ചാട്ടുളി പോലത്തെ വരികളും പരുക്കൻ ശബ്ദവുമായി കേരളത്തിലെ കൗമാരക്കാരിലേക്കും യുവാക്കളിലേക്കും കുറഞ്ഞകാലം കൊണ്ട് പടർന്നുകയറിയ ഗായകനാണ് വേടൻ എന്ന ഹിരൺദാസ് മുരളി. വേടന്റെ റാപ്പ് സംഗീത വേദികൾ യുവജന സാഗരമായിരുന്നു. 31 വയസു മാത്രമുള്ള ഈ ചെറുപ്പക്കാരന്റെ ജനാകർഷണ മാസ്മരികത അത്ഭുതകരമാണ്. എങ്കിലും മുതിർന്നവരിൽ അദ്ദേഹത്തെ കേട്ടിട്ടുള്ളവർ തീരെക്കുറവായിരുന്നു എന്നതാണ് കൗതുകം. ഇന്നിപ്പോൾ വേടനെ അറിയാത്തവരാരെങ്കിലും കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ പൊലീസിനും വനം വകുപ്പിനുമാണ് അതിന്റെ ക്രെഡിറ്റ്.
വേടനെയും എട്ടു സുഹൃത്തുക്കളെയും ഏപ്രിൽ 28-ന് വൈറ്റിലയിലെ ഒരു ഫ്ളാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവുമായി പൊലീസ് റെയ്ഡ് ചെയ്ത് പിടിക്കുകയും സ്റ്റേഷൻ ജാമ്യം കിട്ടിയപ്പോൾ വനംവകുപ്പുകാർ ഓടിയെത്തി മാലയിലെ പുലിപ്പല്ല് ലോക്കറ്റിന്റെ പേരിൽ കേസെടുത്ത് അകത്താക്കുകയും ചെയ്തതിനെയും തുടർന്ന് ആരംഭിച്ച വാക്പോര് എല്ലാ സീമകളും വിട്ട് ജാതിയും വർഗവും വർണവും കടന്ന് വ്യക്തിഹത്യയിലേക്കു വരെ എത്തി. തത്കാലം വിവാദത്തിലെ തീ അണഞ്ഞെങ്കിലും അടിത്തട്ടിൽ ഇന്നും കനലായി ആ വിഷയം എരിയുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ അതിന്റെ അനുരണനങ്ങൾ ഇപ്പോഴും സജീവമാണ്.
തൃശൂർ നഗരമദ്ധ്യത്തിലെ ദളിതരും ദരിദ്രരുമായവർ വസിക്കുന്ന സ്വപ്നഭൂമി കോളനിയുടെ സന്തതിയാണ് വേടൻ. അഭയാർത്ഥിയായി എത്തിയ ശ്രീലങ്കക്കാരിയുടെ മകൻ. ബാല്യത്തിലേ ജീവിതത്തിന്റെ കറുത്ത യാഥാർത്ഥ്യങ്ങളെ, തിരസ്കരണങ്ങളെ, ജാതി വിവേചനങ്ങളെ, ദാരിദ്ര്യത്തെ നേരിട്ട് വളർന്നവനാണ്. അതിന്റെ ശക്തിയും ദൗർബല്യങ്ങളും ആ യുവാവിനുണ്ട്. വേടനെന്ന പരിഹാസപ്പേരു പോലും തന്റെ കലാവ്യക്തിത്വത്തിനു നൽകാൻ കാരണം ഈ പശ്ചാത്തലമാണെന്ന് അയാൾ പറയുമ്പോൾ അതിനു പിന്നിലെ മുറിവിന്റെ വേദന മനസിലാക്കാവുന്നതേയുള്ളൂ.
സെലിബ്രിറ്റികൾ വിവാദത്തിൽപ്പെടുന്നത് പുതുമയേയല്ല. വേടനെന്നല്ല, ആര് കേസുകളിൽ പ്രതിയായാലും നിയമനടപടികൾ നേരിടണം. കേരളത്തിലെ യുവത്വത്തെ ആൺപെൺ വ്യത്യാസമില്ലാതെ ഭീതിദമാം വിധം മദ്യവും മയക്കുമരുന്നും കാർന്നുതിന്നുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കുടുംബങ്ങൾ ചെറുപ്പക്കാരായ മക്കളുടെ സുരക്ഷയോർത്ത് ആശങ്കപ്പെട്ടാണ് ജീവിക്കുന്നതെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. തലമുറകളെ ഇല്ലാതാക്കാൻ കെല്പുള്ള മാരക മയക്കുമരുന്നുകളുടെ കെണികളൊരുക്കി കാത്തിരിക്കുന്ന മാഫിയകളുടെ പിടിയിലകപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയോർത്ത് സ്വസ്ഥജീവിതം നഷ്ടപ്പെട്ട, ജീവിതപ്രതീക്ഷകൾ അറ്റുപോയ എത്രയോ കുടുംബങ്ങൾ നമുക്കിടയിലുണ്ട്. വേടനെപ്പോലെ യുവാക്കളെ സ്വാധീനിക്കാൻ കഴിവുള്ള കലാകാരന്മാരാണ് അവരെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലോകത്തേക്ക് പോകാതെ കാക്കാനും, അതിൽ പെട്ടുപോയവരെ വിമോചിപ്പിക്കാനും ശ്രമിക്കേണ്ടത്. തന്റെ വേദികളിൽ മയക്കുമരുന്നിനെതിരെ സംസാരിക്കാറുള്ള വേടൻ സ്വയം ഇത്തരം കേസിൽ ഉൾപ്പെട്ടത് സങ്കടകരമാണ്.
മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിപ്പെട്ട് ജീവിതവും പ്രതിഭയും നശിച്ചുപോയ പ്രശസ്തരും പ്രഗത്ഭരുമായ അനവധി പേർ നമ്മുടെ മുന്നിലുണ്ട്. അതിലൊരാളായി മാറേണ്ടയാളല്ല ഹിരൺദാസ് മുരളി. ജാതിയും ജീവിതപശ്ചാത്തലവും പറഞ്ഞ് ആക്ഷേപിച്ച് കഴിവുള്ളവനെ തളച്ചിടാനാവില്ലെന്നു തെളിയിച്ച് തന്റെ പിൻഗാമികൾക്ക് വഴി കാട്ടേണ്ടയാളാണ്. തെറ്റു സംഭവിച്ചുവെന്ന് തുറന്നു പറയാനുള്ള മാന്യത കാണിച്ച വേടൻ നമ്മുടെ കാപട്യം നിറഞ്ഞ സിനിമാ - കലാലോകത്തിന് മാതൃകയായി. കേസുകളിൽ പ്രതികളായാലും ആരോപണങ്ങൾ നേരിടുമ്പോഴും ഒളിഞ്ഞിരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്നവരാണ് ഇവരിൽ ഏതാണ്ടെല്ലാവരും. ചങ്കൂറ്റത്തോടെ മുന്നിൽ വന്ന് തന്റെ തെറ്റ് ഏറ്റു പറഞ്ഞ് അത് തിരുത്തുമെന്നും ആരാധകരായ അനുജന്മാർ ഇക്കാര്യത്തിൽ തന്റെ തെറ്റ് പിന്തുടരരുതെന്നും പറഞ്ഞ വേടൻ ചെയ്തതാണ് അന്തസ്. ഈ സത്യസന്ധതയാണ് നമ്മുടെ കലാകാരന്മാർക്ക് വേണ്ടത്. ചില്ലുകൂട്ടിലെ മൺവിഗ്രഹങ്ങളല്ല തങ്ങളെന്ന് തെളിയിക്കാനുള്ള ധൈര്യം അവർ കാണിക്കണം.
മാലയിലെ പുലിപ്പല്ലിന്റെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി ജാമ്യമില്ലാ കേസിൽ അറസ്റ്റ് ചെയ്തതും വേടന്റെ അമ്മയുടെ ലങ്കൻ ബന്ധവും മറ്റും പരാമർശിച്ച് മാദ്ധ്യമങ്ങളോട് അവർ സംസാരിച്ചതും അനുചിതമാണ്. സംസ്ഥാന സർക്കാരിനെയും ഈ ശുഷ്കാന്തി പ്രതിരോധത്തിലാക്കി. സർക്കാർ വാർഷിക പരിപാടികളിൽ നിന്ന് വേടനെ ആദ്യം ഒഴിവാക്കി. പിന്നെ പങ്കെടുപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടിവന്നു. അമ്മ ലങ്കക്കാരിയായത് ഒരു കുറവല്ല. അവരെപ്പോലെ അഭയാർത്ഥിയായി എത്തി ഇന്ത്യക്കാരായി തമിഴ്നാട്ടിലും കേരളത്തിലും താമസമാക്കിയ ആയിരങ്ങളുണ്ട്. വേടന്റെ പിതാവ് മലയാളിയാണ്. പുലിപ്പല്ലിന്റെ പേരിൽ പ്രശസ്തനായ വേടനെപ്പോലുള്ള ഒരാൾ ഒളിവിൽ പോകുമെന്നും സംശയിക്കേണ്ടതില്ല. പുലിപ്പല്ലാണെന്ന് പരിശോധിച്ച് ഉറപ്പാക്കി വിളിച്ചുവരുത്തി അറസ്റ്റ് ഉൾപ്പടെ നടപടികളിലേക്ക് കടക്കാമായിരുന്നു.
പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങളോട് ഇങ്ങനെയൊക്കെ പെരുമാറിയാൽ മതി എന്ന് പ്രബുദ്ധ കേരളത്തിലെ സർക്കാർ സംവിധാനങ്ങളും സമൂഹവും വിചാരിക്കുന്നുണ്ടെങ്കിൽ അത് ഇനിയും വച്ചുപൊറുപ്പിക്കരുത്. വീട്ടുടമയുടെ മാലമോഷണപ്പരാതിയിൽ കഴിഞ്ഞ ദിവസം പേരൂർക്കട പൊലീസ് പട്ടികജാതിക്കാരിയും വീട്ടുജോലിക്കാരിയുമായ നിരപരാധിയായ ബിന്ദുവിനെ നിയമങ്ങൾ ലംഘിച്ച് കൈകാര്യം ചെയ്തു. ഏതാനും ദിവസത്തിനു ശേഷം മണ്ണാർക്കാട്ട് പിക്കപ്പ് വാനിനു മുന്നിൽ വീണതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആദിവാസി യുവാവ് ഷിബുവിനെ ഡ്രൈവറും ക്ളീനറും ചേർന്ന് ബന്ധനസ്ഥനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മൃഗീയമായി മർദ്ദിച്ചു. രണ്ടു സംഭവങ്ങളും നമ്മുടെ മനസുലച്ചതാണ്. ഈ മനോഭാവം തന്നെയാണ് ഒരു കൂട്ടം മലയാളികൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വേടനെതിരെയും കാണിക്കുന്നത്.
അംബേദ്കറുടെ രാഷ്ട്രീയമാണ് താൻ പിന്തുടരുന്നതെന്ന് വേടൻ വ്യക്തമാക്കിയിട്ടുണ്ട്. ഗായകന്റെ വരികളിൽ തങ്ങൾക്കിഷ്ടമില്ലാത്തതൊക്കെയുണ്ടാകാം. അതിനെ വിമർശിക്കാം. പ്രശസ്തരും അപ്രശസ്തരുമായ പല സാഹിത്യകാരന്മാരും എഴുതിയിട്ടുള്ളതിൽ കൂടുതലൊന്നും വേടനും പറഞ്ഞിട്ടില്ല. അതിലെ അക്ഷരങ്ങളുടെ തീക്ഷ്ണതയും ചൂടുമാണ് പലരുടെയും പ്രശ്നം. ജാതിയുടെയും നിറത്തിന്റെയും കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് അതിന്റെ പേരിൽ ആക്ഷേപിക്കാൻ ശ്രമിക്കുന്നത് മാന്യതയല്ല. ആ സമൂഹത്തിനുള്ളിൽ അരക്ഷിതാവസ്ഥയും അവിശ്വാസവും വളർത്താൻ മാത്രമേ അത് ഉപകരിക്കൂ.
ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ആരാധകരെ തെല്ലുപോലും അലട്ടുന്നില്ലെന്നതാണ് ആശ്വാസകരവും പുതുതലമുറയിൽ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതും. ജാതി, മത, വർണ, വർഗ വ്യത്യാസമൊന്നുമില്ലാതെയാണ് ഇവർ വേദികളിലേക്ക് ഒഴുകിയെത്തി വേടനെ കേൾക്കുന്നതും ആഘോഷിക്കുന്നതും. ഇത്തരം ചിന്തകളുടെ ഭാരമൊന്നും പുതുതലമുറയ്ക്കില്ല. അവരുടെ ലോകം വിശാലമാണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച കേരളം പുതുതലമുറയുടെ കാഴ്ചപ്പാടുകളിലൂടെയെങ്കിലും ആ അപമാനം ഒഴിവാക്കട്ടെ. വിവേചനങ്ങളും വിദ്വേഷവുമില്ലാത്ത ലോകത്ത് അവർ അഭിരമിക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |