ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിറുത്തുന്ന ജൈവ സ്രോതസാണ് പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതിനാൽ പാരിസ്ഥിതിക ചൂഷണം ചെറുക്കേണ്ടത് ഓരോരുത്തരുടെയും ധാർമ്മിക ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സുസ്ഥിരതയും ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ വിഷയം കൂടിയാണ്.
നാട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഹാരത്തിനായി നമ്മൾ അവലംബിക്കുന്ന പ്രതിവിധികളും അവയുടെ പരിമിതികളും പരിശോധിച്ചാൽ ബോധപൂർവമുള്ള പരിസ്ഥിതി സംരക്ഷണമാണ് പ്രശ്നപരിഹാരത്തിന് ഏറ്റവും ഉത്തമമെന്ന് മനസിലാകും. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും നേരിടാൻ സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങൾ, അവയുടെ ഫലസിദ്ധിയിലെ കാലതാമസത്തിലേക്കും സമ്പൂർണതയിലേക്കും വിരൽ ചൂണ്ടുമ്പോൾ പരിസ്ഥിതിയിൽ പ്രശ്നം സൃഷ്ടിച്ചശേഷം പരിഹാരം തേടുന്നതിനേക്കാൾ, പരിസ്ഥിതിയെ സംരക്ഷിച്ച് നിലനിറുത്തുന്നതിൽ ശ്രദ്ധ വയ്ക്കുന്നതാണ് അഭികാമ്യമെന്ന് ബോദ്ധ്യമാകും.
പരിസ്ഥിതിയും
വികസനവും
ലോകത്ത് എല്ലായിടത്തുമെന്നതു പോലെ പരിസ്ഥിതിയും വികസനവും കേരളീയ സമൂഹത്തിനു മുന്നിലും സജീവ ചർച്ചയാണ്. ജനങ്ങളുടെ ജീവിതവുമായി പരിസ്ഥിതിക്കുള്ള ബന്ധത്തെ നിഷേധിക്കുന്ന നിലപാടല്ല ഈ സർക്കാരിനുള്ളത്. മനുഷ്യനെ പ്രകൃതിയുടെ ഭാഗമായി കാണുന്ന വികസന സമീപനമാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. പരിസ്ഥിതി ബഡ്ജറ്റ് അവതരിപ്പിച്ച സർക്കാരാണിത്. വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതങ്ങൾ വിലയിരുത്താനും നിരീക്ഷിക്കാനും അവ തിരുത്തുന്നതിന് ഇടപെടൽ നടത്താനുമുള്ള ആസൂത്രണ ഉപാധിയായി പരിസ്ഥിതി ബജറ്റ് മാറി. യുക്തിചിന്തയും ശാസ്ത്രബോധവും അടിസ്ഥാനമാക്കി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെ ഊട്ടിയുറപ്പിക്കുന്ന കാഴ്ചപ്പാടിന്റെ നിദർശനമാണിത്.
അതുകൊണ്ടുതന്നെ കേരളത്തിന്റെ പരിസ്ഥിതിയെ സുസ്ഥിരവും സമഗ്രവുമായി വീണ്ടെടുക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഒരു മിഷൻ തന്നെ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. 2016-ൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച 'ഹരിതകേരളം മിഷൻ" ജലസ്രോതസുകളുടെ സംരക്ഷണം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജൈവവൈവിദ്ധ്യ സംരക്ഷണം തുടങ്ങിയ സുപ്രധാന പാരിസ്ഥിതിക പ്രവർത്തനങ്ങൾ നിർവഹിച്ചു വരികയാണ്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കി ഇന്ത്യയ്ക്കാകെ മാതൃകയായി മാറിയ 'മാലിന്യമുക്തം നവകേരളം" ജനകീയ ക്യാമ്പയിൻ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ കേരളത്തിന്റെ വിജയമാണ്.
വലിച്ചെറിയൽ
സംസ്കാരം
ഈ വർഷത്തെ ലോക പരിസ്ഥിതിദിനത്തിന്റെ സന്ദേശം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. കാടും കടലും കരയും ഒരുപോലെ പ്ലാസ്റ്റിക് മലിനീകരണ ഭീഷണി നേരിടുന്ന അവസ്ഥയാണ് ഇന്ന്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന്റെ ഉത്പാദനവും ഉപയോഗവും അത്യാവശ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പ്ലാസ്റ്റിക്കിലേത് ഉൾപ്പെടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസബിൾ വസ്തുക്കൾ പൂർണമായും ഒഴിവാക്കണം. ഹരിത പെരുമാറ്റച്ചട്ടം ജീവിതശൈലിയാക്കി മാറ്റിവേണം പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തെ പ്രതിരോധിക്കാൻ.
ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പ്രധാനമാണ്. മഴക്കാലത്ത് പ്രളയവും, മഴ കഴിഞ്ഞാൽ വരൾച്ചയും അനുഭവപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. പുഴകളിലെയും നീർച്ചാലുകളിലെയും മാലിന്യങ്ങൾ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന 'ഇനി ഞാനൊഴുകട്ടെ" എന്ന ജനകീയ ക്യാമ്പയിൻ ഇതിനകം പ്രകടമായ ഗുണഫലങ്ങളാണ് സൃഷ്ടിച്ചത്.
രണ്ടുഘട്ടങ്ങളിലായി ആവർത്തിച്ചു വൃത്തിയാക്കിയ ഇടങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 92,429 കി.മീ. ദൂരം നീർച്ചാലുകൾ ശുചീകരിച്ച്, സുഗമമായ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. 412 കി.മീ. നീളത്തിൽ പുഴകൾ ശുചീകരിക്കുകയും 29,254 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 24,645 കുളങ്ങൾ നിർമ്മിച്ചു. 737 സ്ഥിരം തടയണകളും 76,123 താത്കാലിക തടയണകളും നിർമ്മിച്ചു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിംഗ് നടത്തി നീരൊഴുക്ക് വീണ്ടെടുക്കുന്ന, 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം" ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രത്യേക പരാമർശം അർഹിക്കുന്നതാണ്.
പച്ചത്തുരുത്ത്
പടരട്ടെ
ജൈവ വൈവിദ്ധ്യങ്ങളുടെ സംരക്ഷണവും പ്രകൃതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ സുപ്രധാനമാണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന തരിശുഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള 'പച്ചത്തുരുത്ത്" പദ്ധതി ഇതിൽ ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനുമുള്ള പ്രയോഗിക ഇടപെടലാണ് 'പച്ചത്തുരുത്ത്." കഴിഞ്ഞ ആറു വർഷക്കാലയളവിലായി 1173.49 ഏക്കർ വിസ്തൃതിയിൽ 3657 പച്ചത്തുരുത്തുകൾ ഇതുവരെയായി സംസ്ഥാനത്ത് വച്ചുപിടിപ്പിച്ചു. പൊതു സ്ഥലങ്ങളുൾപ്പെടെ തരിശുസ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിദ്ധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
അതിവേഗം നഗരവത്കരണം നടക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മരങ്ങൾ ഇല്ലാതാകുന്നത് ആശങ്കാജനകമാണ്. പ്രകൃതിക്കും സഹജീവികൾക്കും അനുഗുണമാകുംവിധം 'ഒരു തൈ നടാം" എന്ന പേരിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന് ഇന്ന് സംസ്ഥാനത്ത് തുടക്കമാവുകയാണ്. ഇന്ന് ആരംഭിച്ച് സെപ്തംബർ 30 ന് സമാപിക്കും വിധമാണ് ക്യാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന, സർക്കാർ ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ- രാഷ്ട്രീയ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും അണിനിരത്തി നിശ്ചിത സമയത്ത് ലക്ഷ്യം നേടാനുതകുംവിധം ഈ ക്യാമ്പയിനും വിജയിപ്പിക്കാൻ നമുക്ക് കഴിയണം. പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലി സ്വീകരിച്ച്, വരും തലമുറകൾക്കായി ഒരു നല്ല നാളെ കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |