തിരുവനന്തപുരം: തനിക്കെതിരെ യു.എ.ഇ കോടതിയിൽ ചെക്ക് തർക്കവുമായി ബന്ധപ്പെട്ട് വ്യാജ പരാതി നൽകിയ തൃശൂർ സ്വദേശിയായ വ്യാവസായി നാസിൽ അബ്‌ദുള്ളക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കൃത്രിമ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി നാസിൽ അബ്ദുള്ളയ്ക്കെതിരെ ഉടൻ തന്നെ പരാതി നൽകും. നാസിലിന് തന്റെ പേരിലുള്ള ചെക്ക് കൈമാറിയ വ്യക്തിയെ മനസിലായെന്നും കേസ് കൊടുക്കുന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും നാടുകടത്തലും ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും, ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തുഷാർ വ്യക്തമാക്കി. യു.എ.ഇയിലെ നിയമം അനുസരിച്ച് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾ തനിക്കെതിരെ ചെയ്‌തിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച പരാതി കോടതിയിൽ ഫയൽ ചെയ്യും. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുഷാർ വെള്ളാപ്പള്ളിക്കെതിരെ നാസിൻ അബ്ദുള്ള നൽകിയ ചെക്ക് കേസ് യു.എ.ഇയിലെ അജ്മാൻ കോടതി തള്ളിയിരുന്നു. നാസിൻ സമർപ്പിച്ച രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കേസ് തള്ളിയത്. 18 ദിവസത്തോളം നൽകിയിട്ടും പരാതി തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ പരാതിക്കാരന് സമർപ്പിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |