SignIn
Kerala Kaumudi Online
Saturday, 26 July 2025 10.11 AM IST

ഭക്ഷ്യദഭ്രതയിൽ സ്വന്തം ജനപക്ഷ മാതൃക

Increase Font Size Decrease Font Size Print Page
a

ഒരു ക്ഷേമ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത. 'വിശക്കുന്നവനു മുന്നിൽ ഈശ്വരൻ പോലും അന്നത്തിന്റെ രൂപത്തിലേ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കൂ" എന്നു പറഞ്ഞത് ഗാന്ധിജിയാണ്. സ്വാതന്ത്യലബ്ദ്ധി കഴിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വിശപ്പിന്റെ വിളി രാജ്യത്തിന്റെ പലഭാഗത്തും നാം കേൾക്കുന്നു. എന്നാൽ,​ വിശപ്പില്ലാത്ത ഒരു കേരളം യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു. സാമൂഹ്യനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച ഇടതു സർക്കാരിന്റെ രാഷ്ട്രീയ,​ ഭരണ നയങ്ങളാണ് മറ്റ് ഒട്ടനേകം മികവുകൾക്കൊപ്പം ഇതും സാദ്ധ്യമാക്കിയത്.


ഈ സർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ ജനാഭിലാഷത്തിനൊത്ത് പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. സാർവത്രികമായ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനായി 5,33,218 പുതിയ കാർഡുകളാണ് ഈ സർക്കാരിന്റെ കാലയളവിൽ വിതണം ചെയ്തത്. തെരുവിൽ കഴിയുന്നവർ, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ,​ കെട്ടിട ഉടമസ്ഥർ വാടകച്ചീട്ട് നൽകാൻ വിസമ്മതിക്കുന്നവർ എന്നിവർക്കെല്ലാം ആധാർ കാർഡിന്റെ മാത്രം അടിസ്ഥാനത്തിൽ റേഷൻകാർഡ് നൽകി. അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ കാർഡുകൾ കണ്ടെത്തുന്നതിനായി 'ഓപ്പറേഷൻ യെല്ലോ" ആവിഷ്‌കരിച്ച്,​ 17,596 കാർഡുകൾ പിടിച്ചെടുത്ത് അർഹമായ കൈകളിലെത്തിച്ചു. തദ്ദേശ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേർക്ക് റേഷൻകാർഡ് ഉണ്ടായിരുന്നില്ല. അവർക്കെല്ലാം പുതിയ കാർഡുകൾ അനുവദിച്ചു. ഇതിൽത്തന്നെ ഏറ്റവും അർഹരായവർക്ക് മഞ്ഞ കാർഡുകളും നൽകി.

റേഷനിലും

ഇ- സേവനം


വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളിലും ഇ- സേവനങ്ങൾ സാദ്ധ്യമാക്കി. മുഴുവൻ റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാനത്തു നിന്ന് റേഷൻ വാങ്ങാൻ സഹായകമായ റേഷൻ റൈറ്റ്സ് കാർഡ് (RRC) പദ്ധതി ആവിഷ്‌കരിച്ചു. എ.ടി.എം കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്തു. പൊതുവിതരണ രംഗത്തിന് പുതിയ ദിശാബോധം നൽകി കെ- സ്റ്റോർ പദ്ധതി ആവിഷ്‌കരിച്ച്,​ 1974 റേഷൻ കടകളെ കെ- സ്റ്റോറുകളാക്കി ഉയർത്തി. നടപ്പു വർഷം സംസ്ഥാനത്ത് 2500 കെ- സ്റ്രോറുകൾ സജ്ജമാകും.


വനമേഖലകൾ, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ദുർഘട പ്രദേശങ്ങൾ, ആദിവാസി നഗറുകൾ, ട്രൈബൽ സെറ്റിൽമെന്റുകൾ, ലേബർ സെറ്റിൽമെന്റുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് വാതിൽപ്പടിയായി റേഷൻ സാധനങ്ങൾ സൗജന്യമായി എത്തിക്കുന്ന 'സഞ്ചരിക്കുന്ന റേഷൻകടകൾ" ആവിഷ്‌കരിച്ചു ഘട്ടം ഘട്ടമായി പ്രസ്തുത പദ്ധതി വിപുലപ്പെടുത്തി. ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതിന് എല്ലാവർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കിക്കൊണ്ട് കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി 20/ രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന 50 സുഭിക്ഷാ ഹോട്ടലുകൾ പെതുവിതരണ വകുപ്പിന് കീഴിൽ ആരംഭിച്ചു.


റേഷൻകടയിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് അതത് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി സൗജന്യമായി റേഷൻ വീട്ടിൽ എത്തിച്ചുകൊടുക്കുന്ന 'ഒപ്പം" പദ്ധതി, ജലവിഭവ വകുപ്പുമായി സഹകരിച്ച് 'ഹില്ലി അക്വ" ബ്രാൻഡ് കുപ്പിവെള്ളം 10 രൂപ നിരക്കിൽ റേഷൻകടകളിൽ ലഭ്യമാക്കുന്ന 'സുജലം" എന്നിങ്ങനെ വകുപ്പ് വിജയകരമായി നടപ്പാക്കിയ പദ്ധതികൾ നീളുന്നു.

കേന്ദ്രത്തിന്റെ

വെട്ടും തട്ടും

ഈ നേട്ടങ്ങൾക്കിടയിലും കേന്ദ്രനയങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. നമുക്ക് ഉപഭോഗത്തിനായി ആവശ്യമായ അരി ഏകദേശം 43 ലക്ഷം മെട്രിക് ടണ്ണാണ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതോടെ കേന്ദ്രത്തിൽ നിന്ന് പ്രതിവർഷം ലഭിച്ചിരുന്ന 16.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ 14.25 ലക്ഷം മെട്രിക് ടണ്ണായി പരിമിതപ്പെട്ടു. കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യ വിഹിതം ഏകപക്ഷീയമായി വെട്ടിക്കുറച്ചതും, ടൈഡ് ഓവർ വിഹിതമായി ലഭ്യമാകുന്ന അരിവിഹിതം വർദ്ധിപ്പിക്കാത്തതും, സംസ്ഥാനത്തിനുള്ള മണ്ണെണ്ണ, ഗോതമ്പ് വിഹിതങ്ങൾ നിരന്തരം വെട്ടിക്കുറയ്ക്കുന്നതും പൊതുവിതരണ സംവിധാനം നേരിടുന്ന വെല്ലുവിളികളാണ്.


പഞ്ചസാര വിലയിൽ വലിയ വർദ്ധനയുണ്ടായതോടെ റേഷൻ കടകളിലൂടെ വിതരണം നിറുത്തിവയ്‌ക്കേണ്ട സാഹചര്യം സംജാതമായെങ്കിലും,​ സപ്ലൈകോയ്ക്ക് നഷ്ടം വരാത്ത വിധത്തിൽ വില ക്രമീകരണം ഏർപ്പെടുത്തി പഞ്ചസാര വിതരണം പുന:സ്ഥാപിക്കുവാനും കഴിഞ്ഞു. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് നെല്ല് സംഭരണം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സപ്ലൈകോ നടപ്പിലാക്കിവരുന്ന ഈ പദ്ധതിയിലൂടെ കർഷകരിൽ നിന്ന് ശരാശരി ആറ് ലക്ഷം മെട്രിക് ടൺ നെല്ല് പ്രതിവർഷം സംഭരിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയ്ക്കു പുറമെ കേരളം നൽകുന്ന പോത്സാഹന ബോണസ് കൂട്ടിച്ചേർന്ന് 28.20 രൂപയാണ് ഒരു കിലോ നെല്ലിന് കർഷകനു ലഭിക്കുക. ഇത് രാജ്യത്തെ മറ്റേതു സംസ്ഥാനത്തേതിനെക്കാൾ മികച്ച വിലയാണ്. ഏറ്റവും വേഗത്തിൽ കർഷകന് വില ലഭ്യമാക്കുന്നതിന് പി.ആർ.എസ് വായ്പാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പാലിക്കുന്ന

വാഗ്ദാനം


വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് മുന്നേറാൻ കഴിഞ്ഞതിൽ കേന്ദ്രസർക്കാർ പരിഗണിച്ച ഒരു ഘടകമാണ് മികച്ച പൊതു വിതരണ സമ്പ്രദായം. പൊതുവിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഹിക്കുന്ന പങ്ക് നിർണായകമാണ്. 2016 മേയ് മുതൽ, ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം അനുസരിച്ച് 2024 ഫെബ്രുവരി വരെ എട്ടുവർഷക്കാലം 13 ഇനം ആവശ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിക്കാതെ വിപണനം നടത്തി. അതിനുശേഷം യുക്തിസഹമായ പരിഷ്‌കരണം നടത്തി,​ പൊതുവിപണിയിൽ നിന്ന് 30- 35 ശതമാനം വിലക്കുറവിൽ അവശ്യവസ്തുക്കൾ നൽകി വരുന്നു.


ഈ സർക്കാരിന്റെ കാലയളവിൽ പുതിയതും നവീകരിച്ചതുമായ 105 സപ്ലൈകോ വില്പനശാലകൾ സംസ്ഥാനത്ത് ആരംഭിച്ചു. സപ്ലൈകോയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കി.

പ്രവത്തനങ്ങൾ കൂടുതൽ സുതാര്യവും വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമവും ആക്കുന്നതിനായി ERP (Enterprise Resource Planning) സംവിധാനം എല്ലാ വില്പപനശാലകളിലും നടപ്പിലാക്കുവാൻ കഴിഞ്ഞു. സെയിൽസ്, പർച്ചെയ്സ്, സ്റ്റോക്ക് പൊസിഷൻ എന്നിവ കേന്ദ്രീകൃതമായി മനസിലാക്കുവാനും ഓഡിറ്റ് സമയബന്ധിതമായി പൂർത്തീകരിക്കുവാനും ഈ സംവിധാനത്തിലൂടെ കഴിയും. പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പിന്റെ അറുപത്തിമൂന്നാം വാർഷികത്തോടും,​ സപ്ലൈകോയുടെ അമ്പതാം വാർഷികത്തോടും അനുബന്ധിച്ച് വകുപ്പിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

TAGS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.