2011 ഏപ്രിൽ രണ്ടിന് മുംബയ് വാങ്കഡേ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ലോകകപ്പ് ഫൈനലിൽ ധോണിയുടെ ഹെലികോപ്ടർ ഷോട്ട് ഗാലറിയിലേക്ക് പറന്നിറങ്ങിയപ്പോൾ കാണികൾ ആർത്തുവിളിച്ചത് സച്ചിൻ ടെൻഡുൽക്കർക്ക് വേണ്ടിയായിരുന്നു. 22 വർഷത്തെ കാത്തിരിപ്പിനു ശേഷം, താൻ കളിച്ച ആറാമത്തെ ലോകകപ്പിലാണ് സച്ചിന് കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. സമാനമായൊരു കാത്തിരിപ്പിന്റെ ശുഭപര്യവസാനത്തിനാണ് കഴിഞ്ഞരാത്രി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 2008-ൽ ലീഗ് തുടങ്ങിയതുമുതൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരു എന്ന ഒരൊറ്റ ക്ളബിനുവേണ്ടി മാത്രം കളിച്ചിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കൊഹ്‌ലിയുടെ ഐ.പി.എല്ലിലെ ആദ്യ കിരീടധാരണത്തിന്.
ഏകദിന ലോകകപ്പും ട്വന്റി-20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയുമൊക്കെ നേടിക്കഴിഞ്ഞ, ടെസ്റ്റിൽ നിന്നും അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്നും വിരമിച്ചുകഴിഞ്ഞ വിരാടിന് 18-ാമത്തെ സീസണിലാണ് ഐ.പി.എൽ കിരീടം പിടികൊടുത്തത്. ഓരോ സീസണിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കിരീടത്തിലെത്താൻ വിരാടിനും ആർ.സി.ബിക്കും കഴിഞ്ഞിരുന്നില്ല. എ.ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്‌ൽ തുടങ്ങിയ ലോകോത്തര താരങ്ങൾ വിരാടിനൊപ്പം അണിനിരന്ന സീസണുകളിലും ലക്ഷ്യം അകന്നുനിന്നു. ഇതിനുമുമ്പു കളിച്ച മൂന്ന് ഫൈനലുകളിലും അടിപതറിവീണു. എന്നിട്ടും 'ഈകൊല്ലം നമ്മൾ നേടു"മെന്ന മുദ്രാവാക്യം മാറ്റമില്ലാതെ ആർ.സി.ബി ആരാധകർ മുഴക്കിവന്നു. ആ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കുമാണ് അഹമ്മദാബാദിൽ വിജയപര്യവസാനമായത്. ഒരു ലക്ഷ്യത്തിലുറച്ച് അവസാനംവരെ പോരാടിയാൽ ഫലമുറപ്പെന്നതാണ് ആർ.സി.ബിയുടെ കിരീടനേട്ടം പറയുന്നത്.
ഈ സീസണിൽ തുടക്കംമുതൽ മികച്ച പ്രകടനമായിരുന്നു ആർ.സി.ബിയുടേത്. പ്രാഥമിക റൗണ്ടിൽ 14 മത്സരങ്ങളിൽ ഒൻപത് ജയവുമായി രണ്ടാമതെത്തി. പ്ളേഓഫിൽ പഞ്ചാബിനെ പത്ത് ഓവർകൊണ്ട് ചേസ്ചെയ്ത് കീഴടക്കി. ഫൈനലിൽ വീണ്ടും പഞ്ചാബിന്റെ വെല്ലുവിളി അവസാനിപ്പിച്ചു. ഈ സീസണിൽ നാലുമത്സരങ്ങളാണ് ആർ.സി.ബിയും പഞ്ചാബും തമ്മിൽ കളിച്ചത്. അതിൽ ആദ്യത്തേതിൽ മാത്രമാണ് ആർ.സി.ബി തോറ്റത്. ഒറ്റയാൾ പ്രകടനങ്ങൾക്കപ്പുറം ടീം വർക്കാണ് ആർ.സി.ബിയുടെ വിജയത്തിന് വഴിയൊരുക്കിയത്. വിരാടും ഫിൽ സാൾട്ടും നായകൻ രജത് പാട്ടീദാറും ജിതേഷ് ശർമ്മയും ക്രുനാൽ പാണ്ഡ്യയും ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും സുയാശ് ശർമ്മയുമൊക്കെ ഓരോ ഘട്ടത്തിലും ടീമിന് വിജയമൊരുക്കാനെത്തി. ഇതിൽ ഫൈനലിൽ മാൻ ഒഫ് ദ മാച്ചായ ക്രുനാലിന്റെ പ്രകടനം എടുത്തുപറയണം. നാലോവറിൽ 17 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയാണ് ക്രുനാൽ മാൻ ഒഫ് ദ മാച്ചായത്. രണ്ട് ഐ.പി.എൽ ഫൈനലുകളിൽ മാൻ ഒഫ് ദ മാച്ചാകുന്ന ആദ്യ താരമാണ് ക്രുനാൽ.
ആർ.സി.ബിയുടെ കാത്തിരിപ്പ് അവസാനിക്കുമ്പോൾ പഞ്ചാബ് കിംഗ്സിന്റെ കാത്തിരിപ്പ് തുടരുകയാണ്. വിരാടിന്റെ കിരീടനേട്ടം, തങ്ങൾക്കും ഒരുനാൾ വരും എന്ന ആത്മവിശ്വാസം പ്രീതി സിന്റയുടെ ടീമിന് നൽകുന്നുണ്ട്. നായകൻ ശ്രേയസ് അയ്യരുടെ മികച്ച പ്രകടനമായിരുന്നു പഞ്ചാബിന്റെ കരുത്ത്. വൈഭവ് സൂര്യവംശിയെന്ന 15കാരന്റെ സെഞ്ച്വറിയുൾപ്പടെ നിരവധി മികച്ച മുഹൂർത്തങ്ങൾക്ക് ഈ സീസൺ വേദിയായി. ഗുജറാത്തിന്റെ സായ് സുദർശൻ റൺവേട്ടയിലും പ്രസിദ്ധ്കൃഷ്ണ വിക്കറ്റ് വേട്ടയിലും ഒന്നാമന്മാരായി. റൺവേട്ടയിൽ രണ്ടാമതെത്തിയ സൂര്യകുമാർ യാദവാണ് പ്ളേയർ ഒഫ് ദ ടൂർണമെന്റായത്. സായ് സുദർശൻ മികച്ച യുവപ്രതിഭയായി. വിജയികൾക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേരുന്നു. ഇനിയും കിരീടം നേടാത്തവർക്ക് അടുത്ത സീസണുകളിൽ അവസരമുണ്ടാകട്ടെ. അതിർത്തിയിലെ ആക്രമണം ഉൾപ്പടെയുള്ള പ്രതികൂലസാഹചര്യങ്ങൾക്കിടെ നിറുത്തിവയ്ക്കേണ്ടിവന്നിട്ടും ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കാനായ ബി.സി.സി.ഐയുടെ സംഘാടനമികവിനും അഭിനന്ദനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |