ചാത്തന് കഞ്ഞി കുമ്പിളിൽ കൊടുത്താൽ മതിയെന്നത് ദുഷ്പ്രഭുക്കന്മാരുടെ ചിന്താഗതിയാണ്. ഇപ്പോഴും അത്തരം ചിന്താഗതി തുടരുന്ന വ്യക്തികൾ ഉണ്ടായേക്കാം. പക്ഷേ ഒരു സർക്കാർ അങ്ങനെ ചിന്തിക്കാനും പെരുമാറാനും പാടില്ല. എന്നാൽ കേന്ദ്ര സർക്കാർ, പ്രകൃതിദുരന്തമുണ്ടായപ്പോൾ കേരളത്തോടും മഹാരാഷ്ട്രയോടും വിദേശ പണം സ്വീകരിക്കുന്ന കാര്യത്തിൽ രണ്ടു നീതിയാണ് കാണിച്ചതെന്നല്ല, കേരളത്തോട് അനീതിയും മഹാരാഷ്ട്രയോട് നീതിയും കാട്ടിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരം രാഷ്ട്രീയ വിവേചനത്തോടുകൂടിയ പ്രവൃത്തികളാണ് ഫെഡലറിസത്തിന്റെ അടിവേര് മാന്തുന്നത്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴാണ് ഏതൊരു സ്ഥലത്തും ജാതി, മത, രാഷ്ട്രീയ ഭിന്നതകൾ മറന്ന് ജനങ്ങൾ ഒരുമിച്ചു നിൽക്കുന്നത്. കേരളത്തിലും അതു നാം കണ്ടതാണ്.
എന്നാൽ വിദേശ ഫണ്ട് നേരിട്ട് സംസ്ഥാനങ്ങൾ സ്വീകരിക്കാൻ നിയമമില്ലെന്ന ന്യായം പറഞ്ഞാണ് കേന്ദ്രം അതു നിഷേധിച്ചത്. മറ്റൊരു ന്യായം കൂടി പറഞ്ഞിരുന്നു. അങ്ങനെ വിദേശ ഫണ്ട് സ്വീകരിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നതായിരുന്നു അത്. പണക്കാർ മാത്രമല്ല, പാവപ്പെട്ടവർ പോലും അവരവരാൽ കഴിയുന്ന സഹായം ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാറുണ്ട്. അതിന്റെ പേരിൽ ഒരു രാജ്യത്തിന്റെയും പ്രതിച്ഛായ തകർന്നിട്ടുമില്ല. മാനാഭിമാനങ്ങൾ വെടിഞ്ഞ് ജനങ്ങൾ ഒന്നിച്ചു നിൽക്കുന്ന അത്തരം സന്ദർഭങ്ങളിൽ പ്രതിച്ഛായയ്ക്ക് യാതൊരു സ്ഥാനവുമില്ല. നമ്മൾ അധിവസിക്കുന്ന ഈ ഭൂമി ഒന്നാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ഇത്തരം പ്രതിസന്ധികളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിനുള്ള ഒരു വലിയ വ്യത്യാസം ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള നാടാണിത് എന്നതാണ്. യു.എ.ഇ എന്ന നാട് രൂപാന്തരപ്പെട്ട് ഇന്നത്തെ സമൃദ്ധിയിൽ എത്തിയതിനു പിന്നിൽ ഏറ്റവും വിയർപ്പൊഴുക്കിയിട്ടുള്ളവരാണ് മലയാളികൾ.
ആ കടപ്പാട് അവർ മറക്കാത്തതുകൊണ്ടാണ് 2018-ലെ പ്രളയദുരന്തത്തിന് സഹായമായി 700 കോടി രൂപ വാഗ്ദാനം ചെയ്തത്. അരലക്ഷം കോടിയോളം രുപയുടെ നാശനഷ്ടമാണ് അന്നുണ്ടായത്. അഞ്ഞൂറോളം പേർ മരണമടഞ്ഞു. 15 ലക്ഷം പേർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു. അത്തരമൊരു സന്ദർഭത്തിൽ സഹായിക്കാൻ തുനിഞ്ഞ വിദേശ രാജ്യത്തെ അനുവദിക്കാതിരുന്ന മനുഷ്യനിർമ്മിതമായ നിയമം മനുഷ്യത്വരഹിതമാണെന്നു തന്നെ പറയേണ്ടിവരും. എന്നാൽ കേന്ദ്രം വഴിതടഞ്ഞപ്പോൾ അതുപേക്ഷിക്കുക എന്നതല്ലാതെ കേരളത്തിന് മറ്റൊരു വഴിയുമില്ലായിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നാണ് അന്ന് കേരളം ധരിച്ചത്. എന്നാൽ അത് ശരിയല്ലെന്നും കേരളം അത്ര മിടുക്ക് കാട്ടേണ്ടെന്നും കേന്ദ്രത്തിന്റെ ചൊൽപ്പടിക്ക് നിന്നാൽ മതിയെന്നുമുള്ള ദുഷ്പ്രഭുക്കന്മാരുടെ ചിന്താഗതിയോടെയാണ് അത് തടഞ്ഞതെന്നും ഇന്ന് കേരളം തിരിച്ചറിയുന്നു.
അതിന് നിമിത്തമായത് മഹാരാഷ്ട്രയാണ്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി കൊടുത്തിരിക്കുകയാണ്. ഇത് വിവേചനപരമാണെന്ന് അന്ന് വിദേശസഹായം കേരളത്തിനു തടഞ്ഞതിന് കാർമികത്വം വഹിച്ചവർ ആരാണോ അവർ ഒഴികെ സാമാന്യബോധമുള്ള എല്ലാവർക്കും ബോദ്ധ്യപ്പെടും. ഇത് ഒരു അവസരമായാണ് കേരളം എടുക്കേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കും ഇത്തരം പ്രകൃതി ദുരന്ത സന്ദർഭങ്ങളിൽ വിദേശ സഹായം നേരിട്ട് സ്വീകരിക്കാൻ മഹാരാഷ്ട്ര മാതൃക ചൂണ്ടിക്കാട്ടി അപേക്ഷിക്കണം. അനുമതി നിഷേധിച്ചാൽ സമാനമായ ആവശ്യം ഉയർത്താൻ തയ്യാറാകുന്ന സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യണം. രാജ്യത്തെ ഒരു കോടതിയും ഇരട്ടനീതി അംഗീകരിക്കില്ല. അത് വിജയിച്ചാൽ 700 കോടി ഇനിയും സ്വീകരിക്കാവുന്നതേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |