്രചാരണം തുടങ്ങി. അതോടെ, ആദ്യം കളത്തിലിറങ്ങാൻ മടിച്ചു നിന്ന ബി.ജെ.പിയും ഒരു മുൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുകാരനെ പടച്ചട്ടയണിയിച്ച് കളത്തിലിറക്കി. ആരായിരിക്കും നിലമ്പൂരാൻ .ഫലം വരുമ്പോൾ അറിയാം
ശശി തരൂരിനെക്കൊണ്ട് പൊറുതി മുട്ടിയ നിലയിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് എം.പിയും പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗവുമായ തരൂർ ഇന്ത്യയ്ക്കകത്ത് വച്ച് നടത്തുന്ന മോദി സ്തുതി തന്നെ അതിരുവിടുന്നു. മോദി സ്തുതി വിദേശ രാജ്യങ്ങളിൽ പോലും ആവർത്തിച്ചാലോ? പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘങ്ങളിൽ ഒന്നിന്റെ തലവനാവാനുള്ള മോദി സർക്കാരാന്റെ ക്ഷണം തരൂർ സ്വീകരിച്ചത് തന്നെ സ്വന്തം പാർട്ടിയുടെ അനുമതി തേടാതെ. അതിർത്തി കടന്നുള്ള ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് മോദി സർക്കാരിനെ ശശി തരൂർ അഭിനന്ദിച്ചത് പനാമയിൽ ചെന്ന്. ബി.ജെ.പി വക്താവിനെ പോലെ തരൂർ സംസാരിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിമർശനം. ഇതിനെ കുറിച്ചൊന്നും മറുപടി പറയാൻ തനിക്ക് സമയമില്ലെന്ന് തരൂരും. തല മറന്ന് എണ്ണ തേയ്ക്കുന്ന തരൂരിന്റെ ലക്ഷ്യമെന്തെന്നാണ് പാർട്ടിയുടെ സംശയം. എന്നാൽ, രാജ്യത്തിന് വേണ്ടി സംസാരിക്കാൻ തരൂരിന് വിലക്കുണ്ടോ എന്നാണ് ബി.ജെ.പി നേതാക്കളുടെ ചോദ്യം. ഇന്ത്യയുടെ പാർലമെന്റ് അംഗങ്ങൾ വിദേശത്ത് പോയി ഇന്ത്യയ്ക്കും, പ്രധാനമന്ത്രിക്കുമെതിരെ സംസാരിക്കണം എന്നാണ് കോൺഗ്രസ് പറയുന്നതെന്നും. വളയം വിട്ടുള്ള തരൂരിന്റ ചാട്ടം ഏത് വരെ പോകുമെന്നാണ് രാഹുൽ ഗാന്ധിയുടെയും മറ്റും നോട്ടം.
പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കർ എത്തിയശേഷം രാജ്ഭവനും പിണറായി സർക്കാരും തമ്മിൽ നിലനിന്ന മധുവിധു കാലം തീരുന്നോ? പിണറായി സഖാവിന്റെ എൺപതാം പിറന്നാളിന് വരെ ക്ളിഫ് ഹൗസിലെത്തി ഉപഹാരം സമർപ്പിച്ച ആർലേക്കറുമായി നല്ല സൗഹൃദത്തിലായിരുന്നു മുഖ്യമന്ത്രിയും സർക്കാരും. അണ്ടിയോട് അടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിപ്പറിയൂ. ഗവർണർ രാജ്ഭവനിൽ ആർ.എസ്.എസ്. സൈദ്ധാന്തികൻ ഗുരുമൂർത്തിയെ വരുത്തി പ്രഭാഷണം നടത്തിച്ചത് ഉചിതമായില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. അത് ആർ.എസ്.എസുകാർ സംഘടിപ്പിക്കുന്ന പരിപാടി പോലെയായി. ഗവർണർ അങ്ങനെയാകാൻ പാടില്ലായിരുന്നു. നിയമസഭ പാസാക്കി അയച്ച സർവകലാശാല ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ തടഞ്ഞു വച്ചാൽ, അപ്പോൾ നോക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സർവകലാശാലകളിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുകയും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുന്ന ബിൽ ഗവർണർ ഒപ്പിടുമോ എന്ന് കണ്ടറിയണം.
നുറുങ്ങ്:
□അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ പൊതുശല്യമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്നും.
■ തിരഞ്ഞെടുപ്പിന് പകരം രാജ്യസഭയിലേത് പോലെ നാമ നിർദ്ദേശമാക്കിയാലോ?
ഷിറ്റ്!
( വിദുരരുടെ ഫോൺ: 994610 8221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |