ഭൂമി നേരിടുന്ന പ്രധാനപ്പെട്ട മൂന്ന് പ്രതിസന്ധികളായ കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിദ്ധ്യനാശം, പരിസ്ഥിതി മലിനീകരണം എന്നിവയെ കൂടുതൽ വഷളാക്കുന്നതാണ് പ്ലാസ്റ്റിക് മലിനീകരണം! ലോകത്ത് ഒരു വർഷം ഉത്പാദിപ്പിക്കപ്പെടുന്ന 430 ദശലക്ഷം ടൺ പ്ലാസ്റ്റിക്കിന്റെ മൂന്നിൽ രണ്ട് ഭാഗവും ഹ്രസ്വ ആയുസുള്ളവയും വളരെ വേഗം മാലിന്യമായി പരിണമിക്കുന്നതുമാണ്. ആഗോളതലത്തിൽ വർഷംതോറും ഉദ്ദേശം 11 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇതിനുപുറമെ, കാർഷികവൃത്തിക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ നിന്നും മാലിന്യ കൂമ്പാരങ്ങളിൽ നിന്നും മൈക്രോ പ്ലാസ്റ്റിക്കുകൾ (പ്ലാസ്റ്റിക് തരികൾ) മണ്ണിൽ അടിഞ്ഞുകൂടുന്നുമുണ്ട്.
സമുദ്ര പരിസ്ഥിതിയിൽ ഉൾപ്പെടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി ഒരു ആഗോള ഉടമ്പടി ലോകരാജ്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം. പ്ലാസ്റ്റിക് മലിനീകരണ ആഗോള ഉടമ്പടിയുടെ അഞ്ചാമത് കൂടിയലോചനാ യോഗത്തിന് (2024 നവംബർ) ആതിഥേയത്വം വഹിച്ചത് കൊറിയൻ റിപ്പബ്ലിക് ആയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം വരുന്ന ഓഗസ്റ്റ് 5 മുതൽ 14 വരെ ജനീവയിൽ നടക്കും.
'ലോക പരിസ്ഥിതി സംരക്ഷണത്തിനായി അന്താരാഷ്ട്ര പ്ലാസ്റ്റിക് ഉടമ്പടി രൂപീകരിക്കുന്ന നിർണ്ണായക നിമിഷം" എന്നാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തെ കൊറിയൻ റിപ്പബ്ലിക്കിലെ പരിസ്ഥിതി വകുപ്പ് മന്ത്രി ഹാൻ വാ ജിൻ വിശേഷിപ്പിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും, സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതിനുമായി, മാലിന്യത്തെ അയുടെ സ്രോതസിൽ വച്ചുതന്നെ നശീകരിക്കുന്നതിനും പുന:ചംക്രമണ രീതികൾ വികസിപ്പിക്കുന്നതിലും കൊറിയൻ റിപ്പബ്ലിക് നിർണായക സമീപനങ്ങളാണ് അവലംബിക്കുന്നത്.
കൊറിയൻ റിപ്പബ്ലിക്കിലെ ജെജു എന്ന പ്രദേശമാണ് ലോക പരിസ്ഥിതി ദിനാചരണത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2040- ഓടുകൂടി ഈ മേഖല പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് പൂർണമായി സ്വതന്ത്രമാക്കപ്പെടും എന്നൊരു കാഴ്ചപ്പാട് 2022-ൽ തന്നെ കൈക്കൊണ്ടിരുന്നു. ഗാർഹിക മാലിന്യത്തെ പ്രത്യേകം നിഷ്‌കർഷിച്ചിരിക്കുന്ന പുന:ചംക്രമണ കേന്ദ്രങ്ങളിൽത്തന്നെ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഒരേയൊരു പ്രദേശമാണ് ജെജു.
വ്യക്തിഗത
പങ്കാളിത്തം
ഒരോ പൗരന്റെയും നിർലോപമായ സഹകരണം ആവശ്യമുള്ള ഒരു പ്രമേയത്തിൽ അധിഷ്ഠിതമാണ് 2025-ലെ പരിസ്ഥിതി ദിനാചരണം.
വീടുകളിലും ഓഫീസുകളിലും പാർക്കുകളിലും ബീച്ചുകളിലും നദികളിലുമുള്ള പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയിൽ പങ്കാളികളാകാം.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സാമഗ്രികളോട് വിടപറയാം. പുനരുപയോഗ സാദ്ധ്യതയുള്ളവ ജീവിതശൈലിയുടെ ഭാഗമാക്കുക.
പ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച അവബോധനത്തിനായി സെമിനാറുകൾ സംഘടിപ്പിക്കുന്നതിലും സമൂഹമാദ്ധ്യമ പ്രചാരണത്തിനും നേതൃത്വം വഹിക്കുക,
ഏർപ്പെടുന്ന പ്രവർത്തനം ലോക പരിസ്ഥിതി ദിനത്തിനായുള്ള ഗ്ലോബൽ മാപ്പിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ മറ്റുള്ളവരിലും പ്രചോദനം ഉളവാക്കാം.
ചരക്കു കപ്പൽ
അപകടം
ഇക്കഴിഞ്ഞ മേയ് 24 ന് കൊച്ചി തുറമുഖത്തിന് 38 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിയ ചരക്കു കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ നൂറോളം എണ്ണം ആലപ്പുഴ, കൊല്ലം തീരങ്ങളിലും തിരുവനന്തപുരത്തെ കൊച്ചുവേളി വരെയും എത്തി. തേയില, തുണിത്തരങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പം പലതരം പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ മൈക്രോ പ്ലാസ്റ്റിക് വിഭാഗത്തിൽപ്പെടുന്ന പ്ലാസ്റ്റിക് തരികളും (പ്ലാസ്റ്റിക് പെല്ലറ്റുകൾ/ നർഡിൽസ്) തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ കണ്ടെത്തിയിരുന്നു. പക്കേജിംഗ് മെറ്റീരിയലുകൾ, വീട്ടുപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനാണ് ഇത്തരം പ്ലാസ്റ്റിക് പെല്ലറ്റുകൾ ഉപയോഗിക്കുന്നത്.
ലോകമെമ്പാടും, പ്രതിവർഷം ഏതാണ്ട് 2,30,000 ടൺ പ്ലാസ്റ്റിക് പെല്ലറ്റുകൾ കപ്പൽ അപകടങ്ങളിലൂടെയും അല്ലാതെയും സമുദ്രത്തിൽ എത്തുന്നുണ്ട്. വലിപ്പത്തിലെ സൂക്ഷ്മതയും, ഭാരക്കുറവിനാൽ സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന സ്വഭാവവും കാരണം ദീർഘദൂരം അവ എത്തിച്ചേരുകയും കടൽപ്പക്ഷികളും മത്സ്യങ്ങളും, മറ്റ് സമുദ്രജീവികളും അവയെ ഭക്ഷ്യവസ്തുവായി തെറ്റിദ്ധരിച്ച് ആഹരിക്കുകയും ചെയ്യും. സമുദ്ര ജീവജാലങ്ങളുടെ ആഹാര ശൃംഖലയുടെ മേൽത്തട്ടുകളിലേക്ക് ഈ പ്ലാസ്റ്റിക് തരികൾ എത്തിച്ചേരുന്നതിലൂടെ കാലക്രമേണ ഇത് ആവാസ വ്യവസ്ഥയുടെ മലിനീകരണത്തിനും ജൈവവൈവിധ്യ നാശത്തിനും വഴിതെളിക്കും.
പ്ലാസ്റ്റിക് പെല്ലറ്റുകൾ മൂലമുള്ള മലിനീകരണം ലഘൂകരിക്കുന്നത് കടൽത്തീരങ്ങൾ വൃത്തിയാക്കൽ ഫലപ്രദമായി നടത്താവുന്നതാണ്. ഇതിനായി ഫ്‌ളോട്ടിംഗ് ബൂമുകൾ, വലകൾ, അരിച്ചെടുക്കൽ ഉപകരണങ്ങൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ചരക്കു കപ്പൽ ദുരന്തങ്ങൾ മുന്നിൽക്കണ്ട്,കയറ്റുമതി സമയത്തെ മികച്ച പക്കേജിംഗ് രീതികളും പ്രതിരോധ മാർഗങ്ങളായി അവലംബിക്കാവുന്നതാണ്. . കടൽത്തീരത്ത് അസാധാരണമായി പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുരന്ത നിവാരണ അതോറിട്ടിയെയോ, കോസ്റ്റ് ഗാർഡിനെയോ, മലിനീകരണ നിയന്ത്രണ ബോർഡിനെയോ അറിയിക്കുക തന്നെ വേണം.
പ്ളാസ്റ്റിക്
ഉടമ്പടി
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രൂപീകൃതമായേക്കാവുന്ന ഐക്യരാഷ്ട്ര സഭയുടെ പ്ലാസ്റ്റിക് ഉടമ്പടിയിൽ ചരക്ക് ഗതാഗത ദുരന്തങ്ങളിലൂടെ സമുദ്ര പരിസ്ഥിതിക്ക് കടുത്ത വെല്ലുവിളിയാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഗൗരവപൂർവം ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. സമുദ്രങ്ങളിലെ ചരക്കു ഗതാഗത മാർഗങ്ങളിൽ കൃത്യമായ നയരൂപീകരണവും ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പ്ലാസ്റ്റിക് പെല്ലറ്റ് ചോർച്ചയുടെ പൂർണ ഉത്തരവാദിത്വം ഷിപ്പിംഗ് കമ്പനിയിൽ നിക്ഷിപ്തമാക്കുകയും അവരെ ശുചീകരണത്തിന് ബാദ്ധ്യസ്ഥരാക്കുകയും വേണമെന്നും വിദഗ്ദ്ധാഭിപ്രായമുണ്ട്.
പ്ലാസ്റ്റിക്ക് പോലെ നമ്മുടെ ദൈനംദിന ജീവിതവുമായി ഇഴുകിച്ചേർന്ന മറ്റൊരു വസ്തുവില്ല. ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ് കവറുകൾ, കളിപ്പാട്ടങ്ങൾ, ബക്കറ്റുകൾ, മഗ്ഗ്, ഫർണിച്ചറുകൾ, ആഹാരപദാർത്ഥങ്ങളുടെ പലതരം കണ്ടെയിനറുകൾ, പേനകൾ, ആരോഗ്യ, കാർഷിക വ്യവസായ രംഗത്തെ വിവിധതരം ഉപകരണങ്ങൾ, മരുന്നു കവറുകൾ, എന്നിങ്ങനെ ഏതു വ്യക്തിയുടെയും ജീവിതവുമായി പ്ളാസ്റ്റിക്കിന് അഭേദ്യ ബന്ധമാണുള്ളത്. വിവിധ തരം പരിസ്ഥിതി മലിനീകരണങ്ങളിൽ സർവസാധാരണവും ഏറ്റവും ആപത്കരവുമാണ് പ്ലാസ്റ്റിക് മലിനീകരണം. റീസൈക്ലിംഗിലൂടെ ഉപകാരപ്രദമായ മറ്റു സംവിധാനങ്ങൾക്കായി പ്ളാസ്റ്റിക്കിനെ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള നൂതന സങ്കേതിക വിദ്യകളും മേഖലകളും കണ്ടെത്തേണ്ടതായുണ്ട്. ഒപ്പം, ഒഴിവാക്കാവുന്ന സാഹചര്യങ്ങളിൽ ബദൽ വസ്തുക്കളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കപ്പെടണം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ ആയ ലേഖിക, സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ അവാർഡ് ജേതാവുമാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |