തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എ.ഡി.ജി.പി എം.ആർ അജിത്കുമാറിൽ നിന്ന് മൊഴിയെടുത്തു. പൂരം മുടങ്ങിയ സമയത്ത് മന്ത്രി കെ.രാജൻ ഫോൺ വിളിച്ചപ്പോഴേക്കും താൻ ഉറങ്ങിയിരുന്നെന്നും പിറ്റേന്ന് രാവിലെയാണ് പ്രശ്നങ്ങൾ അറിഞ്ഞതെന്നും അജിത്കുമാർ മൊഴി നൽകിയെന്നാണ് സൂചന.
പൂരത്തിൽ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നതായി എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്. രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോൾ സംസാരിച്ചു. പൂരം തടസമില്ലാതെ നടക്കാനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു. എന്നാൽ, രാത്രി 12നു ശേഷം താൻ ഉറങ്ങിപ്പോയി. പിറ്റേന്നാണ് വിവരങ്ങൾ അറിഞ്ഞത്. തൃശൂർ പൂരം കലങ്ങിയതിൽ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാറിന് വീഴ്ച പറ്റിയെന്നാണ് ഡി.ജി.പിയുടെ പ്രാഥമിക റിപ്പോർട്ട്.
ക്രമസമാധാന പാലനത്തിൽ അജിത് കുമാർ ഗുരുതരവീഴ്ച വരുത്തിയതായി ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ് നേരത്തേ കണ്ടെത്തിയിരുന്നു. രേഖകളും ഇന്റലിജൻസ് റിപ്പോർട്ടുകളും പരിശോധിച്ചും മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തുമായിരുന്നു കണ്ടെത്തൽ. ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിരുന്നിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡി.ജി.പിയുടെ റിപ്പോർട്ട് കൈയിലിരിക്കെ വീണ്ടും ഇതേക്കുറിച്ച് ഡി.ജി.പിയെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു സർക്കാർ. ക്രമസമാധാനപാലനത്തിൽ വീഴ്ചവരുത്തിയെന്നും ഏകോപനച്ചുമതല വഹിച്ചില്ലെന്നതുമടക്കം അജിത്കുമാറിനെതിരായ ഡി.ജി.പിയുടെ കണ്ടെത്തലുകൾ ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. മന്ത്രിമാർ വിളിച്ചിട്ടും ഫോണെടുക്കാതിരുന്നതും പ്രശ്നമുണ്ടായെന്നറിഞ്ഞശേഷം ഓഫ്ചെയ്തതും ഉന്നത പൊലീസുദ്യോഗസ്ഥനെതിരേ നടപടിക്ക് മതിയായ കാരണങ്ങളാണെന്നാണ് അറിയുന്നത്.
പൊലീസ് മേധാവി: പട്ടികയ്ക്കെതിരേ പരാതികൾ
തിരുവനന്തപുരം: കേരളത്തിലെ അടുത്ത പൊലീസ് മേധാവിയാവാൻ പരിഗണിക്കേണ്ട ആറ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിലേക്കയച്ചതിന് പിന്നാലെ യു.പി.എസ്.സിയിൽ ഇവരെക്കുറിച്ച് പരാതിപ്രളയം. എല്ലാ ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള പരാതികൾ കമ്മിഷനിലെത്തിയെന്നാണ് അറിയുന്നത്. പൊലീസ് മേധാവിയാവാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരമാണ് പരാതികൾക്ക് പിന്നിലെന്നാണ് സൂചന. ഈമാസം 30നാണ് നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരാണ് പട്ടികയിലുള്ളത്.
മനോജ് എബ്രഹാമിന്
എതിരായ ഹർജി മാറ്റി
കൊച്ചി: പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള പാനലിൽ നിന്ന് മനോജ് എബ്രഹാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കുന്നതാണോയെന്ന് ഹൈക്കോടതി. ഇത് സർവീസ് വിഷയമല്ലേയെന്നും ഹർജിക്കാരനെ നേരിട്ട് ബാധിക്കുന്നതല്ലല്ലോ എന്നും ജസ്റ്റിസ് എൻ. നഗരേഷ് ചോദിച്ചു. നിയമനം നടന്നിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. തുടർന്ന് മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി 11ലേക്ക് മാറ്റി. മനോജ് എബ്രഹാം ഡി.ജി.പിയായാൽ പൊലീസ് സേനയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുമെന്നാണ് ഹർജിയിലെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |